കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.

അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.

ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന്‌ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.