Crime

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.

സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.

താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.

അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.

 

ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.

പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.

ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.

അശ്ലീലതയുടെ അതിപ്രസരത്തിന് കടിഞ്ഞാൻ. ചൈൽഡ് പോൺ കൈമാറ്റത്തിന്റെ പേരിൽ നിരീക്ഷണത്തിലായിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ശുദ്ധീകരണം. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നു പന്ത്രണ്ട് പേർ പൊലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് മലയാളികൾ നിയന്ത്രിച്ചിരുന്ന അശ്ലീല ഗ്രൂപ്പുകളിൽ ശുദ്ധീകരണം നടത്തിയത്. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരു മാറ്റി, ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. അഡ്മിൻമാർ തങ്ങളുടെ തടിരക്ഷിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

മലയാളികൾ അഡ്മിൻമാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങൾ കാണാതെ വാലും തുമ്പുമില്ലാത്ത ചർച്ചകൾ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേർ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ വിഡിയോകൾ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിൻമാർ തന്നെ നിയമങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലുള്ളവർക്ക് എന്തും പോസ്റ്റ് ചെയ്യാമെന്നതും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിനു മുൻപ് തന്നെ പ്രചരിക്കുമെന്നതും ഇത്തരം ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ പ്രചരിക്കാനിടയാക്കിയിരുന്നു.

കൂടാതെ ചൈൽഡ് പോൺ‌ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും തുടർന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പോൺ വിഡിയോകൾ ഇപ്പോൾ കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ്.

അഖിൽ ഭാരത് ഹിന്ദു മഹാസഭാ നേതാവായ കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടു. ലഖ്നൗവിലെ തന്റെ വീട്ടിനകത്താണ് കുത്തേറ്റ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തിവാരിയുടെ കഴുത്തിനു ചുറ്റും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അയോധ്യ കേസിൽ അപ്പീൽ നൽകിയവരിലൊരാളാണ് തിവാരി. ഇദ്ദേഹത്തിന്റെ മരണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രോഷാകുലരായ ഇദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. അമിനാബാദിലും ഫത്തേഗഞ്ചിലും കടകൾ അടപ്പിച്ചിട്ടുണ്ട് ഇവർ. സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട് അധികാരികൾ.മൃതദേഹം പോസ്റ്റുമോർട്ട് ചെയ്തിട്ടില്ല ഇതുവരെ.

തിവാരിയെ കാണാനായി രാവിലെ 11 മണിയോടെ രണ്ടുപേർഡ വന്നതായി അദ്ദേഹത്തിന്റെ അനുയായിയായ സ്വതന്ത്രദീപ് സിങ് പറയുന്നു. തിവാരി ഇരുവരെയും തന്റെ വീടിന്റെ ഒന്നാംനിലയിലേക്ക് കൊണ്ടുപോയി. വന്നവരിലൊരാൾ സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞതനുസരിച്ച് താൻ പുറത്തുപോയി വന്നപ്പോഴേക്ക് കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടിരുന്നെന്ന് സ്വതന്ത്രദീപ് പറഞ്ഞു. സ്ഥലത്തു നിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

2015ൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയയാളാണ് കൊല ചെയ്യപ്പെട്ട തിവാരി. ഇദ്ദേഹത്തിന്റെ പ്രസ്താവന കൊൽക്കത്തയിൽ കലാപമുണ്ടാക്കുകയും ചെയ്തു. തിവാരിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇദ്ദേഹം പിന്നീടും തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുകയുണ്ടായി.

അതെസമയം, കമലേഷിനെ കൊല ചെയ്തവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും കാവിവേഷധാരികളാണ്. ഇവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടില്ല. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കമലേഷ് തിവാരിയുടെ മരണം ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഈ കൊലപാതകം വ്യക്തിവിദ്വേഷത്തിൽ നിന്നുണ്ടായതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ട് റിപ്പോർട്ടിനു കാക്കുകയാണ് പൊലീസ്.

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.

ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.

തെന്നിന്ത്യയിൽ ഒട്ടേറെ അനുയായികളുള്ള ആൾദൈവം കൽക്കി ഭ​ഗവാന്റെ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് റെയ്ഡിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ. റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.

കൽക്കി ആശ്രമങ്ങളിലടക്കം കർശന പരിശോധനയാണ് നടത്തിയത്.ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കൽക്കി ഭഗവാനുള്ളത്.

 

അലയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പദൊരെയുടെ കൊലപാതകത്തില്‍ ചാന്‍സലറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു.

അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഡോ അയ്യപ്പ ദൊരെയുടെ ജീവനെടുത്തത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിന്‍റെ സഹായിയും ഒാഫീസ് എക്സിക്യൂട്ടീവുമായ സൂരജ് സിങ് പിടിയുലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയപ്പോഴാണ് ബെംഗളൂരു ആര്‍ ടി നഗറിലെ എച്ച് എം ടി ഗ്രൗണ്ടില്‍ വച്ച് ഡോ അയ്യപ്പ ദൊരെയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ…..

അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചാന്‍സലര്‍ സുധീര്‍ അംഗൂറും സഹോദരന്‍ മധുകര്‍ അംഗൂറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തിനൊടുവില്‍ മധുകറിന് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്നാണ് മധുകറിനെയും, ഇയാളുടെ സുഹൃത്തും മുന്‍ വൈസ് ചാന്‍സലറുമായ ഡോ അയ്യപ്പ ദൊരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിച്ചത്. സുധീറിന്‍റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു.

ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. ഇതിന് പിന്നാലെ അക്രമികള്‍ രാത്രി നടത്തത്തിനിറങ്ങിയ ഡോ അയ്യപ്പ ദൊരെയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തെങ്കിലും , ക്വട്ടേഷന്‍ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു

ആലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാര ത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.

വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Copyright © . All rights reserved