പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.
തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.
സെൽഫി ഭ്രമം യുവാക്കളെ അപകടത്തിൽ എത്തിക്കുന്നതിന്‍റെ ഏറ്റവും പുതിയ വാർത്തയാണ് തമിഴ് നാടിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ട്രാക്ടറിൽ ഇരുന്ന് സെൽവിയെടുത്ത 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു. ചെന്നൈയിൽ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കെ. സജീവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിലായിരുന്നു അപകടം.
ട്രാക്ടറിലിരുന്നു മൊബൈൽ ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് യുവാവ് സെൽഫി പകർത്തി. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, 120 അടി ആഴമുള്ള ജലസേചനത്തിന് വെള്ളമെടുക്കുന്ന വലിയ കിണറ്റിൽ വീഴുകയായിരുന്നു.
35 അടി താഴ്ചയിലുള്ള വെള്ളത്തിൽ മുങ്ങിയാണ് യുവാവ് മരിച്ചത്. സംഭവം അറിഞ്ഞ കർഷകർ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. മകനെ വടികൊണ്ട് അടിച്ചും തലകുത്തനെ നിര്‍ത്തി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഇതുകൂടാതെ അടിയേറ്റ് നിലത്തുവീണ മകനെ നിലത്തിട്ടു തന്നെ ചവിട്ടി കൂട്ടുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, ക്രൂരത വീട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തള്ളിമാറ്റിയാണ് പിതാവ് അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ പിതാവ് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് ക്രൂരമര്‍ദനം ഏറ്റത്. തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് വീണ്ടും സുധീര്‍ മര്‍ദ്ദിക്കുന്നുണ്ട്.
ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് മൃഗീയപീഡനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തും.
മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവച്ച് കാൽനടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കൽ സന്തോഷ്-സിജില ദന്പതികളുടെ മകൾ മഗൽസ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറാട്ടുത്തറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ധനപാലന്റെയും ജലജയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു വീട്. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിച്ചിട്ടും കൊതിതീരുവോളം അവിടെ താമസിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതിനിടെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ താമസിക്കാനായി വീണ്ടും യാത്ര തിരിക്കുമ്പോള്‍ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം വെളിയം ആരൂര്‍ക്കോണം ‘അശ്വതി’യില്‍ ധനപാലനും(59), ഭാര്യ ജലജ ധനപാലനും(48) മരിച്ചത്. നാട്ടിലെ എന്ത് ആവശ്യത്തിനും താങ്ങായും തണലായും ഉണ്ടായിരുന്ന ധനപാലന്‍ വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്റു കൂടിയായിരുന്നു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ആന്ധ്ര പ്രസിഡന്റ് ആയിരുന്നു സ്വകാര്യ കമ്പനി ഉടമയായ ധനപാലന്‍. ലോക കേരള സഭയിലും അംഗമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു കുടുംബസമേതമായി താമസിച്ചുവന്ന ധനപാലന്‍, നാട്ടില്‍ പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ നില്‍ക്കാനായാണ് കഴിഞ്ഞ ദിവസം വന്നത്.
മകളുടെ പരീക്ഷ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം, ധനപാലനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുദിവസം താമസിച്ചു മടങ്ങി പോകുകയായിരുന്നു ഉദ്ദേശം. വിശാഖപട്ടണത്തു സ്ഥിരതാമസമാക്കിയ മറ്റു രണ്ടു മലയാളി കുടുംബങ്ങള്‍ക്കൊപ്പം രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ വന്നത്.
ധനപാലനും ജലജയും സഞ്ചരിച്ചിരുന്ന കാര്‍, മധുരയ്ക്ക് അടുത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്നിലും പിന്നിലുമായി ഒരുവശത്ത് ഇരുന്ന ധനപാലനും ഭാര്യയും തല്‍ക്ഷണം മരണപ്പെട്ടു. ഇവരുടെ മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി അശ്വതിയും പത്താം ക്ലാസ് വിദ്യാര്‍ഥി അനുഷും ഡ്രൈവറും അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടു.
ആന്ധ്രാ സര്‍ക്കാരിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ ഇരുവരുടെയും മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ പ്രളയകാലത്തും, പിന്നീട് കോവിഡ് മഹാമാരി ആദ്യമായി പടര്‍ന്നു പിടിച്ചപ്പോഴും നാടിന് സഹായവുമായി ധനപാലന്‍ രംഗത്തുവന്നിരുന്നു.
അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം.
ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ ഒരു മാധ്യമത്തോട് പറഞ്ഞു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.
”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.
എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം,’ രേഷ്മ പറഞ്ഞു.
അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി. ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.
നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പീഡനത്തിന് ഇരയായ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പുരുഷ നഴ്സ് ആണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്. ഒരു മാസം മുൻപാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്.
കോവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. തുടർന്ന് ഇവർ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്സായ 40കാരൻ സന്തോഷ് അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാൽ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.
ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സായ യുവതിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഇന്നലെ നടത്തിയ കടുത്ത സൈനികാക്രമണത്തില്‍ ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ തുടര്‍ വ്യോമാക്രമണങ്ങളില്‍ ഹമാസിന്റെ നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിലം പതിച്ചതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 14 കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 48 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. 86 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. മധ്യ ഗാസ നഗരത്തിലെ ബഹുനില മന്ദിരത്തിന്റെ ഭൂരിഭാഗവും നിരന്തര വ്യോമാക്രമണത്തില്‍ നിലംപതിച്ചു. കെട്ടിടം തകരുന്ന ദൃശ്യങ്ങള്‍ ഇസ്രായേലി ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തു. ആക്രമണത്തിന് മറുപടിയായി ഹമാസ് 130 റോക്കറ്റുകള്‍ ഇസ്രായേലിലേക്കു തൊടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലും ഖാന്‍ യൂനിസിലും നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ”സങ്കീര്‍ണവും ഈ തരത്തിലുള്ള ആദ്യത്തേതുമായ ഒരു പ്രവര്‍ത്തനം” നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷ്യം വച്ചവര്‍ ”ഹമാസ് ജനറല്‍ സ്റ്റാഫിന്റെ പ്രധാന ഭാഗമാണ്” എന്നും ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ തലവനുമായി അടുപ്പമുള്ളവരാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഗാസയില്‍ നൂറുകണക്കിനു വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. തങ്ങളുടെ ജെറ്റുകള്‍ നിരവധി ഹമാസ് രഹസ്യാന്വേഷണ നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അറിയിച്ചു. മറുപടിയായി ഹമാസും മറ്റ് പലസ്തീന്‍ സംഘടനകളും ഇസ്രായേലിലെ ടെല്‍ അവീവിലും ബീര്‍ഷെബയിലും നിരവധി റോക്കറ്റ് ആക്രമണം നടത്തി. ഇസ്രായേലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ജറുസലേമിലെ അല്‍ അക്‌സാ പള്ളിയില്‍ വച്ചാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്. തിങ്കളാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.
ഇസ്രായേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ടശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ”സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്,” ബൈഡന്‍ പറഞ്ഞു.
അതേസമയം, പാക്കിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗാസയ്ക്കും പലസ്തീനുമൊപ്പമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.