സിറ്റി അസി. പൊലീസ് കമ്മിഷണർ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയിൽ വയർലെസിലൂടെയുണ്ടായ വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസ്. ശനിയാഴ്ച തിരിച്ചെത്തിയ ശേഷം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.‍‍

വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷനിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം.

കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏൽക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തർക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നൽകിയിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്. സാഖറെയെ ഇന്നു കാണാൻ നവാസിനു നിർദേശം നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി എസ്എച്ച്ഒ ആയി നേരത്തെ സ്ഥലംമാറ്റം ലഭിച്ച നവാസിനെ എവിടെ നിയോഗിക്കണമെന്നത് ഇതിനു ശേഷമേ തീരുമാനിക്കൂ. പൊലീസ‌് ആസ്ഥാനത്ത‌ു നിന്നുള്ള ഉത്തരവു പ്രകാരമായിരിക്കും തുടർനടപടിയെന്നു സിറ്റി കമ്മിഷണർ വിജയ‌് എസ്. സാഖറെ പറഞ്ഞു.

നവാസിനെ കാണാതായതും അതിലേക്കു നയിച്ച കാരണങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എസിപി പി.എസ്. സുരേഷിൽ നിന്നു മൊഴിയെടുക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മിഷണറായി പി.എസ്. സുരേഷ് ഇന്നു ചുമതലയേൽക്കുമെന്നാണു വിവരം.സുരേഷിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.