Crime

പ്രാങ്ക് വീഡിയോയുടെ പേരിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്ല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ സ്വദേശി ആകാശ് മോഹനാണ് അറസ്റ്റിലായത്. അശ്ലീല ചേഷ്ടകൾ കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.

വഴിയേ പോകുന്ന പെൺകുട്ടികളോട് അശ്ലീല സംഭാഷണവും ചേഷ്ടയും കാണിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എറണാകുളം കച്ചേരിപ്പടിയിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന ഇയാളെ സ്ത്രീകളെ ശല്ല്യം ചെയ്തതിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിൽ ഇയാൾ നേരത്തെയും ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് പബ്ലിഷ് ചെയ്തിട്ടുണ്ട്.

വീഡിയോ ചിത്രീകരിക്കാൻ ഇയാളെ സഹായിച്ച സുഹൃത്തുക്കൾ പോലീസിനെ കണ്ട് രക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ആകാശ് മോഹനെ ജാമ്യത്തിൽ വിട്ടു.

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യകേസ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.

ഇന്ന് കേസ് പരിഗണനയിൽ വരുമ്പോൾ കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും കോടതിയിൽ ഹാജരായേക്കും. ഇരുവരോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.

ബഷീറിന്റെ വിയോഗത്തിന് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നൽകിയിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

സിഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറിൽ അമിതവേഗത്തിലെത്തി മ്യൂസിയം പബ്ലിക്ക് ഓഫിസിന്റെ മുൻവശത്ത് പാർക്ക് ചെയ്ത ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത.് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ലോഡ്ജ് മുറിയിൽ മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലും കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു( 46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്തഫയെയാണ് മുറിവേറ്റ നിലയിൽ കണ്ടത്. കഴിഞ്ഞ 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ മുറിയെടുത്തത്.

രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാൽ വാതിൽ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉൾപ്പെടെ മുറിവുകളുണ്ടായിരുന്നു. മുറിയിൽ നിന്ന് വിഷം കണ്ടെടുത്തു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് വിനോദ് കോഴിക്കോട് പൊലീസിൽ പരാതി നൽകി.

ജൂലൈ 19 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ ഗാന്ധിപുരത്ത് ലോഡ്ജിൽ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ബാങ്കിൽ താൽക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ്. പൊലീസും ബന്ധുക്കളും ഇന്ന് കോയമ്പത്തൂരിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. മുസ്തഫയും വിവാഹിതനാണ്. കാക്കൂരിൽ വാടക വീട്ടിലാണ് താമസം. ബിന്ദുവിന് 12 വയസ്സായ മകനുമുണ്ട്.

നഴ്സുമാര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഇസ്രയേലില്‍ ലഭിക്കുന്ന ഏക ജോലി ആയമാരുടെതാണ്.ആയമാര്‍ക്ക് നല്‍കുന്ന വീസയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. വീസ അപേക്ഷ ലഭിച്ചതിന്റെ പ്രാഥമിക രേഖയില്‍ പേരും വിവരങ്ങളും തിരുത്തിയാണ് തട്ടിപ്പുസംഘം വിലസുന്നത്. വാഗ്ദാനങ്ങളില്‍ വീണു ലക്ഷങ്ങൾ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം പെരുകുന്നു.

ആയമാർക്ക് വിദ്യാഭ്യാസ യോഗ്യത കൃത്യമായി നിഷ്കര്‍ക്കുന്നുമില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. എറണാകുളം പുത്തന്‍കുരിശുകാരിയായ നീനയെ പറ്റിച്ചത് തിരുവനന്തപുരം സ്വദേശി നടേശന്‍ അനില്‍കുമാറും കണ്ണൂരുകാരി ജിന്‍സി ജോസഫും. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനില്‍ മൂന്നു തവണയായി ഏഴുലക്ഷം കൈപ്പറ്റി. വിസ അപേക്ഷ ലഭിച്ചു കഴിയുമ്പോള്‍ ഇസ്രയേല്‍ നല്‍കുന്ന മത്താഷെയെന്ന പ്രാഥമിക രേഖ മാത്രം നല്‍കി. അതും പേരു തിരുത്തിയുണ്ടാക്കിയതാണെന്ന് അറിയുന്നത് പിന്നീടാണ്. വിസയുടെ കാര്യത്തിലും അവധികള്‍ മാറ്റിപ്പറഞ്ഞതോടെ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം തിരിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്‍കിയില്ല. ഇതോടെ പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി.

എന്നാൽ യുവതി മറ്റൊരു ഏജന്‍സിവഴി ജോലി തരപ്പെടുത്തി ഇസ്രയേലിലെത്തി. സമാനമായ രീതിയില്‍ എഴുപതിലധികംപേര്‍ അനില്‍കുമാറിന്റെ തട്ടിപ്പിന് ഇരയായി. എല്ലാവര്‍ക്കും നാലുമുതല്‍ പതിനൊന്നുലക്ഷംവരെ നഷ്ടപ്പെട്ടു. ഇടുക്കിക്കാരായ രണ്ടുപേരു‍ടെ പരാതിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഇടപെടുകയും ലോക്സഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അനില്‍കുമാറിനെ ഇസ്രയേലില്‍ അറസ്റ്റ് ചെയ്തുവെന്ന് അയാളുടെ ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ പോലീസും കളിക്കുന്നു.

കോയമ്പത്തൂരിൽ മലയാളിസ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ദുര്‍ഗന്ധം വമിച്ചപ്പോളാണ് മുറി തുറന്നത്. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.

തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.

സ്ത്രീയെ നടുറോഡിൽ വെച്ച് മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്.

മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. അമൽരാജിനെതിരെ കാളിയാൻ പോലീസ് കേസെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.

രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അർജുൻ പൊലീസിനോട് പറ​ഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്. സംസ്‌കാരം നടത്തി.

കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

സന്യാസിയോട സ്വദേശിനിയാണ് ദേവിക. മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ രാഖിൽ കൈവശം വെച്ച തോക്ക് കൈമാറിയയാളെ കേരളാ പോലീസ് പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോഡി (21) ആണ് പോലീസ് പിടിയിലായത്. കേസിൽ നിർണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ്. ബിഹാറിൽ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാർ പോലീസിന്റേയും സ്‌പെഷ്യൽ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയതെന്നാണ് വിവരം.

ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും. രാഖിൽ ബിഹാറിൽ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയിൽ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ ഇയാളുടെ കൂട്ടാളികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബിഹാറിലെത്തിയ ശേഷം രാഖിൽ ഒരു ടാക്‌സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയതും തോക്ക് വാങ്ങിയതുമെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പത്തനംതിട്ട മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി.

അതേസമയം, ഇവർക്ക് അഞ്ച് കുട്ടികളുണ്ടെന്നും ഇനി ഒരു കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർ പ്രദേശത്ത് വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്കാണ് സംഭവം.

കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.

RECENT POSTS
Copyright © . All rights reserved