മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളിയായ ബാങ്ക് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച് സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ നാസിക്കില്‍ എത്തിക്കും. പ്രതികളുടെ സിസിടിവി ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ആക്രമികള്‍ക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാന്‍സ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ സാജു സാമുവല്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, മുഖം മൂടി ധരിച്ച ആയുധധാരികളായ ഏഴംഗ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമര്‍ത്തി. തുടര്‍ന്ന് മോഷ്ടാക്കള്‍ ജീവനക്കാരില്‍ ചിലരെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയന്‍ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.