സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കും. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നും ഡിജിപി പറ‍ഞ്ഞു.

ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിൽ, സ്വർണക്കടത്തിന് അറസ്റ്റിലായ പ്രകാശൻ തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ മൊഴി ഡി ആര്‍ ഐ യും രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും പ്രകാശനെ അറിയില്ലെന്ന് പറഞ്ഞുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.