സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.

പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.

അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.

അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.

മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.

നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.