Crime

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെ അവരറിയാതെ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കുകയും തിരിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിക്കുന്നതുമൊക്കെ നിരവധി തവണ വാര്‍ത്തകളായിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മുഹമ്മദ് ഷരീഖ്, ഒനിബ ഖുറേഷി ദമ്പതികള്‍ ഇത്തരമൊരു ചതിയില്‍ കുടുങ്ങി ഖത്തറിലെ ജയിലില്‍ കഴിയുന്നതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബമെന്ന്പറയുന്നു.

2018-ല്‍ വിവാഹം കഴിഞ്ഞ ഷരീഖും ഒനിബയും തങ്ങളുടെ ഹണിമൂണിനായി ബാങ്കോക്കില്‍ പോയിരുന്നു. ഒരു ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷരീഖ്. ഒനിബ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസി. മാനേജരായും. 2019 ജൂലൈയിലാണ് ഇവരുടെ ജീവിതം ആകെ മാറിമറിയുന്ന സംഭവമുണ്ടാകുന്നത്. ഒരിക്കല്‍ കൂടി ഹണിമൂണിനു പോകാന്‍ ഷരീഖിന്റെ പിതാവിന്റെ സഹോദരി തബസും റിയാസ് ഖുറേഷി ദമ്പതികളെ നിര്‍ബന്ധിച്ചു. വിവാഹ സമ്മാനമായി അവര്‍ തന്നെ ട്രിപ്പ്‌ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തു. സ്‌നേഹത്തോടെയുള്ള ഈ നിര്‍ദേശം മനസില്ലാമനസോടെയെങ്കിലും ഇരുവരും സ്വീകരിച്ചു. എന്നാല്‍ ഖത്തറിലേക്ക് പോകേണ്ടതിന് രണ്ടു ദിവസം മുമ്പാണ് ഒനിബ ഗര്‍ഭിണിയായി എന്ന വിവരമറിയുന്നത്. ഇതോടെ യാത്ര പൂര്‍ണമായും വേണ്ടെന്ന് വയ്ക്കാനായിരുന്നു ഇവരുടെ ആലോചന. എന്നാല്‍ തബസുമിന് അതത്ര ഇഷ്ടപ്പെട്ടില്ല. ഇരുവര്‍ക്കും വേണ്ടി താന്‍ അതിനകം ധാരാളം പണം ഖത്തറില്‍ ചെലവഴിച്ചു കഴിഞ്ഞെന്നും ഇനി പോകാതിരുന്നാല്‍ തന്റെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു തബസും പറഞ്ഞത്.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

“ഒനിബയ്ക്ക് പോകണമെന്നില്ലായിരുന്നു. പക്ഷേ ഷരീഖിന്റെ അമ്മായി അവര്‍ക്കുള്ള വിവാഹ സമ്മാനമാണ് യാത്രയെന്നും പോകണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും പറഞ്ഞു അവളോട് പൊയ്‌ക്കൊള്ളാന്‍. അവളെ പോകാന്‍ അനുവദിക്കാതിരുന്നെങ്കില്‍…”, ഒനിബയുടെ അമ്മ പര്‍വീണ്‍ പറഞ്ഞു. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് അറിയാവുന്നതിനാല്‍ ഇരുവരുടേയും കുടുംബം കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒനീബയുടെ പിതാവ് ഷക്കീല്‍ അഹമ്മദ് ഖുറേഷി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തബസുമിനും അവരുടെ കൂട്ടാളിയായ കാരയ്ക്കും എതിരെ പരാതി നല്‍കി. ഖത്തറിലേക്ക് പോകാന്‍ തന്റെ മരുമകനെ തബസും വൈകാരികമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകളും അദ്ദേഹം കൈമാറി. തുടര്‍ന്ന് ഏറെ നാളെത്തെ നിരീക്ഷണത്തിനു ശേഷം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആറു പേരെ അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 14-ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കാരയെ പിടികൂടിയപ്പോള്‍ ഷരീഖിനേയും ഒനിബയേയും കുടുക്കിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഇരുവരെയും മോചിപ്പിക്കാന്‍ ഇപ്പോള്‍ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരത്തില്‍ നിരവധി പേരാണ് ചതിയില്‍ പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്നും കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യാതൊരു വിധത്തിലും സംശയം ജനിപ്പിക്കാത്തവരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നടത്തുന്നത് കൂടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ, ബംഗളുരു, പൂനെ തുടങ്ങിയ വിമാനത്താളവങ്ങളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ 27-കാരിയില്‍ നിന്ന് 23.35 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മൂന്ന് പുസ്തങ്ങളുടെ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും 13 ജോഡി വളകള്‍ക്കുള്ളിലും ലഗേജ് ബാഗിന്റെ കൈപ്പിടികള്‍ക്കുള്ളിലുമായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ചതിവില്‍ പെടുത്തി മയക്കുമരുന്ന് കടത്താന്‍ നോക്കിയ സംഭവമായിരുന്നു ഇതെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നവരെ കണ്ടെത്താനും അവര്‍ക്ക് ടിക്കറ്റ് അടക്കമുള്ളവ ഏര്‍പ്പാടാക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. തിരികെ വരുന്ന ഇവരെ സ്വര്‍ണം കടത്താനും ഉപയോഗപ്പെടുത്തും.

യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ബിജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബിജി പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തിടെ ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചിരുന്നു. അതേത്തുടര്‍ന്ന് ബിജി മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്ദ്ധനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ബിജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ചങ്ങനാശ്ശേരി വലിയകുളത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്ന് ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. ചങ്ങനാശേരി കുട്ടമ്പേരൂര്‍ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാര്‍ഥിയുമായ ജെറിന്‍ ജോണി (19), മലകുന്നം സ്വദേശി വര്‍ഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ജെറിന്‍ ജോണിയും, ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വര്‍ഗീസും മരണപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച ജെറിന്‍ ജോണിയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസിനെ(19) ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. തെങ്ങണ ഭാഗത്തുനിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ജിന്റോയും ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകളെ പീഡിപ്പിച്ച കാമുകന്റെ കുടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മൂന്നരയും, ഒമ്പതും വയസുള്ള മക്കളെ ഉപേക്ഷിച്ച് 28 വയസ്സുള്ള യുവതി ഒളിച്ചോടിയത്. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയല്‍വാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും നാട് വിട്ടത്.

തന്നെ അയൽവാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം മകൾ പറഞ്ഞു. എന്നാൽ ഇക്കാര്യം അച്ഛനോട് പറയരുതെന്നായിരുന്നു യുവതി മകളോട് ആവശ്യപ്പെട്ടത്. അച്ഛനോട് ഇക്കാര്യം പറഞ്ഞാല്‍ താന്‍ അയല്‍വാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അജ്ഞന കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരൂന്നു

അരുൺ ആനന്ദിന്റെ ഈ മുഖം കേരളം മറക്കാനിടയില്ല. രണ്ടുവർഷം മുൻപ് ഏഴുവയസുകാരൻ ആര്യനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയ കുറ്റവാളി. ഒപ്പം താമസിച്ചിരുന്ന കാമുകിയുടെ കുട്ടിയേയാണ് കൊലപ്പെടുത്തിയത്. അരുൺ ആനന്ദ് ജയിലിലാണ് . ഇതോടയാണ് ആര്യൻ അച്ഛൻ ബിജുവിൻെ മരണവും കൊലപാതകമാണോ എന്ന് സംശയിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി .

ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അജ്ഞന കുടിക്കാൻ പാൽ നൽകിയിരുന്നതായി ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തുന്നത്. കാമുകനായ അരുൺ ആനന്ദിന്റെ നിർദേശപ്രകാരം വിഷം പാലിൽ കലർത്തിയിരുന്നോ എന്നാണ് സംശയം. ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രാസപരിശോധന സാമ്പിൾ ലഭിക്കാൻ കാത്തിരിക്കെയാണ് ക്രൈംബ്രാഞ്ച്.

കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.

പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കണക്കാക്കിയാണ് കായംകുളം പെരങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെ കോവിഡ് പരിശോധനാഫലം ലഭ്യമായി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഏറ്റുവങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടതെന്ന് സഹോദരൻ അജയ് പറഞ്ഞു .

മൃതദേഹം മോശമായെന്ന് കണ്ടതിനെ തുടർന്ന് മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്നു മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു.

ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ സംബന്ധിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പൊലീസുകാരുടെ കൊടിയ മര്‍ദ്ദനമെന്ന് കസ്റ്റഡില്‍ മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസില്‍ ഷമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂരില്‍ നിന്ന് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘പൊലീസുകാര്‍ കൂട്ടംചേര്‍ന്ന ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി’. സുമയ്യ പറയുന്നു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാമെന്നും ഇനി മര്‍ദ്ദിക്കരുതേയെന്നും പൊലീസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.

താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

‘ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പൊലീസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു’. സുമയ്യ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ തനിക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങള്‍ തകര്‍ത്തതായി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എല്ലാവര്‍ക്ക് മുന്നിലും വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറി കിട്ടുന്നില്ല. പരിചയമുള്ള വ്യക്തിയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിയപ്പെടുത്തുക മാത്രമാണ് ചെയ്തത്.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. 100 മണിക്കൂറിലധികം ഇതുവരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും തനിക്ക് പങ്കില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസികൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും എം ശിവശങ്കര്‍ പറയുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് 600 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നു. ഈ യാത്രകൾ ആരോഗ്യത്തെ ബാധിച്ചു.

സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.

കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.

ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.

രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.

4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.

RECENT POSTS
Copyright © . All rights reserved