ഏരൂര്‍ എല്‍.പി സ്‌കൂളില്‍ കളിക്കുന്നതിനിടെ മാലിന്യടാങ്കിലേക്ക് വീണ് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നുള്ള മാലിന്യ ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുണ്ടായില്ല.
ഇടുക്കി വാത്തിക്കുടിയിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസുകാരി കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം തുടങ്ങി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന് വ്യക്തമാകു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതൽ ആയതിനെ തുടർന്ന് യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. ജനിച്ചപ്പോൾ തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി.
യുവതിക്ക് നേരത്തെ ഒരു ചെറുപ്പക്കാരനുമായി ബന്ധം ഉണ്ടായിരുന്നു, മറ്റൊരു വിവാഹം കഴിച്ച ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം മറവു ചെയ്യാൻ സുഹൃത്തിന്റെ സഹായം തേടി, സുഹൃത്തു സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു
തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊന്നവരെ തെളിവെടുപ്പിന് കൊണ്ടുന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. കൊലയാളിക്കു നേരെ നാട്ടുകാര്‍ അസഭ്യം ചൊരിഞ്ഞു. സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ പ്രതികളെ പൊലീസ് വേഗം മടക്കി.
കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലയാളി സംഘം തടഞ്ഞുനിര്‍ത്തിയ ഭാഗത്തായിരുന്നു ആദ്യം തെളിവെടുപ്പ്. അപകട നാടകം സൃഷ്ടിച്ച ശേഷം മനോഹരനെ പുറത്തിറങ്ങിയ സ്ഥലം. അവിടെ നിന്ന് ബലംപ്രയോഗിച്ച് കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരിപ്പ് അവിടെതന്നെ വീണിരുന്നു. ഇതു കണ്ടെടുത്തു.
പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തേയ്ക്കും പൊലീസ് കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറിയത്. അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. പ്രതികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ക്കു നേരെ നാട്ടുകാര്‍ രോഷാകുലരായി. അസഭ്യ വാക്കുകളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഇതോടെ, പൊലീസിന് അപകടം മണത്തു. പ്രതികളെ സുരക്ഷിതരായി വേഗം ജീപ്പില്‍ കയറ്റി മടങ്ങി.
മനോഹരന്‍റെ കാറും പ്രതികളുടെ ബൈക്കും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. ഫോണിലെ സിം കാര്‍ഡ് ഒടിച്ചു വലിച്ചെറിഞ്ഞ ഇടപ്പള്ളിയിലേക്കും പ്രതികളെ കൊണ്ടപോകും. മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂരിലേക്കും കാര്‍ ഉപേക്ഷിച്ച അങ്ങാടിപ്പുറത്തേയ്ക്കും പ്രതികളെ എത്തിക്കും. ഇതിനായി, വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അൻസാറിനെ ഇരിങ്ങാലക്കുട സബ് ജയിലിലും സ്റ്റിയോ, അനസ് എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ് താമസിപ്പിക്കുക.
തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.
അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.
പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.
ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.
തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.
ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.
14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.
പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.
പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.
ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.
‘ടാര്‍സന്‍’ സിനിമയിലെ നായകന്‍ റോണ്‍ എലീയുടെ മകൻ അമ്മയെ വെടിവെച്ചു കൊന്നു. പൊലീസുമായി നടന്ന ഏറ്റുമുട്ടിലിൽ മകനെയും പൊലീസ് വെടിവെച്ചു കൊന്നു. ലോകപ്രശ്സ്ത സിനിമയായ ടാർസൻ എന്ന സിനിമയിലൂടെ പ്രസിദ്ധനാണ് റോണ്‍ എലീയുടെ ഭാര്യ വലേറി ലന്‍ഡീനാണ് (62) മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ മകന്‍ കാമറണിനെ (30) പിടിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഇയാൾ പൊലീസുകാരെ വെടിവെച്ചത്.
ഇതോടെ പൊലീസും തിരികെ വെടിവെച്ചു. ഏറ്റുമുട്ടലിൽ കാമറൺ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍. 1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്.
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. യുവതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.
എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.
രക്ഷിതാക്കളോട് വാദിച്ചും കലഹിച്ചുമാണ് പല പ്രണയബന്ധങ്ങളും വിവാഹം വരെ എത്തുന്നത്. ഇവിടെ സംഭവിച്ചതും അതുതന്നെ. സ്‌നേഹിക്കുന്ന ആളുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി. വീട്ടുകാരെ കണ്ണീരിലാക്കിയ നിമിഷം. മകളുടെ ഇഷ്ടം നടത്തികൊടുത്തിട്ടും മകളെ നഷ്ടപ്പെട്ടു.
ചന്ദനയെപ്പറ്റി സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ… ഇപ്പോഴും വിശ്വസിക്കാന്‍ സാധികുന്നില്ല അവള്‍ ഇന്ന് ഈ ഭൂമിയില്‍ ഇല്ല എന്ന്.. അവനെ എനിക്ക് ജീവനാടി വീട്ടില്‍ സമ്മതിക്കില്ല പക്ഷേ അവന്‍ വെല്‍ഡര്‍ ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസില്‍ അവള്‍ എന്നോട് പറഞ്ഞതാ.. ഒരുപാട് കേട്ട പേരാണ് പ്രിജിന്‍.. പിന്നെ ഒരിക്കല്‍ ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടില്‍ സമ്മതിച്ചു, നീ കല്യാണം വിളിച്ചാല്‍ വരില്ലേ?എപ്പോ എത്തി ചോദിച്ചാല്‍ മതി നീ മുന്‍പേ പറയണം അതായിരുന്നു അവസാന കോള്‍.. പിന്നീട് ഒട്ടും പ്രതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാര്‍ത്തയാണ്.
മരണ കാരണം സ്ത്രീധനം ആണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല.അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.. 8 വര്‍ഷത്തെ പ്രണയം. അതിനിടയില്‍ സ്ത്രീധനം എങ്ങനെയാണ് വില്ലന്‍ ആയത്. പ്രാര്‍ത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടി..ശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത്. ഈ 22വര്‍ഷം ജീവനു തുല്യം സ്‌നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓര്‍ത്തില്ലല്ലോ.
പെണ്‍കുട്ടികള്‍ക്ക് വര്‍ഷങ്ങള്‍ സ്‌നേഹിച്ച കഥ ഉണ്ടാവും പറയാന്‍. പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാല്‍ അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം.. പറയാന്‍ എളുപ്പം ആണ് അറിയാം. ഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ. ഇതുപോലെ ഒന്നും ചെയ്‌തേക്കല്ലേ.. എനിക്ക് ഇത് അവളോട് പറയാന്‍ പറ്റിയില്ലെന്ന് സുഹൃത്ത് പറയുന്നു.
ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഇന്ത്യൻ ദമ്പതികൾക്ക് ഷാർജ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ ഇന്ത്യൻ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലിൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്. സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന നിരവധി വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.