Crime

ആണ്‍ സുഹൃത്തിനെ ആക്രമിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങവേ ടി വി അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐ ടി വി 2വിന്റെ ലവ് ഐലന്‍ഡ് പരിപാടിയുടെ അവതാരക കരോലിന്‍ ഫ്ലാക്കിനെയാണ് ലണ്ടനിലെ വസതിയില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് വിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നത്.സുഹൃത്ത് ലൂയിസ് ബര്‍ട്ടന്‍ വെള്ളിയാഴ്ച കരോലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് ആണ്‍ സുഹൃത്തുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ നിന്നു കരോലിന് കോടതിയുടെ വിലക്കുണ്ട്.

കരോലിന്റെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ളാക് കുടുംബത്തിന്റെ അഭിഭാഷകന്‍ കരോലിന്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

കരോലിന്‍ അവതാരകയായ ലവ് ഐലന്ഡിന്റെ ഹൈലൈറ്റ്സ് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഐ ടി വി അറിയിച്ചു. കരോലിന്‍ അവതാരകയായ ടി വി സീരീസ് ദ സര്‍ജൂറിയുടെ സംപ്രേക്ഷണം ചാനല്‍ ഫോറും നിര്‍ത്തിവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആണ്‍ സുഹൃത്തിനെ ആക്രമിച്ചതിന് പോലീസ് കരോലിനെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന ദലിത് യുവാവിനെ തല്ലിക്കൊന്നു. വില്ലുപുരത്തിന് സമീപം ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ശക്തിവേല്‍ എന്ന 24കാരനാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത്. അക്രമത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദലിതര്‍ക്കെതിരെ ഒബിസി സമുദായക്കാരായ വണ്ണിയര്‍ ജാതിയില്‍പ്പെട്ടവര്‍ നിരന്തരം അഴിച്ചുവിടുന്ന അക്രമങ്ങളുടെ ഭാഗമാണ് ഇതുമെന്നാണ് സൂചന. ശക്തിവേല്‍ ആക്രമിക്കപ്പെട്ട സ്ഥലം വണ്ണിയര്‍മാരുടെ സ്വാധീനമേഖലയാണ്. ശക്തിവേല്‍ ആദിദ്രാവിഡ സമുദായക്കാരനാണ്.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ശക്തിവേല്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെത്തി. പിന്നീട് കൂടെ ജോലി ചെയ്യുന്നവരുടെ ഫോണ്‍ വന്നു. ആധാര്‍ കാര്‍ഡും ഫോട്ടോയുമായി വരാന്‍ പറഞ്ഞു. ചില വെരിഫിക്കേഷന് ആവശ്യമുണ്ട് എന്നാണ് പറഞ്ഞത്. വീട്ടില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരമേ പമ്പിലേയ്ക്കുള്ളൂ. ടൂവീലറില്‍ പെട്രോളില്ല എന്ന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശക്തിവേല്‍ പറഞ്ഞിരുന്നതായി സഹോദരി തെയ് വണെ പറയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ശക്തിവേല്‍ ഫോണ്‍ ചെയ്തുപറഞ്ഞു – പേടിച്ചത് പോലെ തന്നെ സംഭവിച്ചു, എണ്ണ തീര്‍ന്നു. വയറിന് എന്തോ അസ്വസ്ഥതയുണ്ട് എന്നും പറഞ്ഞു. കക്കൂസില്‍ പോകാന്‍ തോന്നുന്നുണ്ട് എന്നും തല്‍ക്കാലം റോഡരികില്‍ ഇരിക്കുകയാണ് എന്നും പറഞ്ഞു – തെയ് വണൈ പറയുന്നു.

പിന്നെ ശക്തിവേലിന്റെ ഫോണില്‍ നിന്ന് വന്ന കോളില്‍ മറ്റൊരു ശബ്ദമായിരുന്നു അപ്പുറത്ത് ബൂത്തൂര്‍ ഹില്‍സിലേയ്ക്ക് വരാന്‍ പറഞ്ഞു. എന്തോ കുഴപ്പമുണ്ട് എന്ന് ഉറപ്പായിരുന്നു. ഒരു ബന്ധുവിന്റെ ബൈക്കില്‍ അങ്ങോട്ടുപോയി, ആറ് മാസം പ്രായമുള്ള കുട്ടിയേയും എടുത്തുകൊണ്ട്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ശക്തിവേലിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. 15-20 പേര്‍ ചുറ്റും കൂടി നിന്നിരുന്നു. ഞങ്ങള്‍ എത്തിയ ശേഷവും അവര്‍ ശക്തിവേലിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ചവിട്ടി. ഞാനും കുഞ്ഞും മറഞ്ഞുവീണു. ശക്തിവേലിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയെ എടുത്തുകൊണ്ട് അവിടെ നിന്ന് പോകാന്‍ ആംഗ്യം കാണിച്ചു – തെയ് വണൈ പറഞ്ഞു.

അക്രമം തുടങ്ങി രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്. തേവണെയും ബന്ധുവും കൂടി ശക്തിവേലിനെ ബൈക്കിലിരുത്തി അവിടെ നിന്ന് കൊണ്ടുപോയി, വീട്ടില്‍ പോയി പണമെടുത്ത് ആശുപത്രിയിലേയ്ക്ക് പോകാമെന്നാണ് കരുതിയത്. എന്നാല്‍ വീട്ടിലെത്തി ബൈക്കി നിര്‍ത്തി ഇറങ്ങിയപ്പോള്‍ ശക്തിവേല്‍ നിലത്തേയ്ക്ക് വീണു. ബോധമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോളാണ് മരിച്ചതായി അറിയുന്നത്. നാല് പുരുഷന്മാരേയും മൂന്ന് സ്ത്രീകളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ ശക്തിവേല്‍ തുണി പൊക്കി കാണിച്ചു എന്ന് പറഞ്ഞാണ് ആള്‍ക്കൂട്ടം അക്രമമഴിച്ചുവിട്ടത്.

ശക്തിവേല്‍ മലവിസര്‍ജ്ജനം നടത്താനിരുന്നപ്പോള്‍ അതുകണ്ട സ്ത്രീ വിചാരിച്ചത് തന്നെ നഗ്നത കാണിക്കുകയാണ് എന്നാണ്. എന്നാല്‍ ശക്തിവേല്‍ ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല എന്നും ശക്തിവേലിന്റെ ജാതി മനസ്സിലാക്കിയ ശേഷമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത് എന്നുമാണ് സഹോദരി പറയുന്നത്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ജാതിക്കൊലയാണോ നടന്നത് എന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

തൃശൂര്‍∙ പുതുക്കാട് പാഴായിയില്‍ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് 2016 ല്‍ ആയിരുന്നു. ഒക്ടോബര്‍ 13ന്. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ അപ്രത്യക്ഷയായി. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പം.

വീട്ടുകാര്‍ ഷൈലജയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം. ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവന്‍ പരക്കം പായുമ്പോൾ ഈ സമയം കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിവരിക്കലില്‍ പന്തികേടു തോന്നിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. കട്ടത് ൈഷലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബ വീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേയ്ക്കു പ്രവേശനം കിട്ടി.

മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് പക വീട്ടാന്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നില്‍ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു. ഈ സമയം, കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു പലക്കുറി ആവര്‍ത്തിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പിന്നീട് മരിച്ചു. മകളുണ്ട്.

മേബയുടെ അച്ഛനും അമ്മയും ഓസ്ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും, നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. കൊലക്കേസില്‍ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛന്‍ രഞ്ജിത്. എഫ്ഐആറില്‍ ആദ്യ മൊഴി നല്‍കിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൊലക്കേസില്‍ മൊഴി നല്‍കുന്നത് അപൂര്‍വമായിരുന്നു.

മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’ എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. കൊലക്കുറ്റം തെളിഞ്ഞാല്‍ ഒന്നല്ലെങ്കില്‍ ജീവപര്യന്തം. അല്ലെങ്കില്‍, വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയാം. അഡ്വ.കെ.ഡി.ബാബുവായിരുന്നു പ്രോസിക്യൂട്ടര്‍. പുതുക്കാട് ഇന്‍സ്പെക്ടര്‍ എസ്.പി.സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

<

തുറവൂർ (ആലപ്പുഴ) ∙ എഴുപുന്ന നീണ്ടകരയിൽ നായ്ക്കളെ വെട്ടിക്കൊന്ന കേസിൽ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അരൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ വിലയിരുത്തി. വെള്ളിയാഴ്ച അർധരാത്രിയോടെ അക്രമിയായ അജ്ഞാതനെ വീണ്ടും കണ്ടെന്ന നീണ്ടകര സ്വദേശിയായ സ്ത്രീയുടെ മൊഴി പൊലീസിനെ വട്ടം കറക്കുകയാണ്.

സംഭവം ഉണ്ടായതിന് ഒരു കിലോമീറ്റർ മാറിയാണ് ഇത്തവണ അജ്ഞാതനെ കണ്ടത്. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രദേശമാകെ വളഞ്ഞുള്ള പരിശോധനയാണ് നടക്കുന്നത്. ശനിയാഴ്ച ജില്ലാപൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അരൂർ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തിയുള്ള പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

പട്രോളിങ് സംഘത്തിന് ചേർത്തല ഡിവൈഎസ്പി കെ.ജി. ലാൽ നേതൃത്വം നൽകും. ഇതിനൊപ്പം നാട്ടുകാരെ ചേർത്ത് സ്ക്വാഡ് പ്രവർത്തനവും നടക്കുന്നുണ്ട്. രണ്ട് ആഴ്ചയായി വളർത്തു നായ്ക്കൾക്കെതിരെയുള്ള അജ്ഞാതന്റെ ആക്രണം തുടങ്ങിയിട്ട്. ആദ്യം നായ്ക്കളെ വിഷം കൊടുത്തായിരുന്ന ഇല്ലാതാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ 10നും 13നും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് നായ്ക്കളെ വെട്ടി വികൃതമാക്കിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് ആറു നായ്ക്കൾ ചത്തതിൽ മൂന്നു എണ്ണത്തെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. മറ്റുള്ളവ വിഷം ഉള്ളിൽ ചെന്നാകാം ചത്തതെന്നു നാട്ടുകാർ പറയുന്നു. ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് വളർത്തുമൃഗങ്ങളെ കൊല്ലുക, വെട്ടി പരുക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾക്കുള്ള സെക്‌ഷൻ 428 വകുപ്പ് പ്രകാരം അജ്ഞാതനെതിരെ അരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഭയപ്പാടുമൂലം രാത്രിയിൽ ജനങ്ങൾ ആരും വീടിനു പുറത്തേക്ക് ഇറങ്ങുന്നില്ല. രാത്രിയിൽ രണ്ടു തവണ അഞ്ജാതനെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മുഖം മൂടി ധരിച്ച അജ്ഞാതൻ വടിവാളുമായി നടക്കുന്നതാണ് ജനങ്ങളെ ഭയപ്പാടിലാക്കുന്നത്.

മൂന്നു വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ശിശുവിഭാഗം ഐസിയുവിൽ. സംഭവത്തിൽ കാക്കാഴം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു. പ്രതിക്കൊപ്പം താമസിക്കുന്ന സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണു മർദനമേറ്റത്. ജനനേന്ദ്രിയത്തിനുൾപ്പെടെ പരുക്കുണ്ട്. മൂന്നു ദിവസമായി കുട്ടിയെ മർദിക്കുകയായിരുന്നെന്നാണു വിവരം. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മർദനം. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടമ്മയെ ഏഴു മണിക്കൂര്‍ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചു. നാദാപുരം സ്വദേശിയായ വീട്ടമ്മയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട സംഭവത്തിൽ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവർ അറസ്റ്റിലായി.

ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നല്‍കാന്‍ വീട്ടമ്മയോട് ഇവര്‍ ആവശ്യപ്പെട്ടു, കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച്‌ ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലൈ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.

വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെ…

പയറും കടലും ഉള്ളിയും പച്ചക്കറിയും. അതിന്‍റെ കൂടെ കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ട് പേര് എന്നെ വന്ന് വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങള് മുളക് ബില്ലാക്കിയിട്ടില്ലല്ലോ എന്ന്. നിങ്ങള് ഉള്ളിലേക്ക് വരണം. ഉള്ളിലെ ക്യാമറയില് കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി. അവരെന്‍റെ ബാഗും ഫോണും വാങ്ങി വച്ചു. ആളില്ലാത്ത മുറിയിൽ അവര് പിടിച്ച് വച്ചു. എന്നിട്ട് അവര് എനിക്ക് ഒരു വെള്ളപ്പേപ്പറും പേനയും തന്നു. എന്നിട്ട് പറഞ്ഞു. ‘നിങ്ങളീ പേപ്പറില് എഴുതണം. ഞാൻ പല തവണയായി ബില്ലില്ലാതെ സാധനങ്ങള് ഇവിടെ നിന്ന് എടുത്തു’ എന്ന്.

ഞാൻ പറഞ്ഞു, ഞാനങ്ങനെ എഴുതില്ലെന്ന്. ഇതൊരു അമ്പത് ഉറുപ്യേടെ സാധനമാണ്. അത് എനിക്ക് എടുത്ത് കൊണ്ടുപോകണ്ട കാര്യമില്ല. നിങ്ങള് ക്യാമറ നോക്ക്, എന്നിട്ട് അതിലെന്താ ഉള്ളതെന്ന് പറ. അല്ലെങ്കിൽ എനിക്ക് കാണിച്ച് തരൂ. അതല്ലെങ്കിൽ എന്‍റെ ഫോൺ തരൂ. പൊലീസിനെ വിളിക്കൂ. അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കാം എന്ന് പറഞ്ഞു. അവരെന്‍റെ ഫോൺ വാങ്ങി വച്ചു. എന്നിട്ട് എന്‍റെ ഫോട്ടോ മൊബൈലിലെടുത്തു. ഇത് ഇപ്പോ സമ്മതിച്ചില്ലെങ്കി, ഇവിടെ എഴുതി ഒപ്പിട്ടില്ലെങ്കി മിനിറ്റുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സാപ്പിലുമിടും എന്ന് പറഞ്ഞു. ബഹളം വച്ചാ ഒരുമിനിറ്റ് കൊണ്ട് ലോകം മുഴുവൻ ഇത് അറിയും.

ഞാൻ പേടിച്ച് പോയി. വാ പൊത്തി അവിടെ നിന്നു. എന്നിട്ട് ഇത്തിരി വെള്ളം ചോദിച്ചു ഞാൻ. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയ്‍ഡിന്‍റെ ഗുളിക കുടിക്കുന്നതാ. ഇത്തിരി വെള്ളം വേണം എന്ന് ചോദിച്ചു. അതല്ലെങ്കിൽ എന്‍റെ വീട്ടുകാരെ വിളിക്ക്യെങ്കിലും ചെയ്യോന്ന് ചോദിച്ചു. അപ്പോ നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചത് എന്നാ സമദ് എന്നയാള് പറഞ്ഞത്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാ, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്കൂളിൽപ്പോയില്ലേ, അവിടേക്ക് പോയാ പിന്നെ കാര്യങ്ങള് എളുപ്പല്ലേന്ന് പറഞ്ഞു. എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോ അയാള് വന്ന് എന്നെ ചവിട്ടി. പേടിയായിട്ടാ മിണ്ടാതെ നിന്നത് വീട്ടമ്മ പറഞ്ഞു.

സംഭവത്തിൽ നാദാപുരം പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അവരെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ സമദ് പറയുന്നത്. മോഷണം നടത്തിയെന്ന് മനസ്സിലായപ്പോൾ ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് വരാൻ കാത്തിരുന്നതാണെന്നുമാണ് സൂപ്പർ മാർക്കറ്റുടമയുടെ വാദം.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.

കേസിൽ ഇന്ന് മൂന്ന് സാക്ഷികളുടെ വിസ്താരം പുർത്തിയാക്കി. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഒന്നാം പ്രതി പൾസർ സുനി ഒളിവിൽ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്ന് പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പൾസർ സുനി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.

നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെ സംവിധായകൻ ലാലിന്റെ വീടിനടുത്താണ് പ്രതികൾ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.

നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. മരിച്ച വിനോദിന്റെയും ഭാര്യയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കേസിലെ സുപ്രധാന ഘടകമായ ഓഡിയോ സന്ദേശം ലഭിച്ചത്. രമയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ റീഗൽ സ്റ്റോഴ്സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിന് 2 ദിവസം മുമ്പ് തുടർച്ചയായി സന്ദേശം അയച്ചത്. ഒരു മാസം മുമ്പാണ് വീണ്ടും രമ ഇവിടെ ജോലിക്ക് പ്രവേശിച്ചത്.

അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. മകൾ നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു.

ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. നയനയും, നീരജും ഭര്‍ത്താവും മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷം രമ മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം.

മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല എന്ന വാചകമാണ് പോലീസിനെ ഏറെ വട്ടം കറക്കിയത്. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ബന്ധുക്കളുമായും അയല്‍വാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാന്‍സി ഷോപ്പില്‍ ഒരു മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്.

രണ്ടാഴ്ച മുമ്പ് കടയുടമ രമയെ ചുമതലയേല്‍പ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്. വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു നയന . നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നീരജ്. ഇരുവരും മികച്ച വിദ്യാർത്ഥികളായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം.

അതേ സമയം, പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നടന്ന കൂട്ടമരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 4 പേരും തൂങ്ങിനിൽക്കുന്ന ചിത്രങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നത് ആരാണെന്നു വ്യക്തമായിട്ടില്ല.

വിവാഹേതരബന്ധം സംശയിച്ച് പഞ്ചാബി സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. പഞ്ചാബി സീരിയല്‍ നടിയായ അനിത സിംഗ് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗ്, സുഹൃത്ത് കുല്‍ദീപ് എന്നിവരെ പേലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ മുമ്പ് അഭിനയത്തില്‍ കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈക്കു പോകാന്‍ അനിത ഭര്‍ത്താവിനോട് അനുവാദം ചോദിച്ചിരുന്നു. മുംബൈയില്‍ തന്റെ സുഹൃത്ത് കുല്‍ദീപിന് പരിചയക്കാരുണ്ടെന്നും അവരെ കുല്‍ദീപ് തന്നെ പരിചയപ്പെടുത്തിത്തരുമെന്നും രവീന്ദര്‍ പറഞ്ഞു. നടിയെ ഇക്കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ പഞ്ചാബില്‍ നിന്നും നൈനിറ്റാള്‍ വരെ ഒന്നിച്ച്‌ യാത്ര ചെയ്തു.

കശ്മീര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് രവീന്ദര്‍ സംശയിച്ചിരുന്നു. മുംബൈയിലേക്കുള്ള യാത്രക്കിടയിൽ മയക്കുമരുന്ന് കലര്‍ത്തിയ ചായ നടിക്ക് നല്‍കി. നടി അബോധാവസ്ഥയിലെന്നു കണ്ട് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് കത്തിച്ചു. കത്തിച്ചാമ്പലായ ശരീരം പോലീസ് യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൃതശരീരം കയറ്റിക്കൊണ്ടുപോയ കാറും അതിന്റെ ഉടമസ്ഥനെയും കണ്ടുപിടിക്കാനായി. വിശദമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഹെയ്ത്തിയില്‍ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തമുണ്ടാകാനുള്ള കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. സ്ഥാപനത്തില്‍ വൈദ്യുതിക്ക് പകരം മെഴുകുതിരികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

Copyright © . All rights reserved