ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിനെ കൊലചെയ്തത് ബിജെപി പ്രവര്ത്തകര്. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. രാമചന്ദ്ര, ധര്മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് സംസ്ഥാന പോലിസ് മേധാവി ഒപി സിങ് വ്യക്തമാക്കി.
എന്നാൽ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് ഒളിവിലാണ്. ഒളിവില് പോയവര്ക്കായുള്ള തെരച്ചില് ഊര്ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. അമേഠിയില് സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില് പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സരിക്കാന് പ്രതികളില് ഒരാള്ക്ക് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്ത്തു. ഇതാണ് ശത്രുതക്ക് കാരണം.
പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ബാര് ഉടമ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈ മഹാബലിപുരം ഡിഎസ്പി ഓഫിസിന് മുന്നിലാണ് തിരുനെല്വേലി സ്വദേശിയായ നെല്ലിയപ്പന് ജീവനൊടുക്കിയത്. മാസപ്പടി ചോദിച്ച് പീഡിപ്പിക്കുന്ന പോലീസുകാരുടെ വിവരങ്ങള് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ട ശേഷമാണ് തീകൊളുത്തിയത്.
തിരുപ്പോരൂരില് ബാര് നടത്തുന്ന നെല്ലിയപ്പന് പൊലീസ് ഉദ്യോഗസ്ഥരുടെ തുടര്ച്ചയായ പീഡനങ്ങളെ തുടര്ന്നാണ് ജീവനൊടുക്കിയത്. മാസത്തില് ഓരോ ലക്ഷം രൂപ വീതം പോലീസുകാര്ക്ക് മാസപ്പടി കൊടുത്തിട്ടും ഉപദ്രവിക്കുന്നത് തുടര്ന്നെന്ന് ഫെയ്സ്ബുക്കിലിട്ട വീഡിയോയില് നെല്ലിയപ്പന് ആരോപിക്കുന്നു. ചിലര്ക്ക് എട്ടു ലക്ഷം രൂപ വരെ കൊടുത്തു. മദ്യം കഴിച്ച വകയില് ലക്ഷങ്ങള് വേറെയും കിട്ടാനുണ്ട്. കടം കയറി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന് പറ്റുന്നില്ലെന്നും വീഡിയോയില് പറയുന്നു. ഉപദ്രവിച്ച പൊലീസുകാരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.
ഇന്നലെ ഉച്ചയോടെ ഡിഎസ്പി ഓഫിസിന് മുന്നിലെത്തിയ ഇയാള്‍ പൊലീസുകാരും നാട്ടുകാരും നോക്കി നില്ക്കെയാണ് കയ്യില്കരുതിയിരുന്ന പെട്രോള് ഒഴിച്ച് തീ കൊളുത്തിയത്. ഏറെ പണിപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര് തീ അണക്കുമ്പോഴേക്കും എണ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വിദഗ്ദ ചികിത്സക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോയില് പേരു പരാമര്ശിച്ച പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിട്ടുണ്ട്.
പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില് വിളിച്ചു വരുത്തിയ യുവാവിന് പൊലീസിന്റെ ക്രൂര മര്ദ്ദനം. മര്ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില് നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില് അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ചവിട്ടി പൊലീസ് മര്ദ്ദനം. മര്ദ്ദനം തടയാന് ശ്രമിച്ച ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്ന വീഡിയോയില് കാണാം.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന് ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.
രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയില് കാണുന്നത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസ് എടുത്തു.
ആലപ്പുഴയില് ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്ത്തകര്ക്കെതിരെ ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18 റിപ്പോര്ട്ടര് വിവി വിനോദ്, ക്യാമറാമാന് പി കെ പ്രശാന്ത് എന്നിവര്ക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.
സംസ്ഥാന നേതൃയോഗം കഴിഞ്ഞയുടനെ ഉടനെ കഴിക്കുകയായിരുന്ന മാധ്യമപ്രവര്ത്തകര്ക്ക് നേരെ ആക്രോശത്തോടെ ചീറിയടുത്ത കെ സുരേന്ദ്രന് യാതൊരുവിധ പ്രകോപനവും ഇല്ലാതെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള് ഉള്പ്പെടെയുള്ളവരെ സാക്ഷിനിര്ത്തിയായിരുന്നു കയ്യേറ്റശ്രമം. തങ്ങള് വിചാരിച്ചാല് പുറത്തിറങ്ങി നടക്കാന് അനുവദിക്കില്ലെന്നും മര്യാദക്ക് അല്ലെങ്കില്‍ തെരുവില് നേരിടാന് ബിജെപി പ്രവര്ത്തകര് പുറത്ത് ഉണ്ടെന്നും ഭീഷണിപ്പെടുത്തി.
മാധ്യമപ്രവര്ത്തകരെ പൊതുവേദിയില് അവഹേളിച്ച് നടപടി തിരുത്താന് സുരേന്ദ്രന് തയ്യാറാണെന്ന് കേരള പത്രപ്രവര്ത്തക യൂണിയന് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചു. “മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം,” എന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂര്ണരൂപം:
മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്.
സ്വന്തം മകനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു മനുഷ്യത്വരാഹിത്യത്തിന്റെ ഉദാഹരണമായി മാറിയ മാതാപിതാക്കളെ കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ എന്ന നഗരത്തിൽ നടന്ന ഈ കൃത്യത്തിൽ പിതാവിന് ഏഴു വർഷവും മാതാവിന് മൂന്നര വർഷവും കോടതി ശിക്ഷ വിധിച്ചു.
മകനെ മുറിക്കുള്ളിൽ സംസാരിക്കുവാൻ പോലും അനുവദിക്കാതെ പൂട്ടിയിടുകയും മോശം ഭക്ഷണം നൽകുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് മാതാപിതാക്കൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത് . സ്വന്തം വിസർജ്യത്തിൽ കിടന്നുറങ്ങേണ്ട വന്ന ഈ കുരുന്നിന്റെ അവസ്ഥ സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കുട്ടിയുടെ സഹോദരിമാരിൽ ഒരാൾ അധ്യാപികയെ അറിയിച്ചത് വഴിയാണ് ഈ ദാരുണ സംഭവം സമൂഹത്തിനു മുൻപി
James Armstrong-Holmes , Prosecutor
ൽ വെളിപ്പെട്ടത്.കുട്ടികൾക്കെതിരെയുള്ള മനപ്പൂർവമായ അവഗണന യായി പ്രോസിക്യൂട്ടർ ജയിംസ് ആംസ്ട്രോങ്ങ് ഇതിനെ വിലയിരുത്തുന്നു. സാഹചര്യം സമ്മർദമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്ന് പിതാവിന് വേണ്ടി അഭിഭാഷകനായ ആൻഡ്രൂ വാദിച്ചു.
ദത്തെടുക്കപ്പെട്ട ഉൾപ്പെടെ അനേകം കുട്ടികൾ ഈ ദമ്പതികൾക്ക് ഉണ്ട്. തന്റെ 20 വർഷത്തെ അനുഭവത്തിലേക്ക് വെച്ച് ഏറ്റവും ദാരുണമായ സംഭവം ആയി ടെറ്റ് കോൺ നിക്കി പൊലീസ് ഉദ്യോഗസ്ഥൻ വേദനയോടെ പറഞ്ഞു
കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബു വീണ്ടും സര്‍വീസില്‍. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.
അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.
ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നല്‍കി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.
ഹിമാലയത്തിലേക്ക് പോയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവിന്റെ(36) ശരീരാവശിഷ്ടങ്ങള്‍ ആണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തിൽ നിന്നും കണ്ടെത്തിയത്. നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്‌കാരം തിങ്കളാഴ്ച ബദരീനാഥില്‍ അച്ഛന്‍ രാജീവിന്റെ സാന്നിധ്യത്തില്‍ നടന്നു.
എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടിആര്‍ രാജീവിന്റെയും സുഷമാ രാജീവിന്റെയും മകനാണ്. കമ്പ്യൂട്ടർ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷമാണ് ഇയാള്‍ ആത്മീയതയിലേയ്ക്ക് തിരിഞ്ഞത്.
അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സെപ്തംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്.
നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈൻസ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അശ്ലീല ചേഷ്ട കാണിച്ച് കോട്ടയം സ്വദേശിയായ യാത്രക്കാരൻ. വിമാനത്തിൽ പുകവലിച്ചത് തടഞ്ഞ ക്യാബിൻ ക്രൂ അംഗത്തോടാണ് കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീൻ എന്ന യുവാവ് അപമര്യാദയായി പെരുമറിയത്. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോള്‍ തടഞ്ഞ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു.
എന്നാൽ കൂടുതൽ സഹായത്തിനായി മറ്റു ജീവനക്കാരെ എയര്‍ഹോസ്റ്റസ് വിളിക്കാൻ തുടങ്ങുമ്പോള്‍ ഇയാള്‍ പാന്‍റിന്‍റെ സിബ്ബഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തയുടൻ വിമാനത്തിലെ ക്രൂ സംഭവം എയര്‍പോര്‍ട്ട് ഓപ്പറേഷൻസ് കൺട്രോള്‍ സെന്‍ററിനെയും തുടര്‍ന്ന് സിഐഎസ്എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതൽ നിയമനടപടികള്‍ക്കായി ഡൽഹി പോലീസിന് കൈമാറി.
പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.
മെയ് 13-ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
ഒടുവില്‍ പ്രശ്നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു.ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.
രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന് കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. ഇന്ന് തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തും. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
ജാതിപറഞ്ഞുള്ള അധിക്ഷേപത്തെത്തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയസംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. സംഭവംനടന്ന് ദിവസങ്ങൾപിന്നിട്ടിട്ടും പ്രതികളായ സഹപ്രവർത്തകരെ പിടികൂടാൻകഴിയാത്തത് ചൂണ്ടിക്കാട്ടി മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മരണത്തിന് ഉത്തരവാദികളല്ലെന്നും, നീതിലഭിക്കണമെന്നുംകാട്ടി ഒളിവിലുള്ള പ്രതികൾ പൊലീസിന് കത്തെഴുതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ സർക്കാർ ആശുപത്രിയായ ബിവൈഎൽ നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടർ പായൽ സൽമാൻ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്സിൻറെ ജാതീയമായ അതിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു. താദ്വിയുടെ സഹപ്രവർത്തകരായ ഹേമ അഹൂജ, ഭക്തി മെയർ, അങ്കിത ഖണ്ഡൽവൽ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയിൽവച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇവർ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.
തുടർന്ന് മൂവർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവർത്തകരും രംഗത്തെത്തി. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവംനടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടർമാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.