ആത്മഹത്യ എന്ന് വിചാരിച്ചിരുന്ന കേസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമായി മാറുന്നത്. പൊള്ളലേറ്റ് മരിച്ച് സ്ത്രീയുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നു തെളിഞ്ഞതോടെ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. രണ്ടു വർഷം മുൻപ് ഒക്ടോബർ അഞ്ചിനാണ് പുഷ്പ ഭലോട്ടിയ(39)യെ പൊള്ളലേറ്റ നിലയില്‍ ദുർഗാപുറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അധികം വൈകാതെ ഇവര്‍ മരണപ്പെട്ടു.

ഇതിന് പിന്നാലെ അയല്‍വാസികള്‍ നല്‍കിയ ചില മൊഴികളാണ് ആത്മഹത്യ എന്ന് വിധിയെഴുതാവുന്ന കേസിന്റെ ഗതി മാറ്റുന്നത്. പുഷ്പയുടെ വീട്ടിൽ നിന്നു വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പൊലീസിനോട് വ്യക്തമാക്കി. പിന്നാലെ എത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിയില്‍ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ആത്മഹത്യ എന്ന തരത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചു

ബംഗാളിലെ റാണിഗഞ്ജ് ആസ്ഥാനമായുള്ള വ്യവസായി കുടുംബത്തിലെ അംഗമായിരുന്നു പുഷ്പ. ഭർത്താവ് മനോജ് ഭലോട്ടിയയും ബിസിനസുകാരൻ. പുഷ്പയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ വെടിയുണ്ട കണ്ടെടുത്തതോടെ ഭര്‍ത്താവ് അറസ്റ്റിലായി. ആത്മഹത്യയാണെന്നു പൊലീസ് റിപ്പോർട്ട് വന്നതോടെ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.

കേസന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് പുഷ്പയുടെ സഹോദരൻ ഗോപാൽ കുമാർ അഗർവാൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്ഥിതിഗതികൾ മാറിമറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണെന്നായിരുന്നു ഗോപാലിന്റെ ഹർജിയിൽ പറഞ്ഞത്. പുഷ്പ ആത്മഹത്യ ചെയ്തതാണെന്നാണ് ഭർത്താവിന്റെ കുടുംബം പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പൊള്ളലേറ്റതിനു ശേഷമാണ് തലയ്ക്കു വെടിയേറ്റിരിക്കുന്നത്. കുറ്റപത്രത്തിൽ പറയുന്നതാകട്ടെ ആദ്യം വെടിയേൽക്കുകയും പിന്നാലെ തീപിടിത്തത്തിൽ പൊള്ളലേൽക്കുകയും ചെയ്തുവെന്നും.

കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് മേഖലയിലെ സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസ് പരിശോധിച്ചില്ലെന്നും ഗോപാൽ പറയുന്നു. കുറ്റപത്രം പ്രകാരം പഷ്പയുടേത് ആത്മഹത്യയാണ്. അതു പ്രകാരം പൊള്ളലേൽക്കും മുൻപ് വെടിയേറ്റെന്നും പറയുന്നു. വെടിവച്ച സമയത്ത് മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. അങ്ങനെയാണു പൊള്ളലേറ്റത്. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പൊള്ളലേറ്റതിനു ശേഷമാണ് വെടിയേറ്റതെന്ന്. ഏതാണു ശരി..?’ കോടതി ചോദിച്ചു. സിലിണ്ടർ പൊട്ടിയാണെങ്കിൽ ദേഹമാസകലം തീപിടിക്കേണ്ടതാണ്. എന്നാൽ പുഷ്പയുടെ കൈകൾക്കാണു പൊള്ളലേറ്റിരിക്കുന്നത്.

തോക്ക് അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ പൊട്ടാതിരിക്കാനുള്ള സുരക്ഷാ ലോക്ക് സംവിധാനങ്ങളുമുണ്ടായിരുന്നു. ഇത് എങ്ങനെ മാറ്റുമെന്നു പുഷ്പയ്ക്ക് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. തോക്ക് ഉപയോഗിച്ചു മുൻപരിചയമില്ലാത്ത പുഷ്പ എങ്ങനെ സ്വയം വെടിവച്ചെന്നു കോടതിയും ചോദിച്ചു. കുറ്റപത്രം വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം നേരായ ദിശയിലല്ലെന്നും വിമർശിച്ച കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.