Crime

കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ കൊന്ന കേസില്‍ മൊഴിയെടുക്കാന്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്.

ഇതിനിടെ, ആര്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. നവജാതശിശുവിനെ കൊലപ്പെടുത്തിയ രേഷ്മയെ കുറ്റപ്പെടുത്തുന്നതാണ് കുറിപ്പെന്ന് പൊലീസ് പറയുന്നു. ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പമാണ് ആര്യ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് ഉൗഴായ്ക്കോട് പ്രദേശത്ത് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണത്തിലാണ് ഡിഎന്‍എ പരിശോധനയിലൂടെ രേഷ്മയെ പിടികൂടിയതും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും.

പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷേ മരിച്ച ആര്യയുടെ പേരിലുള്ള മൊബൈല്‍നമ്പര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.

സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ട‌ി. പിന്നീട് വീട്ടിലേക്കു തിരികെവന്നതുമില്ല. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറില്‍ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. കേസില്‍ നിര്‍ണായകമായ രണ്ടുപേരാണ് മരിച്ചത്.
രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം

ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തില്‍ പോലീസ് കൊലപാതക സാധ്യത തേടുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. കിടപ്പുമുറിയിലും ചേര്‍ന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്നാണ് കിരണിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്ന മൊഴിയും പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഇവയ്‌ക്കെല്ലാം പുറമെ, വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.

കൊല്ലം കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഊഴായിക്കോട് സ്വദേശികളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരാണ് മരിച്ചത്. ആര്യയുടെ മൃതദേഹം ഉച്ചക്ക് കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയുടെ മൃതദേഹം വൈകിട്ടോടെ കണ്ടെത്തി. ഇത്തിക്കരയാറിൽ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭർതൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.

പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ഗ്രീഷ്മയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തുടരുന്നു.

ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​െൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​െൻറ സഹോദരന്‍ അബ്​ദുറഹ്മാ​​െൻറ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വറി​െൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്​ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത്​ കുട്ടികളാണ്​ പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക്​​ പോയത്. പിന്നാലെ അബ്​ദുറഹ്മാ​നും പോയി. അബ്​ദുഹ്​മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ്​ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്​.

അബ്​ദുറഹിമാന്‍ ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്​ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.

സീനത്താണ് ഫാത്തിമ ഇഫ്റത്തി​െൻറ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ്​ സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ്​ സഹോദരങ്ങൾ. റസീനയാണ്​ ഫസ്മിയ ഷെറി​െൻറ മാതാവ്. സഹോദരങ്ങൾ: അസ്​ഹബ്​, അസ്​ലഹ്​, അസ്​നാഹ്​. പോസ്​റ്റ​ുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ്​ ഖബർസ്ഥാനില്‍ ഖബറടക്കും.

കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.

1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.

മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.

1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്.

മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്.

വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമല്‍. വിവാഹശേഷം അമല്‍ മര്‍ദ്ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.

അമല്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു ധന്യ തൂങ്ങിമരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു.

മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമല്‍ മര്‍ദ്ദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു. പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അമലിനെ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. സബ് ജയിലിൽ റിമാൻഡിലായിരുന്ന വിനീഷ് കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

മഞ്ചേരി ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞദിവസം രാത്രിയിലാണ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷ് ഛർദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതർ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

പോലീസ് പിടിയിലായ അന്നുമുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു.അതുകൊണ്ട് തന്നെ ഇയാൾക്ക് പ്രത്യേക കാവലാണ് നൽകിയിരുന്നത്. എന്നാൽ ജയിലിലെത്തിയ ഇയാൾ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളിൽ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ പേരിലാണ് നിയമവിദ്യാർത്ഥിനിയായിരുന്ന ദൃശ്യയെ പ്രതി വീട്ടിൽ കയറി കുത്തിക്കൊന്നത്. കൊലപാതകത്തിന് മുമ്പ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു. ഈ കേസിൽ വിനീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.

പരവൂർ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎൻഎ പരിശോധനയിലൂടെയാണ്. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.

ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ നിന്ന് ചെളി നീക്കുന്നതിനിടെ രണ്ട് കാറുകള്‍ കണ്ടെത്തി. കണ്ടെത്തിയ കാറുകളില്‍ ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലില്‍നിന്ന് കണ്ടെത്തിയത്.

നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ജനുവരി മുതലാണ് കാണാതായതെന്ന് സഹോദരന്‍ വ്യക്തമാക്കി. അന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന വാർത്ത പുറംലോകത്തെത്തിയിരിക്കുകയാണ്. തിരുവല്ല മേപ്രാലിലെ ശാരിമോൾ എന്ന യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമായിരുന്നെന്ന് കുടുംബം. ശാരിമോളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മാനസികമായി സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ രോപണം.

ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കുകയും വീട്ടിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്. 2021 മാർച്ച് 30ന് വിഷക്കായ കഴിച്ച് അവശനിലയിലായ ശാരിമോൾ 31ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തിരുവല്ല മേപ്രാൽ സ്വദേശിനി സിഎസ് ശാരിമോളുടെ ഒരു വർഷവും നാലുമാസവും നീണ്ട ദാമ്പത്യം ദുരന്തമായി അവസാനിച്ചത് പണത്തെ ചൊല്ലിയുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും ദുരാഗ്രഹത്തെ തുടർന്നാണ്. ബഹ്‌റൈൻ ഡിഫൻസ് ആശുപത്രിയിൽ നഴ്‌സായിരുന്നു 30 വയസുകാരിയായ ശാരിമോൾ. 2019 നവംബർ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോൾ ബഹ്‌റൈനിലേക്ക് ജോലിക്കായി പോയി.

2021 മാർച്ച് 30ന് ഭർത്താവിന്റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയിരുന്നു. വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനേയും പിതാവിനേയും മർദിച്ചതായും കുടുംബം പറയുന്നു. ഈ സംഘർഷത്തിന് പിന്നാലെയാണ് ശാരിമോൾ ഒതളങ്ങ കഴിച്ചത്. ചികിൽസയിലിരിക്കെ 31ന് മരിച്ചു.

ഭർത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവർ ആരോപിക്കുന്നു. സ്വർണം പണയം വച്ച് പണം എടുക്കാൻ ശാരിമോൾ തയാറായിട്ടും ഭർത്താവും വീട്ടുകാരും അതിന് തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കടംവാങ്ങിയാണ് വിവാഹം നടത്തിയത്. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു മകളുടെ സമ്പാദ്യം കവരാൻ ഭർത്താവും വീട്ടുകാരും ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്കടക്കം സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved