മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.
അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയില്‍ നിന്നും മത്സത്തൊഴിലാളികള്‍ക്ക് കിട്ടിയ സ്രാവുകളില്‍ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മില്ലട്രൂസും കുടുംബവും സ്ഥലത്തെത്തി പരിശോധിക്കുകയും ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇയാളെ ഫെബ്രുവരി 18 മുതല്‍ കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശരീരാവശിഷ്ടത്തില്‍ കണ്ടെത്തിയ ടാറ്റൂ ബാരിയുടെതാണെന്ന് കുടുംബം അറിയിച്ചതോടെയാണ് മരിച്ചത് ബാരിയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഡിഎന്‍എ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരത്ത് കൂടി സഞ്ചരിക്കുന്നതിനിടെ ബാരിയ തിരമാലയില്‍ പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വരിച്ച കെണിയില്‍ വീണ് ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
രോഗിയില്‍ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ആഷിക്ക് ഉടന്‍തന്നെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്. ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ എത്തിയാണ് ആഷിക്ക് കൈക്കൂലി നല്‍കിയത്. അവിടെ നിന്നാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് മൂന്നിനാണ് പൂവ്വത്തൂര്‍ സ്വദേശി ആഷിക്കിന്റെ ഭാര്യ സഫീദയുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നത്.
ഗാസിയാബാദിൽ മതപരിവർത്തനത്തിന് ശ്രമിച്ച മലയാളി പാസ്റ്ററും ഭാര്യയും ഉത്തർപ്രദേശിൽ അറസ്റ്റിൽ. മലയാളികളായ പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദ് ഇന്ദിരാപുരത്തുള്ള ഇവരുടെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പാസ്റ്റർ സന്തോഷ് ജോണും, ഭാര്യ ജിജിയും ചേർന്ന് ഹാൾ വാടകയ്‌ക്കെടുത്ത് പ്രാർത്ഥന നടത്തുകയും വീടുകളിൽ കയറിയിറങ്ങി മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീടുവെയ്ക്കാനുള്ള ഭൂമിയും വാഗ്ദാനം ചെയ്താണ് മതപരിവർത്തനത്തിന് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം ഉത്തർപ്രദേശിൽ 2021 മുതൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നിരുന്നു. നിയമവിരുദ്ധ മതപരിവർത്തന നിരോധോന നിയമ പ്രകാരമാണ് മലയാളി ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജാതിയുടെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകർ ബനാല (28) ആണ് അറസ്റ്റിലായത്. ഒമേഗ ഹെൽത്ത് കെയർ ജീവനക്കാരിയായ ലീല പവിത്ര (24) ആണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷത്തോളമായി ലീല പവിത്രയും ദിനകർ ബാലയും പ്രണയത്തിലായിരുന്നു.
പ്രണയിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ ലീല പവിത്രയുടെ ബന്ധുക്കൾ ദിനകർ ബാല താഴ്ന്ന ജാതിയിൽപെട്ടതാണെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെയാണ് ലീല പവിത്ര ദിനകാറുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയത്. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്യാൻ പറ്റില്ലെന്നും താഴ്ന്ന ജാതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞാണ് ലീല പവിത്ര ദിനകർ ബാലയെ ഒഴിവാക്കാൻ ശ്രമിച്ചത്.
ലീല പവിത്ര ജാതിയുടെ പേരിൽ പരിഹസിച്ചതായും ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. അതേസമയം ലീല സാന്ദ്രയ്ക്ക് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള യുവാവിന്റെ വിവാഹാലോചന വന്നതാണ് ദിനകർ ബാലയെ തഴയാനുള്ള കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.
മൂന്നാറിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജു (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിൽ പോയി തിരിച്ച് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ ന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. സുഹൃത്തിന്റെ പന്തീരാങ്കാവിലെ ഫളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.
ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.
അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.
വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ സിഎസ്എഫ് ജവാൻ മരിച്ചു. നടുവണ്ണൂർ കരുമ്പാപൊയിൽ പുഴയ്ക്കൽ ആനന്ദ് (34) ആണ് മരണപ്പെട്ടത്. ഫെബ്രുവരി 28 മുതൽ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മോട്ടോർ സൈക്കിളിൽ പോകുമ്പോൾ റോഡപകടത്തിൽ പെട്ടാണ് മരണമുണ്ടായത്.സിപിസി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെഎസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ നാട്ടുകാർ ട്രാഫിക് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ സിഐഎസ്എഫിനെ അറിയിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഹെൽമെറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.പരേതനായ ഗംഗാധരന്റേയും മാലതിയുടെയും മകനാണ്. ഭാര്യ അമൃത. അഞ്ച് വയസുകാരൻ ധ്യാൻ ദേവ് മകനാണ്.