Crime

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.

ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ടൂറിസം ഓഫീസര്‍ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. നെല്ലോറെ ജില്ലയിലെ ടൂറിസ്റ്റ് ഓഫിസറായ ഭാസ്‌കറാണ് ഭിന്ന ശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്. മറ്റുള്ളവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീയെ അടിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി സംവിധായകന്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പതിനെട്ട് കാരിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി പരാതിയില്‍ പറയുന്നു. സഹ സംവിധായകനും ഇയാളുടെ കസിന്‍ സഹോദരനും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഗുജറാത്തിലാണ് സംഭവം. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. അരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ സഹ സംവിധായകന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

പിന്നീട് സഹ സംവിധായകനും അയാളുടെ കസിന്‍ സഹോദരനും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്‌ബോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ കൊണ്ടുവന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത്.

സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ സ്വദേശത്താണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് ദാരുണ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടസമയത്ത് കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. അതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

കൊല്ലം: ആത്മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ യുവാവ് മനസ്സുമാറി തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം.

അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്തവരിൽ നടത്തിയ പരിശോധനയിൽ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, യുവാവ് കൊവിഡ് ബാധിതനായിരുന്നെന്ന് അറിയാതെയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയും നടത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്പിൾ പരിശോധിച്ചത്.

ഈ പരിശോധനയിൽ 15 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കപ്പട്ടിക പൂർത്തിയാക്കിയ ശേഷം 100ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ഇതിൽ 80 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാറിൽ ഒരാളിൽ നിന്നും ഇത്രയധികം പേർക്ക് കൊവിഡ് വൈറസ് പകർന്നത് ആദ്യമായാണ്.

അതേസമയം യുവാവിന്റെ മരണം ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ മൃതദേഹം മറവുചെയ്തതുമാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതർ അറിയിച്ചത്. മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തിൽ എത്തിയത്. ദിവസങ്ങൾക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി പാട്‌നയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നും 50 പേർ മാത്രം പങ്കെടുക്കേണ്ട ചടങ്ങിൽ എങ്ങനെ നൂറിലധികം ആളുകൾ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം ചോദിച്ചു.

കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.

അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.

ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന്‌ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമ‍ജൻ പറഞ്ഞു. തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോയെന്നും താരം തമാശരൂപേണ മാധ്യമങ്ങളോടു ചോദിച്ചു.

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അററ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .

ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. റഫീഖ്, മുഹമ്മദ്‌ ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുംമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.

പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ടു പെൺകുട്ടികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാണക്കേട് ഭയന്നു പലരും മുന്നോട്ട് വരുന്നില്ല എന്ന് പൊലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved