ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ തീ പടര്‍ന്ന് സ്ത്രീ മരിച്ചു. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ ഫ്ലോറാസ്ക ആശുപത്രിയിലാണ് സംഭവം. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതയായ സ്ത്രീ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു. ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിക്കുന്ന വൈദ്യുത ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടരുകയും രോഗിയുടെ ശരീരത്തില്‍ 40% പൊള്ളലേല്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനിയാണ് ഉപയോഗിച്ചത്. അതിന് പെട്ടന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്.

ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്സ് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൊമാനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചതാണെന്ന് ശസ്ത്രക്രിയാ വിദഗ്ധർ അറിയേണ്ടാതാണ്’ എന്ന് റൊമാനിയന്‍ മന്ത്രി ഹൊറാറ്റിയു മോൾഡോവൻ പറഞ്ഞു.

ആശുപത്രി അധികൃതര്‍ ഒരു അപകടം സംഭവിച്ചു എന്നുമാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. റൊമാനിയയിലെ ആരോഗ്യരംഗം താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടേയും കുറവും, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.