കൊറോണയുടെ വ്യാപനം മൂലം നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോക്ക് ഡൌണിന് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന യുകെയെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത. സസെക്സില്‍ നിന്നാണ് ഒരു കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതായ വിവരം പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വസതിയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെട്ടിട്ടുണ്ട്.
സസെക്സിലെ വുഡ്മാന്‍ കോട്ടിലെ ഒരു ഡിറ്റാച്ചഡ് ഹൗസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെയും വളര്‍ത്തു നായയെയും കൊലപ്പെടുത്തി കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
നിസാമുദീനിൽ മതസമ്മേളനത്തിനെത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം പനി ബാധിച്ചു മരിച്ചു. റിട്ട. അധ്യാപകനാണ് ഇദ്ദേഹം. നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളായ ഏഴ് പേരിൽ ഒരാളാണ് സലീം. സൗദിയിൽ നിന്നുമെത്തിയാണ് ഇയാൾ സമ്മേളനത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടർന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിനാൽ ഡൽഹിയിൽ തന്നെയാണ് സംസ്കരിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളയാളായിരുന്നു സലീം.
പുത്തന്‍ കാര്‍ വാങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ വിനയായി. കാത്തിരുന്ന് കാത്തിരുന്നു മുഷിഞ്ഞു. കാര്‍ റോഡിലിറക്കാന്‍ തന്നെ തീരുമാനിച്ചു. കാസര്‍കോട് ആലമ്ബാടി സ്വദേശി സിഎച്ച് റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്.
‘കാറോടിച്ച് കൊതി തീര്‍ക്കുക’ എന്നതായതിനാല്‍ സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല. നിരത്തില്‍ മറ്റുവാഹനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അമിത വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്ബിലെത്തി സ്‌റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തില്ല.
ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്‍പിച്ചത്. ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്ബ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം .
ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ജർമ്മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസ്സെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തൊമ്പതുകാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിന് 26 കാരനായ യുവാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യ’ കേസ് കൊലപാതകമായി മാറുകയായിരുന്നു . വാമനപുരം സ്വദേശിയായ ആദര്‍ശ് ആണ് അറസ്റ്റിലായത്.
19 വയസുകാരിയായ രാകേന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി വാമനപുരം ആനാക്കുടി കുന്നുംപുറത്തു വീട്ടില്‍ നിന്നും നന്നാട്ടുകാവ് ജി.വി.എന്‍ മന്ദിരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആദര്‍ശ് ഒടുവില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
23 ന് രാത്രി 8.15 ന് ആദര്‍ശ് മദ്യവും വാങ്ങി വീട്ടിലെത്തി. 10.30 നു മുറിക്കുള്ളില്‍ വച്ച് മദ്യം കഴിച്ചു. ഇതിനിടെ ആദര്‍ശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ച് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകള്‍ അന്വേഷണത്തിന് തെളിവായി ശേഖരിച്ചിട്ടുണ്ട്.കഴുത്തു ഞെരിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.
പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കുകയും അടുത്ത സുഹൃത്തുക്കളുടെയും പിതാവിന്റെയും സഹായത്തോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നിര്‍ദേശ പ്രകാരം പോത്തന്‍കോട് സിഐ ഡി. ഗോപി , എസ് ഐമാരായ അജീഷ്, രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടവും പഞ്ചായത്തും ചെയ്തുകൊടുക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
‘ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ട’, കളക്ടര്‍ പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല- കളക്ടര്‍ പറഞ്ഞു.
നാട്ടിലേക്ക് പോകണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 69 കാരൻ മരിച്ചു. മരിച്ചത് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇയാള്‍ക്കുണ്ടായിരുന്നു. രോഗി വന്ന വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടപഴകിയ ആളുകളുടെ നില തൃപ്തികരമാണെന്നാണ് പറയുന്നത്.മരണകാരണം ന്യുമോണിയ ആണെന്ന് നിഗമനം. ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന്‍ കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.
അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
നിർഭയാ കേസിലെ ഒരേ ഒരു ദൃക്‌സാക്ഷി ..നിർഭയയുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡെ….മൊഴി നൽകുമ്പോൾ പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്.. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിൽ ഉടനീളം സജീവമായിരുന്ന അവീന്ദ്ര പാണ്ഡെ നീതി ലഭിക്കുമെന്ന് ഉൽപ്പാക്കിയശേഷം ശേഷം പതിയെ വാർത്തകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു …
നിർഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പോലും അവീന്ദ്ര പ്രത്യക്ഷപ്പെട്ടില്ല.. . പ്രതികളിൽ നാലുപേരെ തൂക്കിക്കൊന്നതിനു ശേഷം അവീന്ദ്ര പാണ്ഡെയുടെ അഭിപ്രായമറിയാൻ രാജ്യം ഉറ്റുനോക്കുകയാണെങ്കിലും നീതി ജയിച്ച സന്തോഷത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ യുവാവ് തയ്യാറായിട്ടില്ല…
തിഹാർ ജയിലിൽ പവൻ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശർമ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്… തൂക്കിലേറ്റും മണിക്കൂറുകൾക്കു മുൻപ് വരെ ശിക്ഷ മാറ്റി വയ്ക്കണമെന്ന പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളുന്നതുവരെ ജീവൻ തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു പ്രതികൾ .
എന്നാൽ അന്ന് ഡിസംബർ 16 നു ജീവനുവേണ്ടി ഇതേ പോലെ യാചിച്ച ഒരു പെൺകുട്ടിയുടെയും യുവാവിന്റെയും നിലവിളി പ്രതികൾ ഒരു നിമിഷം പോലും കേട്ടില്ല.. അവർ അർത്തട്ടഹസിച്ചു കൊലവിളി നടത്തുകയായിരുന്നു അന്ന്.
ആ സംഭവത്തെകുറിച്ച് അവീന്ദ്ര പാണ്ഡെ പലപ്പോഴും പറഞ്ഞതും വീണ്ടും ഓർത്തെടുത്തപ്പോൾ….
സംഭവശേഷം അവൾ ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബർ 16ന് ശേഷം നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെൺകുട്ടിയുടേയും അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും എന്നാൽ മാത്രമേ അപകടത്തിൽ പെടുന്ന മറ്റൊരാളെ രക്ഷിക്കാൻ ഒരാൾക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.
അക്രമികൾ തന്നേയും സുഹൃത്തിനേയും ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെൺകുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവർ വിളിച്ച് ബസിൽ കയറ്റുകയായിരുന്നു. കർട്ടനിട്ട് ജനാലകൾ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്പ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു.
ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവർ പിടിച്ചുവാങ്ങി. അവർ ഇതിനുമുൻപും ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ബസിൽ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവർ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങൾ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.
എന്നാൽ പ്രതികൾ ബസിനുള്ളിലെ ലൈറ്റുകൾ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിലെ 100 എന്ന നമ്പർ അവൾ ഡയൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ അവളുടെ മൊബൈൽ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.
ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും ഞാൻ അവളെ പിടിച്ചുവലിച്ച് റോഡിൽ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങൾ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങൾ ഞങ്ങൾ നിറുത്താൻ ശ്രമിച്ചു. എന്നാൽ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേർ കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയിൽ തുടർന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി.
പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസിൽ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങൾ അവിടെയെത്തി. എന്നാൽ സംഭവം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്ന സംശയത്തെതുടർന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങൾക്ക് വസ്ത്രങ്ങൾ തരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്തില്ല.
എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാൾ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങൾ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.
അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാൻ പൊലീസുകാർ പോലും ഭയപ്പെട്ടു. ഞാൻ തനിയെയാണ് അവളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നില്ല.
ഒരു പക്ഷേ കേസിൽ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാൾ പോലും ഞങ്ങൾക്ക് ധരിക്കാൻ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഞാൻ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാൻ പറഞ്ഞത്.
എന്റെ വീട്ടുകാർ എത്തിയ ശേഷമാണ് ആശുപത്രിയിൽ എനിക്ക് ചികിൽസ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാൻ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകൾ ഉയർത്താൻ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്ര മൊഴിയിൽ പറഞ്ഞതും
പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി നിർഭയയുടെ ‘അമ്മ കോടതികൾ കേറി നടന്നത് നീണ്ട ഏഴു വര്ഷം ..അവസാനം ആ പ്രാർത്ഥനകൾക്ക് ഗുണമുണ്ടായി ..എങ്കിലും ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്നാണ് റിപ്പോർട്ടുകൾ…അയാൾ ഇപ്പോൾ മൂന്നു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തുണ്ട് എന്നതാണ് ഈ അമ്മയുടെ സങ്കടവും
നിർഭയയുടെ വീടിനു സമീപത്തെ റോഡിനോടു ചേർന്ന് ഒരു ബാനർ കെട്ടിയിട്ടുണ്ട്. ‘നിർഭയ മാംഗെ ഇൻസാഫ്’ (നിർഭയ നീതി തേടുന്നു) എന്നെഴുതിയ ബാനറിനു താഴെ ഉരുകിവീണ മെഴുകുതിരികൾ. ഏതാനും നാളുകളായി ഇവിടെ എന്നും രാത്രി എട്ടുമണിക്ക് നിർഭയയുടെ അമ്മ ദീപം തെളിക്കാറുണ്ട്
അതിൽനിന്നു ദീപപ്പകർച്ച ഏറ്റുവാങ്ങാൻ സമീപവാസികളായ കുറെയേറെ ആൾക്കാർ എന്നും വരും. ചിലപ്പോൾ പല നാടുകളിൽനിന്ന് അറിഞ്ഞുകേട്ട് എത്തുന്നവരുമുണ്ടാകും. കേസിലെ പ്രതികളെ തൂക്കിലേറ്റും വരെ ഇതു തുടരാനായിരുന്നു തീരുമാനം. പ്രതികൾക്കു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞതിനാൽ ഇനി ഇവിടെ മെഴുകുതിരിവെട്ടം തെളിയില്ല. പകരം നിർഭയ എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണയായി എന്നും നിലനിൽക്കും