രാജ്യത്തെ നടുക്കി ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് ആശുപത്രി മറ്റൊരു വിവാദത്തിലും നിറയുകയാണ്. ആശുപത്രിയുടെ പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.
‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.
ബിഹാറിൽ ഇതുവരെ 145 കുട്ടികളാണ് മസ്തിഷക ജ്വരത്തെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലായി ശനിയാഴ്ച 7 കുട്ടികള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു.
Bihar: Human skeletal remains found behind Sri Krishna Medical College & Hospital, Muzaffarpur. SK Shahi, MS SKMCH says,”Postmortem dept is under Principal but it should be done with a humane approach. I’ll talk to the Principal & ask him to constitute an investigating committee” pic.twitter.com/TBzuo2ZnqP
— ANI (@ANI) June 22, 2019
സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.
ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .
ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘
ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…
അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…
വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…
മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…
ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്‍റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്‍റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്‍റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.
ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയന്നാണ് സാബു പുഴയിലേക്ക് ചാടിയത്.
രാവിലെ പതിനൊന്ന് മണിയോടെ തെങ്ങുകയറ്റ തൊഴിലാളികളായ നാലംഗ സംഘം പാലം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതുകണ്ട മൂന്ന് പേർ കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടാൻ കഴിയാതിരുന്ന സാബു രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ 1.45നാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
പുഴയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ബോഗിയിൽ സാബുവിന്റെ തലയിടിച്ചിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശമായിട്ടും പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.
കണ്ണില്ലാത്ത ക്രൂരതകളുടെ ഇക്കാലത്ത് കണ്ണുകാണാത്തവരോടും ക്രൂരത. ഇത് തെളിയിക്കുന്ന വിഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിക്കുന്നത്.
വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ്. എന്നിട്ട് മാറി നിന്ന് എണ്ണി നോക്കുന്നതും വിഡിയോയിൽ കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്.ഇന്ന് രാവിലെ 9.30നാണ് ഇത് നടന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്.
വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
21.06.2019 രാവിലെ 9.50 ന് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക
കണ്ണൂരിൽനിന്നു കയറിയശേഷം ഡ്രൈവർ ജോൺസൺ തന്നെ പലതവണ ശല്യം ചെയ്തതായി പരാതിക്കാരിയായ യുവതി പറഞ്ഞു. ടിക്കറ്റെടുത്തതാണോ, എവിടെയാണ് ഇറങ്ങുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി 3 തവണ അയാൾ അടുത്തെത്തി. ഉറക്കത്തിൽനിന്ന് തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. തുടർന്ന് കോഴിക്കോട്ടെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. കേരളത്തിലൂടെ മുൻപും യാത്ര ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും യുവതി പറഞ്ഞു.
കണ്ണൂരിൽനിന്നു മധുരയ്ക്കു പോകുകയായിരുന്നു യുവതി. സമയം വൈകി വിമാനം കിട്ടാത്തതിനാലാണ് ബസിനെ ആശ്രയിക്കേണ്ടിവന്നത്. കൊല്ലത്തിറങ്ങിയശേഷം അവിടെനിന്ന് നാട്ടിലേക്കു പേകാനായിരുന്നു തീരുമാനം. താൻ ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണെന്ന ഡ്രൈവറുടെ മൊഴി കള്ളമാണ്. കണ്ണൂരിൽനിന്നു ബസിൽ കയറിയപ്പോഴും ടിക്കറ്റ് എടുത്തപ്പോഴും എവിടെയാണ് ഇറങ്ങുന്നതെന്നു കൃത്യമായി പറഞ്ഞിരുന്നതാണെന്നു യുവതി പറഞ്ഞു.
ബസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് ഏർപ്പാടാക്കിയ മറ്റൊരു ബസിലാണു യുവതിയടക്കമുള്ള യാത്രക്കാർ യാത്ര തുടർന്നത്. തൃശൂരിൽവച്ച് കല്ലടയുടെ മറ്റൊരു ബസിലേക്ക് ഇവരെ മാറ്റി.
എന്നാൽ യുവതി കോഴിക്കോട്ടാണ് ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതു പറയാൻ ദേഹത്തുതട്ടി വിളിച്ചെന്നുമാണ് ജോൺസൺ പൊലീസിനു നൽകിയ മൊഴി. കല്ലട ബസിലെ ജീവനക്കാരനായതുകൊണ്ടു മാത്രമാണ് താൻ കുടുങ്ങിയതെന്ന് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇയാൾ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു
യുവതിക്കു നേരെ പീഡന ശ്രമമുണ്ടായിട്ടും ബസ് നിർത്താതെ ഓട്ടം തുടരുകയായിരുന്നു ജീവനക്കാർ. കോഴിക്കോടു നഗരത്തിൽ വച്ചാണ് യാത്രക്കാരിയായ യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിച്ചത്. തുടർന്നു യുവതിയും ജോൺസണും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ ബസ് നിർത്താൻ സഹയാത്രക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. ഒടുവിൽ അരമണിക്കൂറിനു ശേഷം കാക്കഞ്ചേരിയിലാണ് ബസ് നിർത്തുന്നത്.
പുലർച്ചെ 1.30ന് ബസിൽ യുവതിയുടെ ബഹളം കേട്ടാണ് ഉണർന്നതെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശികളായ വി.വി.ഹരിഹരനും വിനയനും പറഞ്ഞു. ഇരുവരും യുവതിയുടെ തൊട്ടുമുൻപിലെ സീറ്റുകളിലായിരുന്നു. അപമര്യാദയായി പെരുമാറിയതിനെതിരെ യുവതി ശബ്ദമുയർത്തിയപ്പോൾ ബസിലെ ക്ലീനർ ഇവർക്കെതിരെ ഭീഷണി മുഴക്കി. ഇതോടെയാണ് മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനിടെ ബസ് നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ലെന്നു നടിച്ച് ഡ്രൈവർ യാത്ര തുടരുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിൽ വിളിച്ചവരാണ് ആദ്യം അപമര്യാദയായി പെരുമാറിയതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. കീ ബോർഡ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമെ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല.
‘ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അയാളാണ്.
പിന്നീട് ആരോപണമുന്നയിച്ച സ്ത്രീ വിളിച്ചു. അവരെ എനിക്കറിയില്ല. പരിപാടിക്ക് ക്ഷണിക്കാനല്ല, ഞാനും നേരത്ത വിളിച്ചയാളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല.
ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയിൽ നടന്‍ വിനായകനെ വയനാട് കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ അഭിഭാഷകനോടൊപ്പം വിനായകന്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു നീക്കം.
സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. യുവതിയും ഇന്ന് സ്റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കി. ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അപമാനിക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സംഭാഷണം നടക്കുമ്പോള്‍ യുവതി കല്‍പറ്റ സ്റ്റേഷന്‍ പരിധിയിലായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളിയായ ബാങ്ക് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച് സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ നാസിക്കില്‍ എത്തിക്കും. പ്രതികളുടെ സിസിടിവി ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ആക്രമികള്‍ക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാന്‍സ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ സാജു സാമുവല്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, മുഖം മൂടി ധരിച്ച ആയുധധാരികളായ ഏഴംഗ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമര്‍ത്തി. തുടര്‍ന്ന് മോഷ്ടാക്കള്‍ ജീവനക്കാരില്‍ ചിലരെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയന്‍ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ നടന്ന കൊലപാതകത്തിൽ പങ്കില്ലെന്ന സൗദി ഭരണകൂടത്തിൻറെ വാദം തള്ളിയാണ് യു.എൻ നിയോഗിച്ച ആഗ്നസ് കലാമാഡ് റിപ്പോർട്ട് കൈമാറിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതകത്തിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ രാജ്യാന്തര അന്വേഷണം നടത്താൻ യു.എൻ സെക്രട്ടറി ജനറൽ മുൻകൈയെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം പതിനൊന്നു പ്രതികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് നടപടികൾ രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല പുരോഗമിക്കുന്നത്. ഭരണകൂടത്തിൻറെ പിന്തുണയോടെയും സഹായത്തോടെയുമാണ് പതിനഞ്ചംഗ സംഘം തുർക്കിയിലെത്തി കൊലപാതകം നടത്തിയത്.
മനപൂർവവും മുൻകൂട്ടി തയ്യാറാക്കിയതുമായ കൊലപാതകത്തിൻറെ ഉത്തരവാദിത്വം, രാജ്യാന്തര മനുഷ്യാവകാശ നിയമപ്രകാരം സൌദി ഭരണകൂടത്തിനാണെന്നും റിപ്പോർട്ട് പറയുന്നു. തുർക്കി, സൗദി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, യു.എൻ റിപ്പോർട്ടിനെക്കുറിച്ചു സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.