ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും.
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.ഉദ്യോഗ്ഥരെ നിലക്കു നിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.
ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.
വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അവർക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും അവരുടെ എതിർപ്പ് നിലനിൽക്കെ ആന്തൂർ പോലെ ഒരു പാർട്ടി ഗ്രാമത്തിൽ തുടർന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു.
പി.കെ.ശ്യാമളയ്ക്കും ഭർത്താവ് എം.വി.ഗോവിന്ദനുമൊക്കെ പ്രദേശത്തു നല്ല സ്വാധീനമുണ്ട്. അവരുടെ എതിർപ്പു മറികടന്നു പ്രവർത്തിപ്പിക്കുമ്പോൾ 18 കോടി മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ആക്രമിക്കപ്പെടുമോ എന്നു വരെ ഭയപ്പെട്ടു. അധ്യക്ഷയ്ക്കെതിരെ പരാതി പറഞ്ഞതിനാൽ സാജേട്ടന്റെ ജീവനു ഭീഷണിയുണ്ടാകുമോ എന്നു പോലും ഭയമുണ്ടായിരുന്നു.
പാർട്ടി കേന്ദ്രങ്ങളിൽ പാർട്ടിക്ക് ഇഷ്ടമില്ലാത്തതു ചെയ്തവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തല്ലിത്തകർക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. വിദേശത്തുനിന്നു മടങ്ങിയെത്തി ഇവിടെ സ്ഥിര താമസം ആക്കിയതു മുതൽ അത്തരം കഥകളൊക്കെയാണു കേട്ടിരുന്നത്. ഇതും അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ കൺവൻഷൻ സെന്റർ പാർട്ടിക്കു തന്നെ നൽകി കയ്യൊഴിഞ്ഞാലോ എന്നു വരെ ആലോചിച്ചു.
നഗരസഭയുടെ അനുമതി കിട്ടാത്തതു കൊണ്ടു മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്നാണിപ്പോൾ പലരും ചോദിക്കുന്നത്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതിൽനിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ മുഖത്തു നോക്കി പറയുന്നത് ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ല’ എന്ന്.
അനുമതിക്കായി നടന്നു മടുത്ത സാജേട്ടൻ അവസാന ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രാവിലെ വീട്ടിൽനിന്നു പോയാൽ രാത്രി ഏറെ വൈകിയാണു തിരിച്ചു വരുന്നത്. ഉറക്കം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന അദ്ദേഹത്തെ ഏറെ തകർന്ന അവസ്ഥയിലാണു കണ്ടത്. 10 കോടി രൂപയായിരുന്നു കൺവൻഷൻ സെന്ററിനായി അദ്ദേഹം മനസ്സിൽ കണക്കാക്കിയിരുന്നത്. എന്നാൽ 3 വർഷം കൊണ്ടു നഗരസഭയുടെ ഉടക്കു കൊണ്ട് ഉദ്ദേശിച്ച സമയത്തൊന്നും പണി പൂർത്തിയായില്ല. വീണ്ടും അധിക തുക കണ്ടെത്തേണ്ടി വന്നു.
അനുമതി നൽകിയില്ലെങ്കിൽ മുന്നോട്ടുള്ള വഴിയടയുമെന്നു നഗരസഭാധ്യക്ഷയോടു പറഞ്ഞിരുന്നു. അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നാണു പി.കെ.ശ്യാമള അപ്പോൾ പറഞ്ഞത്. എന്റെ കാലശേഷം എന്റെ മക്കൾക്കെങ്കിലും നിങ്ങൾ അനുമതി കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിട്ടാണു മടങ്ങിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോൾ വളരെ നിരാശനായിരുന്നു. തുരുമ്പെടുത്തു നശിക്കട്ടെ, തൂക്കി വിൽക്കാം, ഇനി പുറകേ പോകാൻ വയ്യ എന്നാണു പറഞ്ഞത്
വേണമെങ്കിൽ ഞാൻ പോയി പി.കെ.ശ്യാമളയുടെ കാൽ പിടിക്കാം എന്നു പറഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ഒരിക്കലും എന്നെ വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. അന്നെന്നോടു പോകാമോ എന്നു ചോദിച്ചു. പിന്നെ പറഞ്ഞു, ആരും പോയിട്ട് കാര്യമില്ല, ഒരിക്കലും അനുമതി കിട്ടാൻ പോകുന്നില്ല
നഗരസഭാധ്യക്ഷയ്ക്കെതിരെ നടപടിയെടുക്കുമെന്നാണു വീട്ടിലെത്തിയ സിപിഎം നേതാക്കൾ ഉറപ്പു പറഞ്ഞത്. ആ വാക്കിൽ വിശ്വാസമുണ്ട്. പാർട്ടി ശാസനയോ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കലോ പോരാ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അവരുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം മാത്രമായിരുന്നു ആത്മഹത്യക്കു കാരണം
സാജേട്ടൻ മരിച്ച് ഒരാഴ്ചയാകാറായി. മരണവും വിവാദവും ഒക്കെ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതിനെക്കുറിച്ചു മാത്രം ആരും പറയുന്നില്ല. ഭർത്താവും കുട്ടികളുമായി ചെറിയ ഒരു ലോകത്തു ജീവിച്ചയാളാണു ഞാൻ. ഒരുപാടു കാര്യങ്ങൾ പാതിവഴിക്കു നിർത്തിയിട്ടാണ് അദ്ദേഹം പോയത്. ഇനി അതെല്ലാം ചെയ്തു തീർക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി.
18 കോടിയുടെ സ്ഥാപനവും രണ്ടു മക്കളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കേണ്ടതുണ്ട്. നൈജീരിയയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ട എന്നെയും മക്കളെയും നാടിന്റെ സ്നേഹം അറിയാമെന്നു പറഞ്ഞു പിടിച്ചു വലിച്ചാണു 4 വർഷം മുൻപ് ഇങ്ങോട്ടു കൊണ്ടു വന്നത്. കൺവൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ ഈ 3 വർഷം അദ്ദേഹം അനുഭവിക്കാത്ത പീഡനമില്ല. ഇതാണോ ഈ നാടിന്റെ സ്നേഹം.
ജൂൺ 2നു പി.ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജേട്ടൻ പങ്കെടുത്തിരുന്നു. അതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. ‘ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു’ എന്ന് വളരെ വിഷമത്തോടെയാണ് വീട്ടിൽ പറഞ്ഞത്. പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടതു മുതൽ ശ്യാമള പകയോടെ പെരുമാറി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും പി.ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു
ഇനിയും ജയരാജനെ കണ്ടാൽ അവർക്കു പക കൂടും. പ്രായമായ എന്റെ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. മേലാൽ വരരുതെന്നു പറഞ്ഞ് അപമാനിച്ചയച്ചു.എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ ഞങ്ങളെ കൂടുതൽ ദ്രോഹിച്ചത്. ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എം.വി.ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ വക പൊതിരെ തല്ല് . സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി മുട്ടപ്പള്ളി വേലംപറമ്പിൽ ആൽബിൻ വർഗീസിനെ(20) കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.
എരുമേലിയില്‍ കോളജില്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയോട് കുറെനാളുകളായി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെയാണു പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടര്‍ന്നു വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പലതവണ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളേജ് വിട്ടുവരുമ്ബോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി വഴങ്ങിയില്ല.
പക തീർക്കാൻ ക്യാംപസിലെത്തി കരണത്തടിക്കുകയായിരുന്നെന്നു വിദ്യാർഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാർഥിനിയുടെ ബന്ധുക്കൾ മുക്കൂട്ടുതറ കവലയിൽ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തെന്നു എരുമേലി സിഐ ദിലീപ് ഖാൻ പറഞ്ഞു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കൻ മേഖലയിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
കടുത്ത മര്‍ദനത്തെ തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും നിരന്തര മര്‍ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്താണ് വൃദ്ധയായ മാതാവ് മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസം കോടതിയിലെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി ജീവനക്കാരനായ ഇവരുടെ അയല്‍വാസി വിവരമറിയിച്ചതോടെയാണ് മകന്റെയും മരുമകളുടെയും ക്രൂരത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ ഇദ്ദേഹമാണ് കേസിലെ പ്രധാന സാക്ഷിയും. തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദനം.
ഒരു ദിവസം മകളെയുമെടുത്ത് പ്രതിയായ സ്ത്രീ തന്റെ ഫ്ലാറ്റിലെത്തുകയായിരുന്നുവെന്ന് സാക്ഷി പൊലീസിനോട് പറഞ്ഞു. നാട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ അമ്മ വന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ കുഞ്ഞിനെ നേരാംവണ്ണം നോക്കുന്നില്ലെന്നും ഇവര്‍ പരാതി പറഞ്ഞു. ഇത് കാരണം കുഞ്ഞിന് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിനാല്‍ ജോലി കഴിഞ്ഞ് താന്‍ വരുന്നത് വരെ മകളെ അയല്‍വാസി നോക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ബാര്‍ക്കണിയില്‍ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. ശരീരത്തിലെ അല്‍പം വസ്ത്രം മാത്രമാണുണ്ടായിരുന്നത്. ഇതിന് പുറമെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഉടന്‍ അയല്‍വാസി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ശേഷം ഇവരുടെ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അമ്മ നിലത്ത് കിടക്കുന്നതാണ് കണ്ടത്. വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അടിയന്തര വൈദ്യ സഹായം വേണ്ട സാഹചര്യമാണെന്ന് മനസിലായ അയല്‍വാസി ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ പോലും ശരീരത്തിലെ പൊള്ളലുകള്‍ കാരണം അമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ അമ്മയ്ക്കൊപ്പം ആംബുലന്‍സില്‍ കയറാന്‍ മകന്‍ തയ്യാറായില്ല. ഇയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. കൂടെ പോകണമെന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടും ഗൗനിച്ചില്ല. പിന്നീട് പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായത്.
ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കൈകളിലും കാലുകളിലും നീരുമുണ്ടായിരുന്നെന്ന് പാരാമെഡിക്കല്‍ ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലിന്റെ കാരണം ചോദിച്ചപ്പോള്‍ അമ്മ തന്നെ സ്വന്തം ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നാണ് മകന്‍ പറഞ്ഞത്. അമ്മയുടെ അവസ്ഥ ശ്രദ്ധിക്കുക പോലും ചെയ്യാതെ വളരെ ദൂരേക്ക് മാറി നില്‍ക്കുകയായിരുന്നു അയാളെന്നും പാരാമെഡിക്കല്‍ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ മകന്‍ സഹായിച്ചില്ല. മറിച്ച് അയല്‍വാസികളായിരുന്നു സഹായിക്കാനെത്തിയതെന്നും ഇയാള്‍ പറഞ്ഞു.
പിന്നീട് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണസമയത്ത് അമ്മയ്ക്ക് 29 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. എല്ലുകളിലും വാരിയെല്ലിനുമുണ്ടായ പൊട്ടലുകള്‍. ആന്തരിക രക്തസ്രാവം, വിവിധ ഉപകരണങ്ങള്‍ കൊള്ളുള്ള മര്‍ദനം, പൊള്ളലുകള്‍, പട്ടിണി തുടങ്ങിയയാണ് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. കേസില്‍ വിചാരണ ജൂലൈ മൂന്നിന് തുടരും.
രാജ്യത്തെ നടുക്കി ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് ആശുപത്രി മറ്റൊരു വിവാദത്തിലും നിറയുകയാണ്. ആശുപത്രിയുടെ പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.
‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.
ബിഹാറിൽ ഇതുവരെ 145 കുട്ടികളാണ് മസ്തിഷക ജ്വരത്തെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലായി ശനിയാഴ്ച 7 കുട്ടികള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു.
Bihar: Human skeletal remains found behind Sri Krishna Medical College & Hospital, Muzaffarpur. SK Shahi, MS SKMCH says,”Postmortem dept is under Principal but it should be done with a humane approach. I’ll talk to the Principal & ask him to constitute an investigating committee” pic.twitter.com/TBzuo2ZnqP
— ANI (@ANI) June 22, 2019
സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.
ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .
ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘
ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…
അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…
വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…
മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…
ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്‍റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്‍റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്‍റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.
ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയന്നാണ് സാബു പുഴയിലേക്ക് ചാടിയത്.
രാവിലെ പതിനൊന്ന് മണിയോടെ തെങ്ങുകയറ്റ തൊഴിലാളികളായ നാലംഗ സംഘം പാലം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതുകണ്ട മൂന്ന് പേർ കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടാൻ കഴിയാതിരുന്ന സാബു രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ 1.45നാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
പുഴയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ബോഗിയിൽ സാബുവിന്റെ തലയിടിച്ചിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശമായിട്ടും പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.
കണ്ണില്ലാത്ത ക്രൂരതകളുടെ ഇക്കാലത്ത് കണ്ണുകാണാത്തവരോടും ക്രൂരത. ഇത് തെളിയിക്കുന്ന വിഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിക്കുന്നത്.
വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ്. എന്നിട്ട് മാറി നിന്ന് എണ്ണി നോക്കുന്നതും വിഡിയോയിൽ കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്.ഇന്ന് രാവിലെ 9.30നാണ് ഇത് നടന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്.
വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
21.06.2019 രാവിലെ 9.50 ന് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക
കണ്ണൂരിൽനിന്നു കയറിയശേഷം ഡ്രൈവർ ജോൺസൺ തന്നെ പലതവണ ശല്യം ചെയ്തതായി പരാതിക്കാരിയായ യുവതി പറഞ്ഞു. ടിക്കറ്റെടുത്തതാണോ, എവിടെയാണ് ഇറങ്ങുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി 3 തവണ അയാൾ അടുത്തെത്തി. ഉറക്കത്തിൽനിന്ന് തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. തുടർന്ന് കോഴിക്കോട്ടെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. കേരളത്തിലൂടെ മുൻപും യാത്ര ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും യുവതി പറഞ്ഞു.
കണ്ണൂരിൽനിന്നു മധുരയ്ക്കു പോകുകയായിരുന്നു യുവതി. സമയം വൈകി വിമാനം കിട്ടാത്തതിനാലാണ് ബസിനെ ആശ്രയിക്കേണ്ടിവന്നത്. കൊല്ലത്തിറങ്ങിയശേഷം അവിടെനിന്ന് നാട്ടിലേക്കു പേകാനായിരുന്നു തീരുമാനം. താൻ ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണെന്ന ഡ്രൈവറുടെ മൊഴി കള്ളമാണ്. കണ്ണൂരിൽനിന്നു ബസിൽ കയറിയപ്പോഴും ടിക്കറ്റ് എടുത്തപ്പോഴും എവിടെയാണ് ഇറങ്ങുന്നതെന്നു കൃത്യമായി പറഞ്ഞിരുന്നതാണെന്നു യുവതി പറഞ്ഞു.
ബസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് ഏർപ്പാടാക്കിയ മറ്റൊരു ബസിലാണു യുവതിയടക്കമുള്ള യാത്രക്കാർ യാത്ര തുടർന്നത്. തൃശൂരിൽവച്ച് കല്ലടയുടെ മറ്റൊരു ബസിലേക്ക് ഇവരെ മാറ്റി.
എന്നാൽ യുവതി കോഴിക്കോട്ടാണ് ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതു പറയാൻ ദേഹത്തുതട്ടി വിളിച്ചെന്നുമാണ് ജോൺസൺ പൊലീസിനു നൽകിയ മൊഴി. കല്ലട ബസിലെ ജീവനക്കാരനായതുകൊണ്ടു മാത്രമാണ് താൻ കുടുങ്ങിയതെന്ന് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇയാൾ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു
യുവതിക്കു നേരെ പീഡന ശ്രമമുണ്ടായിട്ടും ബസ് നിർത്താതെ ഓട്ടം തുടരുകയായിരുന്നു ജീവനക്കാർ. കോഴിക്കോടു നഗരത്തിൽ വച്ചാണ് യാത്രക്കാരിയായ യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിച്ചത്. തുടർന്നു യുവതിയും ജോൺസണും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ ബസ് നിർത്താൻ സഹയാത്രക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. ഒടുവിൽ അരമണിക്കൂറിനു ശേഷം കാക്കഞ്ചേരിയിലാണ് ബസ് നിർത്തുന്നത്.
പുലർച്ചെ 1.30ന് ബസിൽ യുവതിയുടെ ബഹളം കേട്ടാണ് ഉണർന്നതെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശികളായ വി.വി.ഹരിഹരനും വിനയനും പറഞ്ഞു. ഇരുവരും യുവതിയുടെ തൊട്ടുമുൻപിലെ സീറ്റുകളിലായിരുന്നു. അപമര്യാദയായി പെരുമാറിയതിനെതിരെ യുവതി ശബ്ദമുയർത്തിയപ്പോൾ ബസിലെ ക്ലീനർ ഇവർക്കെതിരെ ഭീഷണി മുഴക്കി. ഇതോടെയാണ് മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനിടെ ബസ് നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ലെന്നു നടിച്ച് ഡ്രൈവർ യാത്ര തുടരുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.