തമിഴ്നാട് അവിനാശിയില്‍ കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ച് 19 മലയാളികൾ മരിച്ചു. ബെംഗളൂരു–കൊച്ചി ബസിലുണ്ടായിരുന്നത് 48 പേരാണ്. ഇതിൽ 42 പേരും മലയാളികള്‍ ആയിരുന്നു. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം . തൃശൂര്‍, എറണാകുളം, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറി

തൃശൂര്‍ സ്വദേശികളായ വിനോദ് (42), ക്രിസ്റ്റഫര്‍ (25), റഹീം, നിവിന്‍ ബേബി, പാലക്കാട് സ്വദേശി സോന സണ്ണി, രാജേഷ് (35), ജിഷിമോന്‍ ഷാജു(24), നസീഫ് മുഹമ്മദലി (തൃശൂര്‍), ബൈജു (48), ഐശ്വര്യ (28), റോസിലി (61), ഗിരീഷ് (29), ഇഗ്നി റാഫേല്‍ (തൃശൂര്‍), കിരണ്‍ കുമാര്‍ (33), ഹനീഷ് (25), ശിവകുമാര്‍ (35) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് എറണാകുളത്തുനിന്ന് പോയത് തിങ്കളാഴ്ചയായിരുന്നു. യാത്രക്കാരില്ലാത്തതിനാല്‍ മടക്കം ഒരുദിവസം നീട്ടിയതായിരുന്നു. ബസില്‍ ഇടിച്ചത് കൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ ലോറി. ടൈലുകളുമായി പുറപ്പെട്ടത് ഇന്നലെ രാത്രിയാണ്. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി എസ് സുനില്‍ കുമാറും അപകടസ്ഥലത്തെത്തും.

അപകടകാരണത്തെക്കുറിച്ച് ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിയോട് റിപ്പോര്‍ട്ട് തേടി. അടിയന്തരസഹായമെത്തിക്കാന്‍ പാലക്കാട് കലക്ടറോട് മുഖ്യമന്ത്രി നിർദേശിച്ചു.

അവിനാശി അപകടം: ബന്ധപ്പെടേണ്ട നമ്പറുകള്‍– ടോള്‍ഫ്രീ നമ്പര്‍ – 0491 2536688, 9447655223 , ജി.ശിവവിക്രം, പാലക്കാട് എസ്.പി – 9497996977