കെവിൻ കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളിൽ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകിയ ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയിൽ മൊഴി നൽകിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നൽകിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോൾ കോടതിയിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചുവെന്നും ലിജോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെവിൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയമത്രയും ലിജോയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് മടങ്ങിപ്പോയ ശേഷം ഷാനു പ്രതികൾക്കൊപ്പം കോട്ടയത്തെത്തി കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെവിനെ വധിച്ചുവെന്നും സുഹൃത്ത് അനീഷിനെ തട്ടിക്കൊണ്ടുവന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ് ലിജോയുടെ മൊഴി. പ്രോസിക്യൂഷന് സഹായമാകുന്ന നിർണായക മൊഴിയാണ് ലിജോ നൽകിയിരിക്കുന്നത്.
ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേവിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ കോടതിയില്‍. വിവാഹമോചനം ആവശ്യപ്പെട്ട് നീതി ദേവ് ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ അപേക്ഷ നല്‍കി. ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്. 25 വര്‍ഷത്തെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബിപ്ളവ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്.
വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന്പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി
ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നത്. വീട്ടമ്മായായ അംല (36), നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഒാടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. ഇതില്‍ ആറു വയസുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീടിന് സമീപം ഉണ്ടായിരുന്നു
എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി രോഹിത്തിന്റെ അമ്മ. അപൂര്‍വയ്ക്ക് വിവാഹത്തിന് മുമ്ബ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. രോഹിതിനെ വിവാഹം ചെയ്തത് കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനാണെന്നും അമ്മ ഇജ്വല ആരോപിക്കുന്നു. 2017ലാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഒരു വര്‍ഷത്തോളം പ്രണയ ബന്ധം തുടര്‍ന്ന ഇരുവരും 2018 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടില്‍ തന്നെ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.
ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അപൂര്‍വ മൊഴി നല്‍കിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്.
കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷിനെ പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തു.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തന്റെ അറിവോടെയല്ല ജീവനക്കാരുടെ അക്രമമെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കി.അതേ സമയം സുരേഷിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് എ സി പി പറഞ്ഞു.
ആവശ്യമെങ്കില്‍ ബസ്സുടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ്സുടമയ്ക്ക് പങ്കുണ്ടോയെന്നതാണ് പരിശോധിച്ചത്. ഫോണ്‍ അടക്കമുളള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ബസ്സുടമയ്‌ക്കെതിരെ നിലവില്‍ തെളിവുകളില്ല. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
അതിനിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു
തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. സി.പി.എം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം.
എന്‍.ഡി.എയുടെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിന്റെ സി. ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കി. എ.ഐ.സി.സി. പ്രതിനിധി നാനാ പട്ടോളി നേരിട്ടെത്തിയാണു തരൂരിനു വേണ്ടി ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത്. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്.
ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ഹാജരാകാന്‍ തല്‍ക്കാലം നിവൃത്തിയില്ലെന്നാണ് രാവിലെ പൊലീസിനെ സുരേഷ് കല്ലട അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവിധ നിയമലംഘനങ്ങൾക്ക് കല്ലടക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി.
അതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി.
ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. ആക്രമണത്തില്‍ മരണം 359 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. അതേസമയം ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്‍റെ നിരീക്ഷണത്തിലാണ്.ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തെത്തുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു കാണാം.
കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പള്ളിക്കുള്ളിലേക്ക് നടന്നെത്തുന്നത്. ഈ സമയത്ത് ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ നിരവധി വിശ്വാസികള്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നതു കാണാം. പള്ളിക്കകത്ത് വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
#WATCH Colombo: CCTV footage of suspected suicide bomber (carrying a backpack) walking into St Sebastian church on Easter Sunday. #SriLankaBombings (Video courtesy- Siyatha TV) pic.twitter.com/YAe089D72h
— ANI (@ANI) April 23, 2019
തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചിട്ടുണ്ട്.
ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടില്ല. വെട്ടിക്കൊന്ന സ്ഥലത്തു നിന്ന് വടിവാള്‍ കണ്ടെടുത്തു. ശംഭു, സിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘങ്ങള്‍ തമ്മില്‍ പരസ്പരം കുടിപ്പകയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിജോയിയുടെ അനുനായിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തത് ശംഭുവിന്‍റെ സംഘമാണെന്ന് സിജോയിയും തിരിച്ചറിഞ്ഞു. ക്രിമിനല്‍സംഘങ്ങളുടെ തേര്‍വാഴ്ച നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ത്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൊലയാളി സംഘത്തെ പിടികൂടാന്‍ സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കൊലയാളി സംഘം കേരളം വിട്ടെന്നാണ് സൂചന. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാറശാലയിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട്ടുവിളയിലുള്ള സുഹൃത്ത് ഷാജിയുടെ വാഴത്തോട്ടത്തിൽ കാണപ്പെട്ടത്. ഷാജിയുടെ പിതാവ് വിമുക്തഭടനായിരുന്ന കൃഷ്ണനെ അഞ്ച് വർഷം മുമ്പ് കാണാതായിരുന്നു. പിതാവുമായി ഷാജിക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതിനാൽ ഈ തിരോധാനത്തിൽ നേരത്തെ തന്നെ ഒട്ടേറെ അഭ്യുഹങ്ങളുയർന്നിരുന്നു
ഇത് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കെയാണ് വിനുവിന്റെ വധം ഞായറാഴ്ച വിനു കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷവും മൃതദേഹം മറവ് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച ആറയുരിലെ റേഷൻകടയിൽ നിന്ന് ഒരു ബാരൽ മണ്ണെണ്ണ മോഷണം പോയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കത്തിച്ചുകളയാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ മോഷണമെന്നു സംശയിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഷാജിയെ പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘം പിടികൂടി ചാക്കിൽകെട്ടി മർദിച്ചു. ഷാജിയെ മരിച്ചെന്ന് കരുതി ഇടിച്ചക്കപ്ളാമുടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിനുവാണ് ഷാജിയെ ഗുണ്ടാസംഘത്തിൻെറ പക്കലെത്തിച്ചതെന്നും, ഇതിലുള്ള വൈരാഗ്യമാകാം കൊപാതകമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്
ലോറി ഡ്രൈവറായിരുന്ന വിനുവിനെ ഞായർ മുതൽ കാണാനില്ലായിരുന്നു. ഞായർ രാവിലെ ഷാജിയുടെ വീട്ടിൽ മദ്യപിക്കാനെത്തിയവരുടെ കൂട്ടത്തിൽ വിനുവിനെ കണ്ടിരുന്നതായി പരിസരവാസികൾ മൊഴി നല്കി. കൊലപാതകം ഞായറാഴ്ച നടന്നെങ്കിലും തിങ്കൾ രാവിലെ വരെ ഷാജിയുംകൂട്ടാളികളും വീടിന് സമീപത്തുണ്ടായിരുന്നു. സംഭവദിവസം അകരത്ത് വിള സ്വദേശിയായ വിനയകുമാറിനെ വീട്ടിലേക്ക് വിളിപ്പിച്ച് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ അവശ്യപ്പെട്ടതാണ് കൊലപാതക വിവരം പുറത്താക്കിയത്.
വീട്ടിലെത്തിപ്പോൾ രക്തത്തിൽ കുളിച്ച ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ച വിനയകുമാറിനെ ഷാജിയും സംഘവും പിടികൂടി ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വിട്ടയച്ചത്. ഷാജിയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വിവരങ്ങൾ നൽകിയ വിനയകുമാർ പൊലീസ് കസ്റ്റഡിയിലാണ്. ഷാജിയോടൊപ്പം വീട്ടിലുണ്ടായിരുന്ന പ്രദേശവാസികളായ മൂന്നു പേരും ഒളിവിലാണ്. വിനുവിൻെറ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു