ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്തവരിൽ നടത്തിയ പരിശോധനയിൽ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുവാവ് കൊവിഡ് ബാധിതനായിരുന്നെന്ന് അറിയാതെയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയും നടത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്പിൾ പരിശോധിച്ചത്.
ഈ പരിശോധനയിൽ 15 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കപ്പട്ടിക പൂർത്തിയാക്കിയ ശേഷം 100ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ഇതിൽ 80 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാറിൽ ഒരാളിൽ നിന്നും ഇത്രയധികം പേർക്ക് കൊവിഡ് വൈറസ് പകർന്നത് ആദ്യമായാണ്.
അതേസമയം യുവാവിന്റെ മരണം ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ മൃതദേഹം മറവുചെയ്തതുമാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതർ അറിയിച്ചത്. മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തിൽ എത്തിയത്. ദിവസങ്ങൾക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി പാട്‌നയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നും 50 പേർ മാത്രം പങ്കെടുക്കേണ്ട ചടങ്ങിൽ എങ്ങനെ നൂറിലധികം ആളുകൾ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം ചോദിച്ചു.
കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.
അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.
ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു
അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.
പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമജൻ പറഞ്ഞു. തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോയെന്നും താരം തമാശരൂപേണ മാധ്യമങ്ങളോടു ചോദിച്ചു.
തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അററ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .
ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. റഫീഖ്, മുഹമ്മദ് ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുംമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.
പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ടു പെൺകുട്ടികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാണക്കേട് ഭയന്നു പലരും മുന്നോട്ട് വരുന്നില്ല എന്ന് പൊലീസ് പറയുന്നു.
നടി ഷംന കാസിം ബ്ലാക്‌മെയിലിംഗ് കേസ് അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.
ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. അതേസമയം പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷംന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കമ്മിഷണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യപ്രദേശിൽ ഗോ സംരക്ഷക സേന ജില്ലാ നേതാവിനെ നടുറോഡിൽ വെടിവെച്ചു കൊന്നു. ഭോപ്പാലിൽ നിന്ന് 150 കിലോമീറ്റർ അകലെ പിപാരിയ ടൗണിൽ ശനിയാഴ്ചയാണ് സംഭവം.
വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്ന രവി വിശ്വകർമ (35)നെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. കൊലപാതകം ദൃശ്യങ്ങൾ ചിലർ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.
സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ആസൂത്രണം ചെയ്താണ് കൊലപാതകം നടന്നതെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
VHP’s Gau Raksha Pramukh Ravi Vishwakarma attacked with sharp-edged weapons and then shot dead by a group of ten people in Pipariya when he was returning from Hoshangabad with Bajrang Dal General Secretary in a car. VHP’s Prant Sah Mantri Gopal Soni told it was a planned murder. pic.twitter.com/PmE0jGMZ8q
— Karan Sharma (@IKaransharma27) June 27, 2020
തൂത്തുക്കുടിയില്‍ അതിക്രൂരമായ കസ്റ്റഡി പീഡനങ്ങള്‍ക്കൊടുവില്‍ മരിച്ച ജയരാജ്, ബെന്നിക്സ് എന്നിവരെ പരിശോധിച്ച് കോവൈപട്ടി സബ് ജയില്‍ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരുവര്‍ക്കും പീഡനമേറ്റതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയില്‍ നിന്നും സബ് ജയിലിലെത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.
ആശുപത്രി റെക്കോര്‍ഡുകളിലും ഇരുവര്‍ക്കും സാരമായ പരിക്കുകളേറ്റത് വിവരിക്കുന്നുണ്ട്. 58കാരനായ ജയരാജന്റെ ഗുദഭാഗത്ത് നിരവധി മുറിവുകളുണ്ടെന്ന് ഈ റെക്കോര്‍ഡ് വ്യക്തമാക്കുന്നു. 31കാരനായ ബെന്നിക്സിന്റെ ഗുദഭാഗത്തും മുറിവുകളുണ്ടെന്ന് റെക്കോര്‍ഡ് പറയുന്നുണ്ട്. ഇരുവരുടെയും ഗുദത്തില്‍ പൊലീസ് ലാത്തി കയറ്റിയാണ് പീഡിപ്പിച്ചത്. രണ്ടുപേരെയും മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമ്പോഴും ഗുദത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റ് ഡി സരവണന്‍ പക്ഷെ പൊലീസ് കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്.
കോവില്‍പട്ടി സബ് ജയിലിലെ അഡ്മിഷന്‍ റെക്കോര്‍ഡുകളിലും ഗുദത്തിലെ പരിക്കുകള്‍ സംബന്ധിച്ച് വിവരമുണ്ട്. കാലിലും കൈയിലും നീര് കെട്ടിയിരുന്നെന്നും റെക്കോര്‍ഡില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 19നാണ് തൂത്തുക്കുടിയിലെ സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനം അരങ്ങേറിയത്. എട്ട് പൊലീസുകാര്‍ ചേര്‍ന്ന് ജയരാജനെയും ബെന്നിക്സിനെയും പീഡിപ്പിക്കുകയായിരുന്നു. കാലിന്റെ ചിരട്ടകള്‍ തല്ലിത്തകര്‍ത്തു. ഗുദത്തിലേക്ക് ലാത്തികള്‍ കയറ്റി. ബെന്നിക്സിന്റെ നെഞ്ചിലെ രോമം മുഴുവന്‍ പറിച്ചെടുത്തു. ഈ സംഭവങ്ങള്‍ നടക്കുന്ന നേരമത്രയും സുഹൃത്തുക്കള്‍ക്ക് പൊലീസ് സ്റ്റേഷനു വെളിയില്‍ നിസ്സഹായരായി കാത്തു നില്‍ക്കേണ്ടി വന്നു. ആരില്‍ നിന്നും സഹായം കിട്ടില്ലെന്നതായിരുന്നു സ്ഥിതി.
സംഭവത്തിലുള്‍പ്പെട്ട പൊലീസുകാരെ രക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുകയാണ്. സസ്പെന്‍ഷനില്‍ കാര്യങ്ങളൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വകുപ്പുതല നടപടികള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ അവസാനിച്ചതോടെ അമൃതയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിനിടയിൽ ആയിരുന്നു ബാലയുമായുള്ള വിവാഹം. വിവാഹത്തിനുശേഷവും സംഗീതത്തിൽ സജീവമായിരുന്നു അമൃത. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇരുവരും വിവാഹമോചിതരായി. പാപ്പു എന്ന് വിളിക്കുന്ന അവന്തിക ആണ് ഇരുവരുടേയും മകൾ. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്ന് അമൃത പറഞ്ഞിരുന്നു. അമൃതംഗമയ എന്ന് ബാൻഡുമായി അമൃതയും സഹോദരി അഭിരാമിയും സജീവമാണ്.
പുതിയ കമ്പോസിങ്ങിലേക്ക് കടക്കുന്ന വേളയിലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചത്. അവസാനനിമിഷമാണ് ഒരു തീരുമാനമെടുത്തതെന്ന് അമൃത പറയുന്നു. ബിഗ് ബോസിൽ എത്തിയ ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്. ബാലയും ആയി വീണ്ടും ഒന്നിക്കാൻ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ വരെ ഉയർന്നിരിക്കുകയാണ്.
മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാവിലെയാണ് ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടി തെളിയിക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.
തുടർന്ന് ജില്ലയിൽ കാണാതായവരുടെ പട്ടിക പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു (23)വിലേക്ക് അന്വേഷണം എത്തിയത്. ജൂൺ മൂന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.
ജൂൺ മൂന്നിന് ബാറിൽ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാറുകാരുമായി അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ഷർട്ട് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ചെരുപ്പും ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ജിഷ്ണു തൂങ്ങിമരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം എന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്തിമ നടപടി പൂർത്തിയാക്കുക. ജിഷ്ണുവിനെ കാണാതായ സംഭവത്തിൽ വൈക്കം പോലീസിനാണ് ബന്ധുക്കൾ പരാതി നൽകിയിരുന്നത്.
നടിമാരേയും മോഡലുകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് പോലീസ്. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ പ്രതികരിച്ചു.
അതേസമയം, പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.
ഇതിനിടെ, പ്രധാനപ്രതികളിലൊരാളായ ഷെരീഫ് നിരപരാധിയാണെന്ന് വാദിച്ച് കുടുംബം രംഗത്തെത്തി. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഷെരീഫിക്കിന്റെ സഹോദരൻ ഷഫീക്കാണ് മാധ്യമങ്ങളോട് ഇക്കാര്യം ആരോപിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷെരീഫ്. തന്റെ ജ്യേഷ്ഠനെ ഇയാൾ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.
ഇതിനിടെ, തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവർ വ്യക്തമാക്കി.
കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്.
കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.
മൂന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തിലാണ് അപകടം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 12 പേരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. ഇവരെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് പുറത്തെത്തിച്ചത്. കെട്ടിയത്തിന്റെ ബേസ്‌മെന്റിലുള്ള പാര്‍ക്കിങ്ങ് എരിയയിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.