വിഷംചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും ദാരുണാന്ത്യം.തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
എട്ട് വയസ്സുകാരന്‍ രാം ചരണും പിതാവുമാണ് മരിച്ചത്. അമ്മാവന്‍ വാങ്ങിനല്‍കിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്അതേ സമയം കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സംശയം.
രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.വിഷംകേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.അന്വേഷണം നടന്നുവരുകയാണ്.
ആഘോഷങ്ങളുടെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും പുതിയൊരു വാര്‍ത്തകൂടി. ഇത്തവണ ഇരയായത് ഒരു അമ്മയും മകനുമാണ്.
ഓണാഘോഷത്തിന്‍റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മക്കും മകനും പരിക്കേറ്റു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല ഇക്ബാൽ കോളജിലെ വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തിനിടെയാണ് അപകടം.
ബൈക്കുകള്‍ നൂറോളം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് അപകടത്തില്‍ കലാശിച്ചത്. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചുവീഴ്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഗതാഗതം വിദ്യാർത്ഥികൾ സ്‍തംഭിപ്പിക്കുകയും ചെയ്‍തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുത്തൂറ്റ് ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ (പോൾ മുത്തൂറ്റ്) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല ചെയ്യാനുള്ള ഉദ്ദേശ്യമോ തയാറെടുപ്പോ കൂട്ടായ ലക്ഷ്യമോ പ്രതികൾക്ക് ഉണ്ടായിരുെന്നന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി.
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നു മുതൽ ഒമ്പത് വരെ പ്രതികളായ സത്താർ, സുജിത്ത്, ആകാശ് ശശിധരൻ, സതീശ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഒമ്പതാം പ്രതി ഫൈസൽ ഒഴികെയുള്ളവർക്കെതിരെ അന്യായമായി സംഘംചേരൽ, മാരകായുധം കൈവശംെവക്കൽ, കൂട്ടംചേർന്ന് മർദിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നിലനിൽക്കും. ഫൈസലിനെ നിരപരാധിയാണെന്ന് കണ്ട് കുറ്റമുക്തനാക്കി. അതേസമയം, അപ്പീൽ നൽകാത്തതിനാൽ രണ്ടാം പ്രതി കാരി സതീഷിനെതിരായ ജീവപര്യന്തം നിലനിൽക്കും.
സതീഷ് അടക്കം ഒമ്പതുപേർക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 2015 സെപ്റ്റംബർ ഒന്നിന് ജീവപര്യന്തം വിധിച്ചത്.
കേരളം നടുങ്ങിയ കൊലപാതകം. കഥകൾ ഒട്ടേറെ പ്രചരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് പോലെ അതിസമ്പന്നരായ സംഘത്തിലെ പ്രധാനിയെ റോഡരികിൽ ഗുണ്ടാസംഘം കുത്തിക്കൊല്ലുക. അതും കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിെനാപ്പം വണ്ടിയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ. വർഷങ്ങൾക്കിപ്പുറം ഇന്ന് അതേ കേസിലെ പ്രതികൾ ജീവപര്യന്തം ശിക്ഷയിൽ നിന്നും ഉൗരി പോകുന്ന കാഴ്ച. ഇത്തരത്തിൽ സംശയങ്ങളും ചോദ്യങ്ങളും വിവാദങ്ങളും ഇൗ കേസിനെ വിടാതെ പിന്തുടരുകയാണ്. യുവ വ്യവസായി പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തിലെ പ്രതികൾ പോലും ഇങ്ങനെ രക്ഷപ്പെടുമ്പോൾ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തിൽ മാപ്പുസാക്ഷികളായിരുന്നു.
വാദങ്ങൾക്ക് ശേഷം 2015 സെപ്റ്റംബറില്‍ കേസിലെ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിരുന്നു. മറ്റു നാലു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയുമാണു വിധിച്ചത്. ഇതിനോടനുബന്ധിച്ച ക്വട്ടേഷന്‍ കേസില്‍ 13 പ്രതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും മൂന്നു വര്‍ഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ശിക്ഷ വിധിച്ചു. പോള്‍ വധക്കേസില്‍ കാരി സതീഷ് അടക്കം ആദ്യ ഒന്‍പതു പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആര്‍. രഘു വ്യക്തമാക്കിയിരുന്നു.
ചങ്ങനാശേരി സ്വദേശികളായ ടി. ജയചന്ദ്രന്‍, കാരി സതീഷ്, എസ്. സത്താര്‍, എസ്. സുജിത്ത്, ആകാശ് ശശിധരന്‍ എന്ന രാജേഷ്, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോ എന്ന ഷിനോ പോള്‍, എച്ച്. ഫൈസല്‍ , ആലപ്പുഴ സ്വദേശികളായ എം. അബി, എം. റിയാസ്, കെ. സിദ്ദിഖ്, എ. ഇസ്മായില്‍ എന്നിവരെയാണു ശിക്ഷിച്ചത്. ഇതില്‍ ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. അബിയും റിയാസും സഹോദരങ്ങളാണ്. കൊലക്കേസില്‍ ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ടമറുപടിയുമായി എസ്.ഐ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഭീഷണി.സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് തമ്മിലടിച്ചപ്പോൾ ഇടപെട്ടതാണെന്നും എസ്എഫ്ഐയുടെ നേതാവിനെ സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുവിട്ടെന്നും എസ്.ഐ വ്യക്തമാക്കി.
എന്നാൽ കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് ഇടപ്പെടാൻ സിപിഎം നേതാവ് ആവശ്യപ്പെടുകയായിരുന്നു.രാഷ്ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും നിങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ വേറെ എസ്.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.
നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി. നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ അമൃത് രംഗൻ വ്യക്തമാക്കി. ഒരു പാർട്ടിയോടും കൂറില്ല,ഇവിടെ ഇരിക്കാമെന്ന് വാക്കും പറഞ്ഞിട്ടില്ലെന്നും എസ്.ഐ കൂട്ടിച്ചേർത്തു. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മിൽത്തല്ലാൻ ഞാൻ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേൽ ചാകാൻ റെഡിയായിട്ടാ വന്നേക്കണേ എന്നും പറഞ്ഞു.
ഇതോടെ സക്കീർ ഹുസൈൻ തന്നേക്കാൾ വലിയ ഉദ്യോഗസ്ഥൻമാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണതെന്നായി. പല ഉദ്യോഗസ്ഥരെയും താൻ വിളിച്ച് സംസാരിക്കാറുണ്ടെന്നും തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോയെന്നും എസ്.ഐയോട് ചോദിച്ചു.
എന്നാൽ അത് തനിക്ക് അറിയില്ലെന്നും ഈ യൂണിഫോം ടെസ്റ്റ് എഴുതിയാണ് പാസായതെന്നും എസ്.ഐ വ്യക്തമാക്കി. ” നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാൻ. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റൂല്ല,” എസ്.ഐ പറഞ്ഞു.
വെള്ളറട: മോഷണക്കേസുകളിൽ കുടുക്കി ഹൃദ്രോഗിയായ നിരപരാധിയെ ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്പെൻഡ് ചെയ്തു. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച് 21 ദിവസം ജയിലിലടച്ചത് . തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.
2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ.തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു.
തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻെറ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി.
കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.
രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
അവശനായ റജിൻെറ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു.
കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കയത്.
മുളക് അരച്ചുപുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി…
കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സിഐയും എസ്ഐയുെ ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിൻെറ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർചേർന്ന് ഇടിച്ചു.
ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്പ്രേയും നടത്തി.
അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.
കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനമെന്നും ജയിലിലും ബോധം കെട്ടുവീണുവെന്നും റജിൻ പറഞ്ഞു.
രാജ്‌കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ അറസ്റ്റില്‍. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ തന്‍റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു.
ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നു.
ജീപ്പിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യപ്പെടുന്നു.
Check out this person setting his jeep on fire for a tik tok video in Rajkot.. Hope there’s some action. Let’s make him more famous.. @hvgoenka pic.twitter.com/eO5HgfilSq
— Dinesh Joshi. (@dineshjoshi70) September 3, 2019
ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ സാന്റാ ബാർബര കൗണ്ടിയിൽ തിങ്കളാഴ്ച രാത്രി ബോട്ടിനു തീപിടിച്ച് മരിച്ച 25 പേരുടെ മൃതദേഹങ്ങൾ കിട്ടിയെന്ന് തീരസംരക്ഷണ സേന സ്ഥിരീകരിച്ചു. കാണാതായ ഒന്‍പതു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കും അപായം സംഭവിച്ചിരിക്കാനാണു സാധ്യതയെന്നു കരുതുന്നു.
സാന്റാക്രൂസ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന കൺസെപ്ഷൻ എന്ന മൂന്നുനില ബോട്ടിനാണു തീപിടിച്ചത്. ഡക്കിലുണ്ടായിരുന്ന അഞ്ചു ജീവനക്കാരെ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി ഷെറീഫ് ബിൽ ബ്രൗൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
85 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.
അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.
91 വയസുകാരനായ മുന്‍ ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനെ മരുന്ന് കൊടുത്ത് മയക്കിയ ശേഷം വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. സൗത്ത് ഡല്‍ഹി ജികെ 2 മേഖലയിലാണ് സംഭവം. 91കാരനായ കിഷന്‍ ദേവ് ഖോസ്ലയേയും ഭാര്യ സരോജിനേയുമാണ് 28കാരനായ വീട്ടുജോലിക്കാരന്‍ കിഷന്‍ മയക്കിക്കിടത്തിയത്. കിഷന്‍ ദേവ് ഖോസ്ലയെ ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു.
ചായയില്‍ മയക്കുമരുന്ന് കലക്കിക്കൊടുക്കുകയാണ് ചെയ്തത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോയി വിലപേശാനായിരുന്നു പരിപാടി എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞത്. ഖോസ്ലയെ ഫ്രിഡ്ജിലാക്കി ടെംപോയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ കിഷന്‍ ദേവ് ഖോസ്ല മരിച്ചതായി മനസിലായി. സംഗം വിഹാറിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കിഷനും സംഘവും ഖോസ്ലയെ കുഴിച്ചിട്ടു. കിഷന്‍ ദേവ് ഖോസ്ലയുടെ ചീത്തവിളിയും ശകാരവും സഹിക്കാന്‍ വയ്യാതെയാണ് ഇത് ചെയ്തത് എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഒരു മാസം മുമ്പ് തുടങ്ങിയരുന്നതായും ജോലിക്കാരന്‍ പറയുന്നു.
പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റപ്പോളാണ് ഭര്‍ത്താവിനെ കാണാനില്ല എന്ന് സരോജിന് മനസിലായത് എന്ന് പൊലീസ് പറയുന്നു. ഫ്രിഡ്ജും കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിഷന്‍ ഫ്രിഡ്ജുമായി പുറത്തേയ്ക്ക് പോകുന്നത് കണ്ടതായി ഫ്‌ളാറ്റ് സെക്യൂരിറ്റി പറയുന്നു. എന്നാല്‍ ഫ്രിഡ്ജ് നേരെയാക്കാന്‍ കൊണ്ടുപോവുകയാണ് എന്നാണ് സെക്യൂരിറ്റി കരുതിയത്. രണ്ട് വര്‍ഷം മുമ്പാണ് ഖോസ്ലയും ഭാര്യയും ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയത്. മക്കള്‍ രണ്ട് പേരും ഓസ്‌ട്രേലിയയിലാണ്.