Crime

അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത റിപ്പോർട്ടറെ ഒരു സംഘം ആളുകൾ ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്നാട് കുണ്ട്രത്തുറിലെ സോമഗംലത്താണ് ഞെട്ടിക്കുന്ന സംഭവം. തമിഴൻ ടിവി റിപ്പോര്‍ട്ടർ മോസസ് (26) കൊല്ലപ്പെട്ടത്. തന്‍റെ വീടിന് സമീപ പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമി ചിലർ ചേർന്ന് അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നത് മോസസ് ചോദ്യം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് നേരെ ആക്രമണം നടന്നത്.

തമിഴൻ ടിവിയുടെ ശ്രീപെരുമ്പദൂര്‍, കുണ്ട്രത്തുർ മേഖല റിപ്പോർട്ടറായിരുന്നു മോസസ്. ഇയാളുടെ പിതാവ് ജ്ഞാനരാജ് യേശുദാസനും മാധ്യമപ്രവർത്തകനാണ്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്നു മോസസ് ആരോ വിളിച്ചതനുസരിച്ചാണ് പുറത്തേക്കിറങ്ങിയത്. സുഹൃത്തുക്കളെ കാണാൻ പോയതാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.

പൊലീസ് പറയുന്നതനുസരിച്ച് വീട്ടിന് സമീപത്തേക്കുള്ള ഒരു തടാകപ്രദേശത്തേക്കാണ് മോസസ് പോയത്. എന്നാൽ വീട്ടിൽ നിന്ന് ഏതാനും ചുവട് വച്ചപ്പോഴേക്കും കുറച്ചാളുകള്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച യുവാവ് വീട്ടിലേക്ക് തിരികെയോടാൻ ശ്രമിച്ചെങ്കിൽ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. മോസസിന്‍റെ കരച്ചിൽ കേട്ട് പിതാവും അയൽക്കാരും ഓടിയെത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടു.

ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ചിപുരം ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്‍റ് ഡി.ഷൺമുഖപ്രിയയുടെ നേത‍ൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ തടാകത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ചില സാമൂഹിക വിരുദ്ധർ കയ്യേറ്റം നടത്തിയിരിക്കുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കൃത്രിമം നടത്തി ഈ ഭൂമി കച്ചവടം നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.

ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് ഈ പ്രദേശത്തെ ചില അനധികൃത നിർമ്മാണങ്ങൾ തകർക്കുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. പ്രദേശവാസികളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് മാധ്യമപ്രവർത്തകരായ മോസസും പിതാവുമാണെന്നാണ് അക്രമികൾ വിശ്വസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി നാലുകാരിയായ രഹ്ന, മക്കളായ ആദിത്യന്‍, (12) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിലാണ് സംഭവം

രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഒരു കുട്ടിയെ കണ്ടെത്തുമ്പോള്‍ അനക്കമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പോലീസ്. തങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എസ്പി ഓഫിസില്‍ ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എംസി കമറുദ്ദീന്‍ പിടിയിലായതോടെ തങ്ങള്‍ ഒളിവില്‍ പോയെന്നു പോലീസ് സ്ഥിരീകരിച്ചു.

കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറില്‍ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകര്‍ ആശങ്കയിലായത്. നിക്ഷേപം തിരികേ കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി എത്തിയത്.

തട്ടിപ്പ് കേസില്‍ ഇതുവരെ 117 കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത് തുടരുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാര്‍ പറഞ്ഞു.

പെൺസുഹൃത്തിനെ നഷ്ടമാകാതിരിക്കാൻ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ സഹോദരന് നാലര വർഷം ജയിൽശിക്ഷ. ഖവാജയുടെ മൂത്ത സഹോദരനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർസലാൻ താരിഖ് ഖവാജ. സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമാർ നിസാമുദ്ദീൻ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് അർസലാൻ പൊലീസിൽ അറിയിച്ചത്.

ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ അർസലാന്റെ സഹപ്രവർത്തകനായിരുന്നു കമർ നിസാമുദ്ദീൻ. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.

ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാലര വർഷത്തെ തടവിൽ ആദ്യ രണ്ട് വർഷം പരോൾ പോലും അർസലാന് ലഭിക്കുകയില്ല. പക്ഷേ ഉത്തരവിന് മുൻകാല പ്രാബല്യം കോടതി അനുവദിച്ചതോടെ അടുത്തവർഷം അർസലാന് പരോൾ ലഭിച്ചേക്കും.

ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

മിലിന്ദ് സോമന്‍ തന്റെ 55-ാം പിറന്നാള്‍ ദിനത്തിലാണ് ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. മുമ്പും നഗ്‌നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും ‘നമ്പര്‍’ മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം.

കഴിഞ്ഞ ദിവസമാണ് ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനം. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളര്‍ കേസ് വീണ്ടും ഊര്‍ജിതമാക്കും.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം സോളര്‍ കേസ് കുത്തിപ്പൊക്കാനൊരുങ്ങുന്ന പൊലീസ് ആദ്യം ഉന്നം വയ്ക്കുന്നത് മുന്‍ മന്ത്രി എ.പി. അനില്‍കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്തേക്കും. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്‍കി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.

എന്നാല്‍ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്. പീഡനം നടന്നെന്ന് പറയുന്ന മുറി അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് രേഖകള്‍ ലഭിച്ചില്ല. അത്തരം തെളിവുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ.

രണ്ട് മക്കളെയും കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി. നടരാജ നിത്യകുമാര്‍ എന്ന 41കാരനാണ് തന്റെ മകനെയും മകളെയും കൊന്നതായി പോലീസിനോട് സമ്മതിച്ചത്. താന്‍ വിഷാദത്തിലായിരുന്നുവെന്നും പ്രതി പറഞ്ഞു.

ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു രണ്ട് പിഞ്ചുമക്കളെ പിതാവ് കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കുത്തിക്കൊന്നത്.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താന്‍ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു.

അതേസയം, പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.

ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.

റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാപോലീസ് മെയിൽ അയച്ചിരിക്കുന്നത്. ഇഡിയുടെ റെയ്ഡിൽ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു പോലീസിന്റെ നടപടി.

പിന്നീട്, റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൂജപ്പുര സിഐ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിലിൽ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും അവരുടെ മൊഴി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ബിനീഷിന്റെ ഭാര്യാപിതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതിയും അയച്ചിട്ടുണ്ട്. തന്റെ മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും ആ പരാതിയിൽ പറയുന്നു. രാത്രിയോടെ വീട്ടിൽ നിന്നും തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്നും ്‌ദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് താരം അറിയിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്.

വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു.

ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ്ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കുറിപ്പ്. യുഎസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് കമന്റില്‍ പറയുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved