ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം ഐപിസി 506, 294ബി, കെപിഎ 120, 120 -ഒ എന്നീ നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്‍പറ്റ സിഐക്കാണ് അന്വേഷണ ചുമതല.
വിനായകനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.
മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.
കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേലുദ്യോഗസ്ഥനുമായി വയർലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.
മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവതി മനം നൊന്ത് ആത്മഹത്യ ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവൻകുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരൻ വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.
കുറച്ചുനാൾ മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേംകുമാർ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നൽകി. ഈ ശത്രുത മനസിൽ കൊണ്ടുനടന്ന പ്രേംകുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നു.
ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് രാധിക ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. പ്രതി മുന്നാക്ക സമുദായവും മരണപ്പെട്ടവർ പിന്നാക്ക വിഭാഗവുമായത് ജാതിസപ്ർധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി
സൗത്ത് കാരലൈനയിൽ ഒരു വയസ്സ് മുതൽ 8 വയസ്സ് വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോൺസിന് (37) ലക്സിംഗ്ടൺ കൗണ്ടി ജൂറി ഐക്യകണ്ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂൺ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാൻ അമ്മയെ കൂടുതൽ സ്നേഹിച്ചിരുന്നതിനാൽ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയാസ് (7), ഗബ്രിയേൽ (2), അബിഗെയ്ൽ (1) എന്നിവരെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തി.
അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ്‌യുവിയുടെ പുറകിലിട്ടു ഒൻപത് ദിവസമാണ് ചുറ്റിക്കറങ്ങിയത്. പിന്നീട് ഹിൽ ടോപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബർ 6 ന് ടിം ജോൺസ് പോലീസ് പിടിയിലായി. തുടർന്ന് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലബാമയിൽ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു ബേബി സിറ്റർമാർ മൊഴി നൽകിയിരുന്നു.
ടിം ജോൺസും ഭാര്യ ആംമ്പർ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാൽ ടിമിനെയാണ് കുട്ടികളെ ഏൽപിച്ചിരുന്നത്. കംപ്യൂട്ടർ എൻജിനീയറായിരുന്ന ടിം മയക്കു മരുന്നിനടിമയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാവിന് കുട്ടികളെ കാണാൻ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളർ ശമ്പളം വാങ്ങിയിരുന്ന ഇന്റൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു ടിം. വിവാഹ മോചനത്തിനുശേഷം കുട്ടികളെ മാതാവിനു വിട്ടു കൊടുക്കയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.
‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു.
വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.
‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസർ പറഞ്ഞു.
നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.
സ്വന്തം അച്ഛൻ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു.
വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്.
എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസ് ഇന്നലെ മുതലാണ് ഒളിവിൽ പോയത്.
സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നാവസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.
നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.
പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.
പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. കേസ് പരിഗണിക്കുന്ന അന്ധേരിയിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തെളിവുകള്‍ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു.
2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് തനുശ്രീ ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു
തമിഴ്നാട്ടില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് വീണ്ടും മനുഷ്യ ജീവനെടുത്തു. ടിക് ടോക് ഭ്രമത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ വിഷം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത യുവതി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ചെന്നൈയില്‍ യുവതി പിഞ്ചുകുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നത് വന്‍ വിവാദമായിരുന്നു.
പെരമ്പല്ലൂര്‍ ജില്ലയിലെ സീറാനമെന്ന സ്ഥലത്തെ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയാണ് ആത്മഹത്യ ദൃശ്യങ്ങള്‍ ടിക് ടോകില്‍ ചിത്രീകരിച്ചത്. അതും കുട്ടികളെ സംരക്ഷിക്കാതെ ടിക് ടോകില്‍ മുഴുകുന്നതിനു വഴക്കുപറഞ്ഞ ഭർത്താവിനെയും വീട്ടുകാരെയും പാഠം പഠിപ്പിക്കാന്‍. സിംഗപ്പൂരില്‍ ജോലിക്കാരനായ പഴനിവേലുവിന്റെ ഭാര്യ അനിതയുടെ കൈവിട്ട കളി ഒടുവില്‍ കാര്യമായി.
കരഞ്ഞുകൊണ്ടു കീടനാശിനി വായിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ചതിനുശേഷം ചുണ്ട് തുടച്ചു ഫോണിന്റെ ഹെഡ് സെറ്റ് ചെവിയില്‍ നിന്നും അഴിച്ചുമാറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബന്ധുക്കള്‍ കണ്ടെത്തി തിരുച്ചിറപ്പള്ളിയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപെട്ട് കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോകില്‍ ഒന്നിച്ചു വീഡിയോകള്‍ ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി രണ്ടുകുട്ടികളെ കൊന്നത് തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ ഭാര്യ അഭിരാമിയായിരുന്നു ടിക് ടോക് പ്രണയത്തിനായി ആറും നാലും വയസുമുള്ള മക്കളെ പാലില്‍ വിഷം ചേര്‍ത്ത് കൊന്നത്. കേസില്‍ അഭിരാമിയും കാമുകന്‍ സുന്ദരവും ഇപ്പോളും ജയിലിലാണ്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.
സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.
സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹൂതി വിമതരുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് അസിര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ പതിച്ചത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും സഞ്ചരിക്കുന്ന തിരക്കേറിയ വിമാനത്താവളമാണിത്. പരിക്കേറ്റ 26 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരിക്ക് പുറമെ യമന്‍, സൗദി പൗരകളായ രണ്ട് സ്ത്രീകള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ 18 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കി. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇ ഉള്‍പ്പെടെയുള്ള അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.
വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .