നവാഗത മലയാളം സംവിധായിക നയന സൂര്യന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 28 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുക ആയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു.
ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
കോൺഗ്രസ് അതിക്രമത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്കെതിരെ ഉയർന്നത് സമാനതകളില്ലാത്ത പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ പാഞ്ഞടുക്കുകയായിരുന്നു.
പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുകയാണൊരു പെൺകുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു.
വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട് മാറി നിൽക്കെടാ..’ പറയുന്നത്, തടയാനെത്തിയ പൊലീസുകാരോടാണ്. കൊലപ്പെട്ട യൂത്ത് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ നാവുകൊണ്ട് നേരിടുകയാണ് ഇൗ പെൺകുട്ടി. അലറിക്കരഞ്ഞുള്ള അവളുടെ വാക്കുകളെ തടയാൻ പൊലീസിനും കഴിഞ്ഞില്ല. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൻരോഷമാണ് ഉയർത്തിയത്.
‘കുഴിമാന്താൻ വന്നതാണെങ്കിൽ അതുപറയണം. ഞങ്ങൾക്ക് ഇനിയുമുണ്ട് ആൺകുട്ടികൾ. അവർക്കും ജീവിക്കേണ്ട അതോ അവരെയും കൊല്ലനാണോ ലക്ഷ്യം..’ ഇങ്ങനെ രോഷം അണപൊട്ടിയ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ നേതാക്കളും ഒപ്പം നാട്ടുകാരും അമ്പരന്നു. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് സി.പി.എം സംഘത്തിന് സന്ദര്‍ശനം നടത്താനായത്. സി.പി.എം നേതാക്കള്‍ക്കെതിരെ അമ്മമാരടക്കമുളളവരുടെ രോഷവും അണപൊട്ടി.
പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊന്നതിൽ അടിപതറുകയാണ് സിപിഎമ്മിന്. പാർട്ടിക്കെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സന്ദര്‍ശനത്തിന് താല‍്‍പര്യം അറിയിച്ച് ഡി.സി സി പ്രസിഡന്റിനെ സമീപിച്ചെന്നാണ് പി.കരുണാകരന്‍ എം.പി പറഞ്ഞത്. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ ഹക്കിം കുന്നേല്‍ പിന്നീട് പ്രതികരിച്ചില്ലെന്നും എം.പി ആരോപിച്ചു.എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദർശനം റദ്ദാക്കുകയും ചെയ്തു.
പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.
പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.
അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.
പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ നീക്കങ്ങൾ നടത്തുന്നതിന്റെ തൊട്ടു പിന്നാലെ തനിക്കും ജന്മനാടായ ബ്രിട്ടനിലേക്ക് വരണമെന്ന ആഗ്രഹപ്രകടനവുമായി കുർദിഷ് തടവറയിൽ നിന്നും ഒരു യുവാവ്. 2014 ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയ ജാക്ക് ലെറ്റസ് എന്ന ചെറുപ്പക്കാരൻ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരനാകാം നാടുവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. അച്ഛൻ കനേഡിയൻ വംശജനായതിനാൽ ഉഭയ പൗരത്വം നേടിയെടുത്ത ഇയാൾ താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
“ഞാൻ ബ്രിട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും ഇവിടുത്തെ ആളുകളെ, ബ്രിട്ടീഷ് പൗരയായ എന്റെ അമ്മയെ, ഞാൻ എന്റെ അമ്മയെ കണ്ടിട്ട് നീണ്ട അഞ്ച് വർഷമായി, എന്റെ അമ്മയോട് എന്തെങ്കിലും മിണ്ടിയിട്ട് രണ്ട് വർഷത്തോളമായി, എന്നെ മടങ്ങി വരാൻ ബ്രിട്ടൻ അനുവദിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ വരും, പക്ഷെ എനിക്ക് അനുമതി കിട്ടുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല” 23 കാരനായ ലെറ്റസ് ഐടിവി ന്യൂസിനോട് പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ശേഷം തിരിച്ച് ബ്രിട്ടനിലേക്ക് വരണമെന്ന ആവിശ്യം ഉന്നയിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം പോലും റദ്ദാക്കാൻ ബ്രിട്ടീഷ് ഭരണകൂടം ഒരുങ്ങുമ്പോഴാണ് വർഷങ്ങൾക്കുമുൻപ് സിറിയ വിട്ടുപോയൊരാൾ രാജ്യത്തേക്ക് വരണം എന്ന ആവിശ്യമുന്നയിക്കുന്നത്. താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം തിരിച്ചറിയുന്ന ലെറ്റ്സിനു പക്ഷെ തന്റെ മടങ്ങി വരവ് അത്ര സുഗമമായിരിക്കില്ല എന്ന ബോധ്യമുണ്ട്.
ബ്രിട്ടീഷ് മീഡിയയ്ക്കായി “ജിഹാദി ജാക്ക്” ഡബ്ബ് ചെയ്ത ഈ യുവാവ് വർഷങ്ങൾക്കുമുൻപ് സിറിയയിലേക്ക് പോയത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനാണെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാൽ ലെറ്റസ് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടില്ലെന്നും അയാളെ ആരോ ചതിച്ചതാണെന്നുമാണ് ലെറ്റ്‌സിന്റെ മാതാപിതാക്കൾ പറയുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ
∙ കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയുമായി ചേർന്നു ശരത്‍ലാലിനെ തിരിച്ചടിക്കാൻ തീരുമാനിച്ചു
അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‍ലാൽ മാത്രമായിരുന്നു. അതിനാൽ ശരത്തിന്റെ പോക്കുവരവുകൾ നിരീക്ഷിച്ചു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ചു.
∙ കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ സംഘം ഒളിഞ്ഞിരുന്നു. രക്ഷപ്പെടാൻ പാകത്തിൽ വാഹനങ്ങൾ നേരത്തേ വിവിധ സ്ഥലങ്ങളിൽ തയാറാക്കി നിർത്തി
ബൈക്കിൽ കൃപേഷും ശരത്‍ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിർത്താൻ തയാറായില്ല. ഇതോടെ ഇവർ ബൈക്കിൽ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്ക്
∙ വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തിൽ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‍ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ ചിലതു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയാറായില്ല. വാൾ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.
തുടർന്നു നേരത്തെ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഓടിക്കയറി, വിവിധ ഭാഗങ്ങളിലേക്കു രക്ഷപ്പെട്ടു. 8 പ്രതികൾ 3 വാഹനങ്ങളിലായാണു രക്ഷപ്പെട്ടത്. സജി ജോർജിന്റെ വണ്ടിയിൽ 4 പേരും മറ്റു വാഹനങ്ങളിൽ 2 പേർ വീതവുമാണു രക്ഷപ്പെട്ടത്
∙ സംഘം ആദ്യം പാർട്ടി കേന്ദ്രമായ വെളുത്തോളിയിൽ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ. എന്തു മൊഴി നൽകണമെന്ന കാര്യത്തിൽ നിയമോപദേശം ചർച്ച ചെയ്തത് ഇവിടെ വച്ചാണ്
∙ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാർ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലർച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ഒരാൾ മാത്രം ഹാജരായില്ല. ഇയാൾ അറസ്റ്റിലാകാനുണ്ട്
ഭര്‍ത്താവിനെ കൊന്ന് പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ച യുവതി പോലീസ് പിടിയിലായി.മഹാരാഷ്ട്രയിലെ ബോയ്‌സറില്‍ 28കാരി യാണ് പിടിയിലായത്.ഫെബ്രുവരി 16 നാണ് ശരീരത്തില്‍ നിരവധി മുറിവുകളുള്ള അജ്ഞാത ശരീരം ഓടയില്‍ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അനില്‍ കുമാര്‍ റാവത്ത് എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് മനസിലായി.
എന്നാൽ ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമതാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
വീട്ടിലെത്തിയ പോലീസുകാർ വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടു. പിന്നീട് നടന്ന അന്വേഷണത്തില്‍ രാംപ്രകാശ് സോനു എന്നയാളിലേക്ക് പൊലീസ് എത്തി. മമതയും സോനുവും തമ്മില്‍ പ്രണയത്തിലായിരുന്നു. അനില്‍ കുമാറിനെ ഒഴിവാക്കാനായി ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേഴ്‌സ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു.
കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേയ്ക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധിനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി.
ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കൾ ഉറപ്പുനൽകി. പാർട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേർന്നാണു കൊലപാതകം നടത്തിയതെന്നും പാർട്ടിക്കു വേണ്ടി പീതാംബരൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്.
തെളിവെടുപ്പിനിടെ പീതാംബരൻ കാണിച്ചുകൊടുത്തതനുസരിച്ച് പൊലീസ് കണ്ടെടുത്തതു തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്.
ശരത്‍ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‍ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയുമോ എന്നാണു സംശയം.
ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരത്‍ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ചെവി മുതൽ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചു
പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയുന്നതിങ്ങനെ– ‘‘പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‍ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.’’
കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പൊലീസ് പ്രതികളുടെ എണ്ണം എത്രയാണെന്നു പറഞ്ഞിട്ടില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ദേഹത്തുള്ള പരുക്കുകൾ അതിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കസ്റ്റഡിയിൽ വിട്ട പീതാംബരനെ 27നു കോടതിയിൽ തിരികെ ഹാജരാക്കണം. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും.
ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിർഷായുടെ ഭാര്യ കൃഷ്ണ (26), മകൻ നദാൽ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ന് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുൻ അംഗം ലത സാജൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാദിർഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയിൽ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലർച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടൻ തീ ആളുന്നതാണ് കണ്ടത്. ഇതോടൊപ്പം കരച്ചിലും. ബഹളം കേട്ടു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മുറിയിലെ കട്ടിലിൽ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കൃഷ്ണ മുറിക്കു പുറത്തുള്ള വരാന്തയിൽ കത്തിയമർന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മരിച്ച കൃഷ്ണയുടെ മാതാവ് ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
കൃഷ്ണ എസ്ബിഐ കൊടുങ്ങല്ലൂർ ശാഖയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ താൽക്കാലിക ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാദിർഷാ ആഴ്ചയിലൊരിക്കലാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ വരാറുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു
പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്
പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.
പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്
പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്
പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും സംശയത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു