Crime

മുൻ സ്കൂൾ പ്രിൻസിപ്പലും, അധ്യാപകനും, ജീവനക്കാരനും ചേർന്ന് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ചു. മുംബൈയിലെ കഞ്ജുർമാർഗിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ 15–കാരിയായ പെൺകുട്ടിയെ ആണ് ആക്രമിച്ചത്. നഷേമാൻ ഉർദു സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി 9–ാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക് എഞ്ചിനിയറിങിൽ ഡിപ്ലോമ ചെയ്യുകയാണ്.സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരയായ പെൺകുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:

‘ആ സ്കൂളിൽ അവസാന വർഷം പഠിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ സ്കൂളിലെ ജീവനക്കാരും ടീച്ചർമാരും ചേർന്ന് തന്നെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അവർക്കെതിരെ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതാണ്. സമയം ആറേകാലായിട്ടുണ്ടാകും. തന്റെ മുൻ സ്കൂൾ പ്രിൻസിപ്പലായ ഹൻസ് ആറ, അധ്യാപകനായി ജാവേദ്, ജീവനക്കാരായ അമാൻ, ഹാഷിം എന്നിവർ വഴിയിൽ നിൽക്കുന്നു. അവർ എന്റെ വഴി തടഞ്ഞു.

ജാവേദ് സറും ഹാഷിമും അമാനും ചേർന്ന് എന്റെ കൈകൾ ബന്ധിപ്പിച്ചു. പ്രിൻസിപ്പൽ ആ സമയത്ത് എന്തോ ദ്രാവകം എന്റെ മുഖത്തേക്ക് ഒഴിച്ചു. എനിക്ക് മുഖം വെന്തു നീറുന്നതായി തോന്നി. എന്റെ നെഞ്ചത്തും കാലുകളിലുമാണ് അത് തെറിച്ചത്. പിന്നീടാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. പ്രിൻസിപ്പൽ തന്നെ ഭിഷണിപ്പെടുത്തുകയും ചെയ്തു. എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഇതേപോലെ ആസിഡ് ഒഴിച്ച് ആക്രമിക്കുമെന്ന് പറഞ്ഞു. ഇതിനുശേഷം എല്ലാവരും ഒരു വെള്ളക്കാറിൽ കയറി പോയി. ഞാൻ എങ്ങനൊക്കെയോ ഇക്കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ അവിടെ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു’.

 

 

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.

അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച്‌ രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്.

ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മാനസികാസ്ഥ്യമുള്ള അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല. ഫ്രിഡ്ജിന് സമീപത്ത് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് ഫേഷ്യല്‍ ക്രീം പുരട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്നു രാവിലെ ഇവരുടെ പുരുഷ സുഹൃത്ത് എത്തിയതിനു ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടം മരപാലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ട്.

ഇവരോടൊപ്പം കഴിയുന്ന പുരുഷ സുഹൃത്തുമായി ഞായറാഴ്‌ച്ച രാവിലെ 11.30ന് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം പലയാവര്‍ത്തി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ ഇരുവരുടെയും പൊതു സുഹൃത്തായ വനിതാ ഡോക്ടറെ പുരുഷ സുഹൃത്ത് ബന്ധപ്പെട്ടു. അവര്‍ അവതാരക താമസിക്കുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നാണ് പൊലിസ് പറയുന്നത്.

ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ ബാംഗ്ലൂർ സർവകലാശാല പ്രഫസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരൂപകൻ കൂടിയായ ജി.നഞ്ചുണ്ടൻ (58) ആണു മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്മെന്റിലായിരുന്നു താമസം. ചെന്നൈയിലായിരുന്ന ഭാര്യയും മകനും മടങ്ങിയെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നു പൊലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.

ബം​ഗളൂരു യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവർ‌ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പൊലീസ് വെളിപ്പെടുത്തി.

കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജ്‍ഞാനപീഠ അവാർഡ് ജേതാവ് യു. ആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

തീറ്റ കൊടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്മന വടക്കുംതല പാലുവിള കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ബിജു (40) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പരവൂർ കോട്ടേകുന്ന് ക്ഷേത്രത്തിനു സമീപം മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിലായിരുന്നു സംഭവം. പരിസരം വൃത്തിയാക്കി ആനയ്ക്കു തീറ്റ കൊടുക്കാൻ ബിജു തയാറെടുക്കുന്നതു കണ്ടവരുണ്ട്.

ഏറെ നേരം കഴിഞ്ഞിട്ടും ബിജുവിനെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം വീണതാണെന്നാണ് ആദ്യം കരുതിയത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയപ്പോഴാണ് ആന ചവിട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.

2 വർഷത്തോളമായി ആനയുടെ ഒന്നാം പാപ്പാനായിരുന്നു ബിജു. സംഭവം നടക്കുമ്പോൾ രണ്ടാം പാപ്പാൻ സ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്തു. ബിജുവിന്റെ സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ബിനീഷ്, അനീഷ്.

ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

തന്റെ കൺമുന്നിൽ വെച്ചാണ് തന്റെ പിതാവിനെ പൊലീസ് കൊലപ്പെടുത്തിയതെന്ന് മംഗലാപുരത്ത് വെടിയേറ്റു മരിച്ചയാളുടെ മകൾ പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജലീൽ എന്ന കൂലിപ്പണിക്കാരൻ തന്റെ വീട്ടിനു മുമ്പിൽ നിൽക്കുമ്പോഴാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്നേദിവസം കൊല്ലപ്പെട്ട രണ്ടുപേരും പ്രതിഷേധിക്കാൻ കൂടിയവരായിരുന്നില്ല എന്നാണ് വിവരം. എന്നാൽ പ്രതിഷേധിക്കാരാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കർണാടക പൊലീസ്.

മംഗലാപുരത്ത് ബണ്ടാർ പ്രദേശത്തെ താമസക്കാരനാണ് കൊല്ലപ്പെട്ട ജലീൽ എന്ന 42കാരൻ. ഇദ്ദേഹത്തിന് ഭാര്യയും, പതിന്നാലും പത്തും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മൂത്ത പെൺകുട്ടിയായ ഷിഫാനിയാണ് അച്ഛനെ പൊലീസ് വെടി വെച്ച് കൊലപ്പെടുത്തുന്നത് നേരിൽക്കണ്ടത്.

“എന്റെ കണ്മുന്നിൽ വെച്ചാണ് അച്ഛനെ അവർ കൊന്നത്,” കരച്ചിലോടെ ഷിഫാനി പറഞ്ഞു. കൂടുതൽ സംസാരിക്കാൻ കഴിയാത്ത വിധം അവൾ കരച്ചിലിലേക്ക് വീണതായി റിപ്പോർട്ട് പറയുന്നു.

ഡിസംബർ 19നായിരുന്നു കൊലപാതകം. മംഗലാപുരത്ത് നടന്ന പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തയാളായിരുന്നില്ല ജലീൽ. കുട്ടികളെ സ്കൂളിൽ നിന്നും മടക്കിക്കൊണ്ടു വരികയായിരുന്നു ജലീൽ. സ്കൂൾ വാൻ പ്രതിഷേധ പ്രകടനം നടക്കുന്നതിനാൽ ജലീലിന്റെ വീട്ടിനു സമീപത്തേക്ക് വന്നിരുന്നില്ല. പാതിവഴിയിൽ നിൽക്കുന്ന കുട്ടികളെ ജലീൽ പോയി കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഈ നേരത്താണ് പൊലീസ് വെടിവെച്ചത്. സ്ഥലത്ത് അമ്പതോ നൂറോ പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ജലീലിന്റെ കുടുംബം പറയുന്നത്. എന്നാൽ പൊലീസ് പറയുന്നത് സ്ഥലത്ത് ഏഴായിരത്തിനും ഒമ്പതിനായിരത്തിനുമിടയിൽ ആളുകളുണ്ടായിരുന്നു എന്നാണ്.നൗഷിൻ എന്ന 23കാരനും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

അതെസമയം അന്ന് നടന്ന സംഭവങ്ങളിൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത് ജലീലിനെ മൂന്നാം പ്രതിയും നൗഷീനെ എട്ടാം പ്രതിയുമാക്കിയാണ്.രണ്ടുപേർ കൊല്ലപ്പെട്ട വിവരം പൊലീസ് ഏറെസമയം മറച്ചു വെക്കുകയുണ്ടായി. രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്ന വിവരം പൊലീസ് പുറത്തുവിട്ടത്. രണ്ടുപേരും പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് അന്നു തന്നെ പുറത്തു വന്നിരുന്നു. കുട്ടികളെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്ന വേളയിലാണ് ജലീലിന് വെടിയേറ്റതെന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുമുണ്ട്.

ബന്ദർ തുറമുഖത്തിൽ മത്സ്യബന്ധനം നടത്തി ജീവിച്ചു വരികയായിരുന്നു ജലീൽ.ജലീലിനും നൗഷിനും പുറമേ നാനൂറോളം പേരെ അജ്ഞാതരാക്കി എഴ് എഫ്ഐആറുകളും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട് പോലീസ്. എഫ്ഐആർ പ്രകാരം 1500 മുതൽ 2000 വരെ ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുള്ളത്. എൻ്നാൽ നേരത്തെ പൊലീസ് അവകാശപ്പെട്ടിരുന്നത് 7000ത്തിനും 9000ത്തിനും ഇടയിൽ ആളുകളെന്നാണ്.

തലയ്ക്ക് 79 ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയെ ദുബായിൽ നിന്നും പിടികൂടി. നെതര്‍ലാൻഡ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ‘ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് ‘എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായ റിദോണ്‍ ടാഖിയെയാണ് പിടികൂടിയത്. ദുബായ് പൊലീസിന്റെ സഹായത്തോടെ നെതര്‍ലാൻഡ് പൊലീസ് ഇയാളെ കുടുക്കിയത്.

മയക്കുമരുന്ന് കച്ചവടം, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. വ്യാജ പാസ്‌പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് റിദോണ്‍ ദുബായിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.

വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.

‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.

നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.

ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.

തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.

പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.

പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.

RECENT POSTS
Copyright © . All rights reserved