ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്.

മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്.

വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമല്‍. വിവാഹശേഷം അമല്‍ മര്‍ദ്ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.

അമല്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു ധന്യ തൂങ്ങിമരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു.

മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമല്‍ മര്‍ദ്ദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു. പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അമലിനെ അറസ്റ്റ് ചെയ്തത്.