ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുടെ മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.
അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.
കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സന്ദേശം കണ്ട് പരിഭ്രാന്തരായി പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം.
ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്നു സെൽഫി സന്ദേശം ഫോർവേഡ് ചെയ്തു കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നൽകി.
ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ തള്ളി മാറ്റിയതാവട്ടെ അടുത്തുള്ള കണ്ടത്തിലേക്കും. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ദുരന്തം വഴി മാറി. യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് മാണൂര്‍ സ്വദേശിയെ പരുക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈര്യാഗത്തിലുള്ള ആക്രമണത്തിനു ഒരു ഇര കൂടി. ഇത്തവണ പാലക്കാട് മാണൂര്‍ സ്വദേശിനി അമൃതയാണ് മുന്‍കാമുകന്റെ കുത്തേറ്റ് ആശുപത്രിയിലായത്. കോയമ്പത്തൂര്‍ ആര്‍.കെ. നഗറിലെ സ്വകാര്യ ഐ.ടി പരിശീലന സ്ഥാപനത്തിന് മുന്നില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം.
ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവതിയെ ഇരുചക്രവാഹനത്തില്‍ എത്തിയ മുന്‍കാമുകന്‍ കുത്തുകയായിരുന്നു. വയറില്‍ പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച മാണൂര്‍ സ്വദേശി സുരേഷിനെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. അമൃതയും സുരേഷും ഡിഗ്രിക്കു ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും സൗഹൃദത്തിലുമായിരുന്നു. പഠനശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം അമൃതയും കുടുംബവും തള്ളി. പലതവണ ആവശ്യപെട്ടിട്ടും യുവതി നിലപാടില്‍ ഉറച്ചുനിന്നു.ഇതോടെയാണ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് കാത്തിരുന്ന് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
തിരുവനന്തപുരം തുമ്പ എസ്.ഐക്കെതിരെ പീഡനത്തിന് കേസെടുത്തു. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ വ്യാജപരാതിയെന്ന സംശയത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെയാണ് മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തത്. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മ്യൂസിയം സ്റ്റേഷനിലെത്തി പരാതിയും മൊഴിയും നല്‍കിയതോടെയാണ് കേസെടുത്തത്.
രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സുമേഷാണ് ആത്മഹത്യക്ക് കാരണമെന്നും എഴുതിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി പൂര്‍ണമായും സത്യമാണോയെന്ന് സംശയമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.
ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.
തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. യുവാവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രീസ് അബോധാവസ്ഥയില്‍ ആയപ്പോളാണ് ആള്‍ക്കൂട്ടം യുവാവിനെ പൊലീസിന് കൈമാറിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു. കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.
അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു.
ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ, മെറിൻ മരണപ്പെട്ടത് ആലപ്പുഴയിൽ ആയതിനാൽ കേസ് കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്കു മാറ്റി.
കഴിഞ്ഞ വർഷം നവംബർ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആണ് മെറിനും തിരൂർ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിൻ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കൾ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവർ ആലപ്പുഴയിൽ എത്തിയപ്പോഴാണ് മെറിൻ മരിച്ച വാർത്ത അറിയുന്നത്.
മെറിന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിൻ തൂങ്ങിമരിക്കാൻ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകൾ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിൻ സന്തോഷത്തിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
മെറിന്റെ മരണശേഷം ഭർത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയർത്തുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിന്റെ മാതാപിതാക്കളിൽനിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അവരുടെ പരാതി പ്രകാരം പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.
അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഒരു സിറിയൻ പൌരൻ കൊല്ലപ്പെട്ടു.
ഇന്നലെ രാത്രി ഒൻപതു പത്തിനാണ് യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെയുള്ള അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയത്. ഈ മാസം രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നാലു ഇന്ത്യക്കാരടക്കം 21 പേർക്കു പരുക്കേറ്റു. അബ്ഹയിൽ പത്തുവർഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കു ആക്രമണത്തിൽ പരുക്കേറ്റു. മകനെ നാട്ടിലേക്ക് യാത്രഅയക്കാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും.
ഇടതുനെഞ്ചിൽ പരുക്കേറ്റ സെയ്ദാലിയെ സൌദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങി വിവിധ രാജ്യങ്ങൾ അപലപിച്ചു