Crime

ബ്രഹ്മമംഗലത്ത് ആസിഡ്‌ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ പിതാവും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ഭാര്യ സീന, മൂത്തമകൾ സൂര്യ എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇളയമകൾ സുവർണ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവർ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്.

അടുത്തിടെ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെൺകുട്ടികളും അടുത്തിടെ മാനസികചികിത്സ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

വിവാഹം നിശ്ചയിച്ചിരുന്നത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.സുകുമാരന്റെ മകൾ സുവര്‍ണയാണ് ഇന്നലെ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആലത്തൂരിലെ ഇരട്ട സഹോദരിമാരും(Twin Sisters) രണ്ടു ആണ്‍ സുഹൃത്തുക്കളും നാടുവിട്ടത് പ്രണയം(Love) വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്. പരസ്പരം ഇഷ്ടത്തിലായിരുന്നെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നെന്ന് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് പറഞ്ഞു. കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍.പി.എഫ് വ്യക്തമാക്കി.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും, സുഹൃത്തുക്കളായ 2 ആണ്‍കുട്ടികളെയും നവംബര്‍ മൂന്നാം തീയതിയാണ് വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു.

അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പൊള്ളാച്ചിയില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു.

കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍വച്ചുള്ള പോസ്റ്റര്‍ അടക്കം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു.

ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.

പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിക്ക് കുത്തേറ്റു. കോട്ടയം കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനൊടുവില്‍ കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ്‍സുഹൃത്തുക്കളുമാണ് മങ്ങാട്ടില്‍ ചോദിക്കാനെത്തിയത്.

കാറില്‍ മാരകായുധങ്ങളുമായാണ് ഇവര്‍ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാന്‍ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തില്‍പ്പെട്ടവര്‍ കുത്തിയത്. സംഭവത്തില്‍ കുറിച്ചി സ്വദേശികളായ ജിബിന്‍ സുബീഷ് കൃഷ്ണകുമാര്‍ എന്നിവരെ പൊലീസ് പിടികൂടി. പ്രതികള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു.

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നും കാണാതായഒൻപതാം ക്ളാസുകാരായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് ആലത്തൂരിൽ നിന്നും കാണാതായത്. നാല് പേരെയും റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.

ഇവർ കോയമ്പത്തൂരിൽ എത്തിയതായി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു..കുട്ടികൾ പാലക്കാട് നിന്നും ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവർ വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. നെടുവത്തൂർ നീലേശ്വരം പൂജപ്പുര വീട്ടിൽ എസ് രാജേന്ദ്രൻ (55), ഭാര്യ അനിത (45), മക്കളായ അഭിജിത് രാജ് (24), അമൃത രാജ് (20) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വീട്ടില്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയപ്പോള്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്‌നങ്ങളില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് കൊല്ലം റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

ടി20 ലോകകപ്പിലെ  നിര്‍ണായകമായ അഫ്ഗാനിസ്ഥാന്‍ – ന്യൂസിലന്‍ഡ് (Afghanistan vs New Zealand) മത്സരത്തിന്റെ പിച്ച്‌ തയ്യാറാക്കിയ ക്യൂറേറ്റർ മോഹന്‍ സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുൻപാണ് മോഹന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും ക്യൂറേറ്റർ ആത്മഹത്യ നടത്തിയതാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. അബുദാബിയിൽ ഇദ്ദേഹം ഒരുക്കിയ പിച്ചിൽ തന്നെയാണ് ടൂർണമെന്റിലെ പല മത്സരങ്ങളും നടന്നത്.

പഞ്ചാബിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർമാരുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. അബുദാബിയിൽ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ മോഹൻ സിംഗിന്റെ അകലമരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി അബുദാബി ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

മത്സരത്തിന് മുൻപ് മരിച്ചത് കാരണം മോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയാണ് അഫ്ഗാനിസ്ഥാൻ – ന്യൂസിലൻഡ് മത്സരം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ച് കൊണ്ട് ചടങ്ങുങ്ങൾ സംഘടിപ്പിക്കുമെന്നും അബുദാബി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

മോഹൻ സിംഗിന്റെ മരണത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) അവരുടെ അനുശോചനം അറിയിച്ചു. “ദൗർഭാഗ്യകരമായ സംഭവമാണ് ഇത്, ഈ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും, കുടുംബത്തിനും സുഹൃത്തുകൾക്കും അബുദാബി ക്രിക്കറ്റ് അസോസിയേഷനും എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.” – ഐസിസി വക്താവ് പറഞ്ഞു.

ദീപാവലി തലേന്നാള്‍ മദ്യപിച്ച് വിവസ്ത്രനായി പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ (Former MP) കേസ്. അണ്ണാ ഡിഎംകെ (AIADMK) നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അയല്‍വീട്ടിലെ ഗൃഹനാഥന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് എന്നാണ് കുനൂര്‍ നഗര്‍ പൊലീസ് (Police) പറയുന്നത്.

ദീപാവലിതലേന്ന് മദ്യലഹരിയില്‍ നൂല്‍ബന്ധം പോലും ഇല്ലാതെയാണ് മുന്‍ എംപി അയല്‍വാസിയുടെ വീട്ടില്‍ കയറി ചെന്നത്. തുടര്‍ന്ന ഇവിടെ ഇയാള്‍ ബഹളം വയ്ക്കുകയും മറ്റും ചെയ്തു. ഇതോടെ ഓടിക്കൂടിയ നാട്ടുകാരില്‍ പലരും ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. തുടര്‍ന്നും ഗോപാലകൃഷ്ണന്‍റെ പരാക്രമം തുടര്‍ന്നപ്പോള്‍ ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു എന്നാണ് വീഡിയോയില്‍ വ്യക്തമായത്.

പരിക്ക് പറ്റിയ മുന്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ആലത്തൂരിൽനിന്ന് കാണാതായ നാല് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ സഹപാഠികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങളാണ് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുന്നത്. പൊള്ളാച്ചിയിൽ ഇവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. ഇവർ പ്രത്യേക ലക്ഷ്യം വെച്ച് യാത്ര തിരിച്ചതല്ലെന്നും വെറുതെ കറങ്ങി നടക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയേറ ലിയോണില്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരിച്ചു. തലസ്ഥാനമായ ഫ്രീ ടൗണില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.

എണ്ണ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടിയിടിയില്‍ ടാങ്കറില്‍ നിന്ന് വലിയ രീതിയില്‍ എണ്ണ ചോരാന്‍ തുടങ്ങി. പരിസരവാസികള്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മരണസംഖ്യ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തേതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയിലൊക്കെ തകര്‍ന്ന ടാങ്കറിന് സമീപം മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നതായി കാണാം.

സംഭവത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്താൻ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ പാകിസ്താൻ തട്ടിക്കൊണ്ടുപോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാക് നാവികസേനാംഗങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

RECENT POSTS
Copyright © . All rights reserved