പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.
മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന്‍ കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.
ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.
ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു
രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു
മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 2016 സെപ്തംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഏപ്രില്‍ ഒന്നിനാണ് ശിക്ഷ വിധിക്കുക.
മകളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പോലീസുകാരനോടൊപ്പം യുവതി പോകുകയായിരുന്നു. ജോലിക്കിടയില്‍ പോലീസ് പട്രോളിനുള്ള ഔദ്യോഗിക കാറില്‍ മൂന്ന് വയസുകാരിയായ മകള്‍ ചെയന്നെയെ പൂട്ടിയിട്ടാണ് കാസി പോയത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിനുശേഷം മകള്‍ കാറിനുള്ളിലുള്ളതു ഓര്‍ക്കാതെ കാസിയും പോലീസുകാരനും ഉറങ്ങി. ഇതേസമയം കാറിനുള്ളിലെ കനത്ത ചൂടില്‍ നാല് മണിക്കൂര്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കാസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്‌നറെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കാസിയുടെ ഭര്‍ത്താവായ റയാന്‍ഹയര്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇവര്‍ പ്രതിയാണെന്ന് തെളിയിക്കുന്നതായിരുന്നു.
ഗുജറാത്തിലെ പാട്ടാള ക്യാംപില്‍ രണ്ടു മാസം മുമ്പ് വിവാഹിതനായ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയില്‍. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് സംഭവം.
തിരുവനന്തപുരം കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാറാണ് (26) മരിച്ചത്. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വീസ് ഗണ്‍ ഉപയോഗിച്ച് സ്വയം തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന വിശാഖ് ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്പാണ് ജാംനഗറില്‍ എത്തിയത്. രണ്ടുമാസം മുമ്പായിരുന്നു വിശാഖിന്റെ വിവാഹം. വിശാഖിന്റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമന്‍പിള്ള അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവ് സുലഭ. സഹോദരന്‍ അഭിലാഷ് (ഇന്ത്യന്‍ ആര്‍മി , ജമ്മുകാശ്മീര്‍), അഞ്ജനയാണ് ഭാര്യ.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും
നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം വന്ന വേളയില്‍ ഒരുപാട് ചര്‍ച്ചയായെങ്കിലും പീന്നീട് അത് ചര്‍ച്ചചെയ്യപ്പെടാതെ പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പീഡനശ്രമത്തില്‍ ഉണ്ണി മുകുന്ദനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. ഉണ്ണിക്കു തന്നെ വീണ്ടും കാണണമെന്നും, നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസില്‍നിന്നും പിന്മാറില്ലെന്നും യുവതി അറിയിച്ചിട്ടുണ്ട്
ഉണ്ണി മുകുന്ദനെതിരായ ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തയെന്നും അതിന്റെ തെളിവുകള്‍ കോടതിക്കു കൈമാറിയെന്നും യുവതി വ്യക്തമാക്കി. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു.
കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബര്‍ 10ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന മട്ടില്‍ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.
നടനെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതി കളവാണെന്നു യുവതി പറയുന്നു. ഇതുസംബന്ധിച്ചു പോലീസ് വിളിപ്പിക്കുകയോ ചോദ്യംചെയ്യുകയയോ ഉണ്ടായില്ല. കേസില്‍നിന്നു തന്നെ പിന്തിരിപ്പിക്കാനാണ് ഈ നീക്കം. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ‘മംഗള’ത്തോടു പറഞ്ഞു. ഉണ്ണിക്കു തന്നെ കാണണമെന്നു സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. തുടര്‍ന്ന് അത്തരം ഫോണ്‍ കോളുകള്‍ ഒഴിവാക്കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ വിവാദമാകുമെന്നും സ്ത്രീയെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കരുതിയാണു നേരിട്ടു കോടതിയെ സമീപിച്ചത്. കേസില്‍നിന്നു പിന്മാറില്ലെന്നും എല്ലാ തെളിവും കൈവശമുണ്ടെന്നും യുവതി പറഞ്ഞു.
പ്രണയം നിരസിച്ചതിന്റെ പേരിൽ പട്ടാപ്പകൽ പെൺകുട്ടിയെ ജനമധ്യത്തിൽ കുത്തിവീഴ്ത്തുകയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്ത് ക്രൂരതയ്ക്ക് ഇനി അജിന്‍ റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്താം. പക്ഷേ ഇൗ ക്രൂരത കേരളത്തിലുയർത്തുന്ന ചോദ്യങ്ങളേറെയാണ്. അൽപം മുൻപാണ് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്
എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടിക്ക് 50 ശതാമാനിത്തിലേറേ പൊള്ളലേറ്റിരുന്നു. ബോധമില്ലാതെയാണ് പെൺകുട്ടി ഇത്രനാളും ചികിൽസയിൽ തുടർന്നത്. ഒരു ദിവസം മുപ്പത്തിനായിരം രൂപയ്ക്ക് മുകളിലാണ് ആശുപത്രയിൽ ചെലവായിരുന്നു. സാമ്പത്തികമായി ശേഷി കുറവുള്ള കുടുംബം ചികിൽസ ചെലവിനായി നട്ടം തിരിയുന്നതിനും കേരളം സാക്ഷിയായി.
പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ വീണ്ടും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലറിക്കരയുന്ന പെൺകുട്ടിയുടെ വിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് െവള്ളമൊഴിച്ച് തീ അണച്ചത്. പിന്നീട് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തിന്റെ അറുപതു ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
നിർണായകമായത് സമീപത്തെ കളിപ്പാട്ടക്കടയിലുള്ള സിസിടിവി ക്യാമറയാണ്. സംഭവം നടന്നതിന് എതിർവശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതൽ 40 സെക്കൻഡ് നീണ്ടുനിൽക്കുന്ന ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണ്. നടന്നതിങ്ങനെ:
റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. (കത്തി കൊണ്ടുള്ള കുത്ത് കൊണ്ടതാകാം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറവിലാണ് പല ദൃശ്യവും.) പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്‌ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. ഇത്രയും രംഗങ്ങളാണ് സിസി ടിവിയിലുള്ളത്. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെൺകുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം അജിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി.
വ്യവസായിയെ നഗ്നാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. 27കാരിയായ തൃശൂര്‍ സ്വദേശി ഷമീനയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് സംഭവം. തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.
പൂർണ വളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ. ഏകദേശം 5 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹത്തിനു 1 ദിവസം പഴക്കവും 300 ഗ്രാം തൂക്കവുമുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ എറണാകുളം–ആലപ്പുഴ പാസ്സഞ്ചർ ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.
ട്രെയിൻ ശുചീകരിക്കുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടി നിൽക്കുന്നത് പരിഹരിക്കാൻ ശക്തമായി പമ്പ് ചെയ്തപ്പോൾ തടസ്സമായി നിന്ന മൃതദേഹം ട്രാക്കിലേക്കുവീഴുകയായിരുന്നു. ബയോ ടൊയ്‌ലെറ്റിന്റെ മൂടി തുറന്നായിരുന്നു ശുചീകരണം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഗർഭം അലസിപ്പോയതാകാമെന്നാണ് ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം. ഷൊർണൂർ–എറണാകുളം–ആലപ്പുഴ റൂട്ടിലോടുന്ന ട്രെയിനിൽ എവിടെവച്ചാണ് സംഭവമെന്നു വ്യക്തമല്ല റെയിൽവേ പൊലീസ് കെസെടുത്ത് അന്വേഷിക്കും.
ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.
ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.