സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധിയ്‌ക്കെതിരെ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിൽ അപ്പീൽ നൽകും. മുതിർന്ന അഭിഭാഷകനായ രാമൻ പിള്ള മുഖേനയായിരിക്കും ക്രിസ്മസ് അവധിക്ക് ശേഷം പ്രതികൾ കോടതിയെ സമീപിക്കുക.
കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി പ്രസ്താവിച്ചത്.
കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്‌ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്‌ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വിലയ്‌ക്കെടുത്തില്ല.
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.
ജസ്ന തിരോധാനക്കേസില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.
കേസില്‍ വളരെയധികം പുരോഗതിയ സമയത്താണ് കോവിഡ് 19 വന്നത്, അത് അന്വേഷണത്തെ ബാധിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.
തച്ചങ്കരിയുടെ വാക്കുകള്‍ ഇങ്ങനെ;
‘ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയധികം പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ, ആ സമയത്താണ് കോവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായി.
ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജസ്‌ന പോയ വാഹനത്തെ കുറിച്ച് ധാരണയായിവന്നപ്പോഴാണ് മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ കോവിഡ് തടസ്സമായത്. സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യും. അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണ്. അതൊരു ലഹരി പോലെയാണ് സൈമണിന്. അത് തെളിയിക്കപ്പെടും. കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുണ്ട്’,
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.
പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.
അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.
അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.
അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.
മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.
നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.
രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.
രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.
പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.
ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.
സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.
ഡാമില്‍ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) മകള്‍ നസിയ ഷാരോണ്‍ (28) എന്നിവരാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം സംഭവിച്ചത്. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. കാഴ്ച കണ്ട് ഓടിയെത്തിയ ഹസൈനാരും നസിയയും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങി മരിച്ചത്.
ഒഴുക്കില്‍ പെട്ട കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്തി. ലളിത്പൂര്‍ താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണു നസിയ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്.
വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാര്‍. മകള്‍ക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുന്‍പാണു ആമസോണ്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എന്‍ജിനീയറായ ഷാരോണ്‍ ആണ് ഭര്‍ത്താവ്.
ഹസൈനാരും കുടുംബവും വര്‍ഷങ്ങളായി തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് താമസിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുളിമാത്ത് എത്തിക്കും. പുളിമാത്ത് ഗവ.എല്‍ പി.സ്‌കൂള്‍ സീനിയര്‍ അധ്യാപികയായ റാഫിയയാണ് ഹസൈനാരുടെ ഭാര്യ. നാദിയ മറ്റൊരു മകളാണ്. മരുമകന്‍: ഷാരോണ്‍.തുടര്‍ന്ന് വൈകിട്ടോടെ പുളിമാത്ത് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സിപിഎം യുവനേതാവിനെ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
പുലര്‍ച്ചെയാണ് ജിതൂഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണ കാരണം എന്താണെന്ന് വ്യക്തമായില്ല. എല്‍.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്.
അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.
പരിശീലനത്തിലൂടെ ശരീരഭാരം കുറച്ചത് വിവരിച്ചുകൊണ്ട് വിസ്മയ മോഹൻലാൽ പങ്കുവച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അസഭ്യവും അശ്ലീലതയും നിറഞ്ഞ കമന്റുകൾ. വിസ്മയ പോസ്റ്റിൽ തന്റെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ട്.
‘കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ’, ‘പൈസ കൂടിപ്പോയതിന്റെ അഹങ്കാരം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടും, വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. മോശം കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.
ആയോധനകലാ പരിശീലനത്തിലൂടെയായിരുന്നു വിസ്മയ 22 കിലോ ശരീരഭാരം കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനങ്ങള്‍ക്കായി ഇതിലും മികച്ച ഇടമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നും വിസ്മയ പറഞ്ഞിരുന്നു.
യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.
ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു.
അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.
ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.