ഒന്നേകാൽ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സ്വൈരജ‍ീവിതത്തിനു തടസ്സമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ ആതിര പൊലീസ‍ിനു മൊഴി നൽകി.

കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര. ‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’
കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകൾ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നൽകി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.

കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നത‍ുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണം സംഭവിച്ച വീട്ടിൽ ഇന്നലെ ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാൽ തെളിവെടുപ്പും തുറന്ന കോടതിയിൽ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.

കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെയുമെടുത്ത് അയൽവാസി ശ്യാമയുടെ വീട്ടിലെത്തിയ ആതിര പറഞ്ഞു– ‘അക്കേ, കുഞ്ഞ് ഒന്നും മിണ്ടുന്നില്ല’. ഇങ്ങനെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ എന്റെ കയ്യിലേക്കു തരികയായിരുന്നുവെന്ന് കൊല്ലംവെളിയിൽ ശ്യാമ ഓർക്കുന്നു. കോളനിയിലെ ഒരാളുമായും അടുപ്പമില്ലാത്ത ആതിര പതിവില്ലാതെ തന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ ശ്യാമയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. കുഞ്ഞിന് അസുഖമുണ്ടായാൽ ഒരമ്മയ്ക്കുണ്ടാകുന്ന പരിഭ്രമമോ വിഷമമോ ആതിരയുടെ മുഖത്തുണ്ടായിരുന്നില്ലെന്നു ശ്യാമ ഓർക്കുന്നു.

ശ്യാമ കുഞ്ഞിനെ കൈയിൽ വാങ്ങി, അപസ്മാരബാധയാകുമെന്നു കരുതി പൈപ്പിൽ നിന്നു വെള്ളമെടുത്ത് കാലും മുഖവും നനച്ചുനോക്കി. കുഞ്ഞ് അനങ്ങുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടി. അൽപം അകലെ, കഴിഞ്ഞ ദിവസം മരണം നടന്ന ഒരു വീട്ടിലായിരുന്നു പ്രദേശത്തെ എല്ലാവരും. അതിനടുത്തുള്ള കുഞ്ഞുമോൻ എന്നയാളുടെ വീട്ടിലാണ് ശ്യാമ എത്തിയത്.

  ബുധനാഴ്ച മുതൽ സംസ്ഥാനത്തിന് അകത്ത് പരിമിതമായ ദീർഘദൂര സർവ്വീസുകൾ നടത്തും ; മന്ത്രി ആന്റണി രാജു

കുഞ്ഞുമോനും അവിടെയുണ്ടായിരുന്നവരും കുഞ്ഞിനെ അനക്കാൻ ശ്രമിച്ചു. കൃത്രിമശ്വാസം നൽകി നോക്കിയെങ്കിലും കുഞ്ഞിന് അനക്കമുണ്ടായില്ല. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ശ്യാമയും ആതിരയും മറ്റുചിലരും കുഞ്ഞിനെയും കൊണ്ട് കയറി ദേശീയപാതയിലെ പുതിയകാവ് ജംക്‌ഷനിലെത്തി. അപ്പോഴേക്കും കുഞ്ഞുമോനും മകനും കൂടി ബൈക്കിലെത്തി കുഞ്ഞിനെയും വാങ്ങി വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞിനു സുഖമില്ലെന്ന വിവരമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങി.

ഡോക്ടർ കുഞ്ഞിനെ കിടത്തി ഓക്സിജൻ നൽകി നോക്കി. തുടർ പരിശോധനയിൽ കുഞ്ഞ് മരിച്ചിട്ട് ഒരുമണിക്ക‍ൂറിലേറെയായെന്നു വ്യക്തമായി. തുടർന്നാണ് പട്ടണക്കാട് എസ്ഐ അമൃത രംഗന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചത്.

ആതിരയെക്കുറിച്ച് നാട്ടിലാർക്കും നല്ല അഭിപ്രായമില്ല. പല ദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാരെ ചീത്ത പറയാനും മർദിക്കാനും ആതിരയ്ക്കു മടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ. ആതിരയുടെ ഭർത്താവ് ഷാരോണും ഭർതൃമാതാവ് പ്രിയയും ചെമ്മീൻ പീലിങ് ഷെഡ്ഡിൽ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഷാരോണിന്റെ പിതാവ് ബിജുവിനു വർഷങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.

ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.

ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു. തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു.

കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.