കള്ളില്‍ വ്യാപക മായം ചേര്‍ക്കല്‍. കഞ്ചാവിന്റെ അംശം കണ്ടെത്തിയതോടെ 22 ഷാപ്പുകള്‍ക്ക് പൂട്ടു വീണു. ആലപ്പുഴയിലെ ഷാപ്പുകളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം.

സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര ഭാഗങ്ങളിലെ ഷാപ്പുകളാണ് പൂട്ടിച്ചത്. ഒക്ടോബറില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിലാണ് മായം ചേര്‍ക്കല്‍ കണ്ടെത്തിയത്.

കള്ള് ഉത്പാദനം കുറഞ്ഞിരുന്ന സമയത്തെ സാംപിളുകളില്‍ നിന്നുള്ള പരിശോധന ഫലമാണിത്. അതുകൊണ്ട് തന്നെ അതതു പ്രദേശങ്ങളില്‍ നിന്ന് എത്തിച്ച കള്ളിലാണോ പുറത്ത് നിന്ന് കൊണ്ടു വന്ന കള്ളിലാണോ കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്ന് വ്യക്തമല്ല. ഷാപ്പുകളുടെ ലൈസന്‍സികളുടേയും വില്‍പ്പനക്കാരുടേയും പേരില്‍ കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

കള്ള് ഷാപ്പുകളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലയിലെ എക്സൈസ് അധികൃതര്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്.