Crime

കാരെറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പേടിക്കുളം സ്വദേശിയായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ റിട്ടയർമെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ച ശേഷം രാജേന്ദ്രൻ വീണ്ടും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ ശശികലയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹബന്ധം വേർപെടുത്തിയതിൽ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോർത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ആർ ആശ(32)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ബിആർ രമേശി(60)നെ പോലീസ് പിടികൂടി.

ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു രമേശ് വീട്ടിൽ വെച്ച് കൃത്യം നടത്തിയത്. മകൾ മരിച്ചെന്ന് വ്യാഴാഴ്ച രാവിലെയോടെ രമേശ് തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. വീട്ടിനുള്ളിൽ തെന്നിവീണാണ് ആശയുടെ മരണം എന്നായിരുന്നു രമേശിന്റെ മൊഴി.

എന്നാൽ യുവതിയുടെ ശരീരത്തിലെ പരിക്കുകൾ പോലീസിൽ ദുരൂഹതയുണർത്തി. തുടർന്ന് രമേശിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് മകളെ താൻ കൊലപ്പെടുത്തിയത് ആണെന്ന് ഇയാൾ സമ്മതിച്ചത്.

സംഭവ സമയത്ത് രമേശിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. ഇവർ സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് 2020-ൽ ആശ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് അടുത്തിടെ ഭർത്താവുമായി പിരിഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്തിയ ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇതോടെ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി വിവാഹമോചനത്തെ ചൊല്ലി അച്ഛനും മകളും വഴക്കിട്ടു. ഇതിനിടെ ആശയെ ആക്രമിച്ച രമേശ് മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിൽ ആയതിനാൽ തന്നെ ഇവരൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. മകളെ അടിച്ചുവീഴ്ത്തിയ ശേഷം രമേശ് ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ ആശയുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടതെന്നാണ് രമേശിന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

തൊടുപുഴയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് മൂത്ത മകനേയും എടുത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ സ്വദേശിനി ലിജി (38), മകൻ ലിൻ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ലിജി.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് മൂത്ത മകനെ എടുത്ത് ലിജി കിണറ്റിൽ ചാടുകയായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ ബന്ധുക്കൾ ലിജിയെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിമിരിയിൽ ദമ്പതികളെ കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓലകണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരെയാണ് വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച ദീപയ്ക്കും സന്തോഷിനും വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

മേപ്പാടിയിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നെടുങ്കരണയിൽ വെച്ചാണ് അപകടം നടന്നത്.

സുബൈറയും മകനും കടച്ചിക്കുന്നിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് ഓട്ടോയിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. ഓട്ടോ നെടുങ്കരണയിൽ എത്തിയപ്പോൾ സമീപത്തെ തേയില തോട്ടത്തിൽ നിന്നും കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് ആമീനും പരിക്കേറ്റു . ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മധുപാക്കം സ്വദേശി ഗണേഷ് (26) ആണ് അറസ്റ്റിലായത്. വില്ലുപുരം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ധരണി (23) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഗണേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ധരണിയും,ഗണേഷും പ്രണയത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ധരണി ഗണേഷുമായുള്ള പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ധരണിയെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കഴുത്തിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു.

മാരകമായി മുറിവേറ്റ ധരണിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ധരണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പുക്കടവിലെ അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകൻ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി വൈകിയിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചുംബനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ യുവതികളും പെണ്‍കുട്ടികളും. ബീഹാറിലാണ് സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഒളിച്ചിരുന്ന അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവം ദിനംപ്രതി ഉയരുകയാണ്.

നിരവധി പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

മാര്‍ച്ച് 10 നാണ് സംഭവം. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്.

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

 

ബന്ധു വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ച് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസൺ നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടൻ പറയുന്നത്. ഈ അടുത്തിടെയാണ് പൊന്നമ്പലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനായത്. മദ്യപിച്ച് വൃക്ക തകരാറിലാ‍യതല്ലെന്നും വിഷം ബാധിച്ചതാണെന്നും നടൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറിൽ എന്തോ വിഷം കലർത്തി നൽകി. ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതെ സ്ലോ പൊയിസൺ രസത്തിൽ കലർത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു.

എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒപ്പം ജോലി ചെയ്തവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ പൊന്നമ്പലം പറഞ്ഞു.

അടുത്തിടെ വൃക്കകളുടെ പ്രവർത്തനം നിലച്ച് പൊന്നമ്പലത്തെ അത്യാഹിത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മരണത്തിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്.

നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തീവ്രഹിന്ദുത്വ സംഘടനകളായ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നേതൃത്വത്തില്‍ ഘര്‍ വാപ്സി എന്നപേരില്‍ സംസ്ഥാന വ്യാപകമായി നിരവധി മതപരിവര്‍ത്തന ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ബാര്‍ഹെത് ബ്ലോക്കിലെ സിന്ദ്രി ഗ്രാമത്തില്‍ ജീല്‍പൂജയ്ക്കിടെയാണ് പുരുഷന്മാരും സ്ത്രീകളും എരിയുന്ന കനലിലൂടെ നടന്നത്. മാര്‍ച്ച് ആദ്യവാരം ഘര്‍ വാപ്സി എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ 60 സ്ത്രീകളടക്കം 100 പേരെ കനലിലൂടെ നഗ്‌നപാദരായി നടത്തിച്ച് മതംമാറ്റി. 70ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്. കൂടാതെ ഇത്തരം ചടങ്ങുകളില്‍ നൂറുകണക്കിന് ആദിവാസികളെയും ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നുണ്ട്.

ഗിരി വനവാസി കല്യാണ്‍ പരിഷത്ത് എന്ന സംഘടനയാണ് സാഹിബ്ഗഞ്ച് ജില്ലയില്‍ നടന്ന ക്യാമ്പിന്റെ സംഘാടകര്‍. സ്വയം ശുദ്ധീകരിക്കാനും സനാതന ധര്‍മം സ്വീകരിക്കാനുമാണ് കല്‍ക്കരി കത്തിച്ച് അതിലൂടെ നടന്നതെന്ന് ഗിരി വനവാസി കല്യാണ്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതള്‍ ബാബ പറഞ്ഞു.

അതേസമയം, വിഎച്ച്പിക്ക് ഇതുമായി ബന്ധമില്ലെന്ന് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഘപരിവാര്‍ അനുബന്ധ സംഘടനകള്‍ ധാരാളം ഘര്‍ വാപ്‌സി ക്യാമ്പ് നടത്താറുണ്ടെങ്കിലും അതിന്റെ സ്വഭാവം ഇങ്ങനെയല്ല എന്നാണ് ബന്‍സാല്‍ പ്രതികരിച്ചത്.

Copyright © . All rights reserved