Crime

തമിഴ്നാട്ടില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് വീണ്ടും മനുഷ്യ ജീവനെടുത്തു. ടിക് ടോക് ഭ്രമത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ വിഷം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത യുവതി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ചെന്നൈയില്‍ യുവതി പിഞ്ചുകു‍ഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നത് വന്‍ വിവാദമായിരുന്നു.

പെരമ്പല്ലൂര്‍ ജില്ലയിലെ സീറാനമെന്ന സ്ഥലത്തെ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയാണ് ആത്മഹത്യ ദൃശ്യങ്ങള്‍ ടിക് ടോകില്‍ ചിത്രീകരിച്ചത്. അതും കുട്ടികളെ സംരക്ഷിക്കാതെ ടിക് ടോകില്‍ മുഴുകുന്നതിനു വഴക്കുപറഞ്ഞ ഭർത്താവിനെയും വീട്ടുകാരെയും പാഠം പഠിപ്പിക്കാന്‍. സിംഗപ്പൂരില്‍ ജോലിക്കാരനായ പഴനിവേലുവിന്റെ ഭാര്യ അനിതയുടെ കൈവിട്ട കളി ഒടുവില്‍ കാര്യമായി.

കരഞ്ഞുകൊണ്ടു കീടനാശിനി വായിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ചതിനുശേഷം ചുണ്ട് തുടച്ചു ഫോണിന്റെ ഹെഡ് സെറ്റ് ചെവിയില്‍ നിന്നും അഴിച്ചുമാറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബന്ധുക്കള്‍ കണ്ടെത്തി തിരുച്ചിറപ്പള്ളിയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപെട്ട് കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോകില്‍ ഒന്നിച്ചു വീഡിയോകള്‍ ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി രണ്ടുകുട്ടികളെ കൊന്നത് തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ ഭാര്യ അഭിരാമിയായിരുന്നു ടിക് ടോക് പ്രണയത്തിനായി ആറും നാലും വയസുമുള്ള മക്കളെ പാലില്‍ വിഷം ചേര്‍ത്ത് കൊന്നത്. കേസില്‍ അഭിരാമിയും കാമുകന്‍ സുന്ദരവും ഇപ്പോളും ജയിലിലാണ്.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.

സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.

സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹൂതി വിമതരുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് അസിര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ പതിച്ചത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും സഞ്ചരിക്കുന്ന തിരക്കേറിയ വിമാനത്താവളമാണിത്. പരിക്കേറ്റ 26 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരിക്ക് പുറമെ യമന്‍, സൗദി പൗരകളായ രണ്ട് സ്ത്രീകള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ 18 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കി. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇ ഉള്‍പ്പെടെയുള്ള അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.

വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. കൊലയ്ക്ക് ശേഷം ഭർത്താവിനെ ആത്മഹത്യാപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും ഒരുക്കി കാമുകനുമൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു.

മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിൻഡെ (30) ആണ് പിടിയിലായത്. കാമുകൻ ഛബ്ബാദാസ് വൈഷ്ണവിന്റെ (26) സഹായത്തോടെയാണു കൂട്ടുകാരി രുക്മൺബായ് മാലിയെ (31) കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം തന്റെ വസ്ത്രവും പാദരക്ഷകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു.

വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു. ഇതിനിടെ രുക്മൺബായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉടലെടുക്കുകയായിരുന്നു.

സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാമുകനൊപ്പം സോനാലി പിടിയിലാകുകയായിരുന്നു

പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. മാങ്ങോട് പാടത്ത് ഷീല സുലൈമാന്‍ ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ- എഐവൈഎഫ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ മുൻകരുതൽ പ്രവർത്തനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ചികിത്സയിലാണ്.

ഷിയാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൌദീ പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുര്‍ത്തജ ഖുറൈറീസ് എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

2014 സെപ്തംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനുശേഷം ഇത്രയും കാലം ഏകാന്ത തടവിൽ പാര്‍പ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സൗദി അറേബ്യ ഈ കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സൗദിയില്‍ 37 പേരുടെ വധശിക്ഷയാണ് കൂട്ടത്തോടെ നടപ്പാക്കിയത് എന്നത് ആശങ്കാജനകമാണ്. അവരിൽ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ് എന്നതാണ് ശ്രദ്ധേയം. അതില്‍ 16 വയസുള്ളപ്പോൾ അറസ്റ്റിലായ ഒരു ഷിയാ യുവാവും ഉണ്ടായിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.

മുര്‍ത്തജ ഖുറൈറീസിനെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റങ്ങളില്‍ അയാൾക്ക് വെറും പത്തുവയസ്സ് മാത്രമാണ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവവുമുണ്ട്. മുത്തര്‍ജയുടെ മുതിർന്ന സഹോദരന്‍ 2011-ലെ അറബ് വസന്തകാലത്ത് നടന്ന സമരങ്ങളുടെ ഭാഗമായി കൊല ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നതാണ് മുര്‍ത്തജക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റം. അറസ്റ്റ് നടക്കുമ്പോള്‍ അയാളുടെ പ്രായം പതിനൊന്നു വയസ്സാണ്.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഷിയാ ന്യൂനപക്ഷ പ്രക്ഷോഭകർ 2011-ല്‍ തുല്യാവകാശത്തിനുവേണ്ടി സമരം ചെയ്തിരുന്നു. സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വഹാബികളില്‍നിന്നും, സുന്നികളില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

2014-മുതൽ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുട്ടങ്ങലുമാണ് അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. 2016-ൽ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംർ അൽ-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.

ഐടി കമ്പനിയിൽ മിനി ബോംബ് സ്ഥാപിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പണം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ആണ് തമിഴ്നാട് സിങ്കപ്പെരുമാള്‍ കോവിലിന് സമീപമുള്ള ഐടി പാര്‍ക്കില്‍ ബോംബ് വെച്ചതിനു അതേ സ്ഥാപനത്തിലെ 29-കാരനായ യുവ എന്‍ജിനീയര്‍ അറസ്റ്റിലായത്.

യുവാവിന് അടിയന്തരമായി 50 ലക്ഷം രൂപ ആവശ്യമായി വന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അജ്ഞാത ഇ മെയില്‍ സന്ദേശം അയച്ചു. പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല. തുടര്‍ന്ന് ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന മിനി ബോംബ് ഇയാള്‍ ഒരു ബോളിനുള്ളിലാക്കി കമ്പനിക്ക് പുറത്ത് സ്ഥാപിച്ചത്.

എന്നാല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് പകരം അതില്‍ നിന്നും പുക മാത്രം ഉയർന്നതോടെ പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.അപ്പോഴാണ് പ്രതിയായ യുവ എന്‍ജിനീയര്‍ വലയിലായത്

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved