Crime

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ചത്.അതേസമയം ഗാന്ധിജിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്തു.തുടർന്ന് മധുര വിതരണവും നടത്തി.

ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.

ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്ക് യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയിൽ നിന്നു പിടികൂടി. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി പൊന്നി നഗർ രമേശൻ(45) അറസ്റ്റിൽ. കഴിഞ്ഞ 10ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചേർത്തല തൈക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ചേർത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി. ബൈക്കിൽ ഇടിച്ച ശേഷം അൽപദൂരം മാറ്റി ലോറി നിർത്തിയെന്നും ആളെ കാണാത്തതിനാൽ ബൈക്ക് റോഡരികിലേക്ക് മാറ്റിവച്ചിട്ടു പോയെന്നും ലോറി ഡ്രൈവർ മൊഴി നൽകി.

അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റർ അകലെ ശക്തീശ്വരം കവലയിൽ നിർത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാൻ നൽകിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.

വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തിൽ നിന്ന് അടർന്നുവീണ നിലയിൽ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുൻപുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ശക്തീശ്വരം കവലയ്ക്കു സമീപത്തെ ക്യാമറ പരിശോധിച്ചപ്പോഴും ലോറിയുടെ സാന്നിധ്യം കണ്ടെത്തി.

തുടർന്ന് അമ്പലപ്പുഴ വരെയുള്ള ക്യാമറ പരിശോധിച്ചപ്പോൾ ലോറി ആ ഭാഗം കടന്നിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് കുമ്പളം ടോൾ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പട്ടണക്കാട് എസ്ഐ എസ്. അസീമിന്റെ നേതൃത്വത്തിൽ പൊലീസ് തിരുച്ചിറപ്പള്ളിക്കു പുറപ്പെട്ടു.

വ്യാഴം രാവിലെ അവിടെയെത്തിയ പൊലീസ് ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അപകടമുണ്ടായ കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയിൽ പെയിന്റ് പോയ ഭാഗം ഉൾപ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു.

 സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി കണ്ടെത്തിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണത്തിലൂടെ

സിസി ടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തു നിന്നു ലഭിച്ച പെയിന്റും ആണ് കേസിൽ നിർണായകമായത്. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇടിച്ച ലോറി തിരുച്ചിറപ്പള്ളിയിലേതാണ് എന്നു കണ്ടെത്തിയത്.

അപകടം നടന്ന ദിവസം തന്നെ വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ പൊലീസ് ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി. നൂറിലധികം ലോറികൾ സ്വന്തമായുള്ള ഏജൻസിയിലെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം എത്തിയത് സുരക്ഷയ്ക്കു തോക്ക് ഉൾപ്പെടെ കരുതിയാണ്. ഒരേ പേരിൽ രണ്ട് ഏജൻസികൾ ഉണ്ടായിരുന്നു. അദ്യത്തെ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ലോറി അവരുടേത് അല്ലെന്നു കണ്ടെത്തി. അടുത്ത ഏജൻസിയിൽ എത്തി ഉടമയോട് കാര്യം അവതരിപ്പിച്ചു.

ഉടമ ഡ്രൈവറെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് കരഞ്ഞുകൊണ്ട് അയാൾ അപകടവിവരം സമ്മതിച്ചത്. എസ്ഐ എസ്. അസീമിനൊപ്പം കെ.ജെ. സേവ്യർ, കെ.പി. ഗിരീഷ്, എസ്. ബിനോജ്, ബി. അനൂപ് എന്നിവരാണ് തിരുച്ചിറപ്പള്ളിയിൽ പോയത്.

അപകടദിവസം പകൽ പൊലീസ് സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഇടിച്ച വാഹനത്തിൽ നിന്ന് ഇളകിവീണ പെയിന്റ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു മോട്ടോർവാഹന വകുപ്പ്, സൈന്റിഫിക് വിദഗ്ദർ, വർക് ഷോപ്പുകൾ, ലോറി ഉടമകൾ, ലോറി കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ നൂറുകണക്കിനു വാഹനങ്ങൾ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ് ലോറിയുടെതാണെന്നു മനസിലായത്.

പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി തിരിച്ചറിഞ്ഞു. പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ധർ അപകടം നടന്ന ദിവസം തന്നെ വിവിധ ഇടങ്ങളിലെ സിസി ടിവി ദൃശ്യം നഷ്ടമാകാതെ ശേഖരിച്ചതും കേസിനെ തുണച്ചു.തിരുച്ചിറപ്പള്ളിയിൽ എത്തിച്ച ലോറി പെയിന്റ് ചെയ്യാനായി നൽകിയിരിക്കുകയായിരുന്നു ഡ്രൈവർ രമേശ്. ഇവിടെ നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തതും.

ദേശീയപാതയിൽ പട്ടണക്കാട് സഹോദരങ്ങൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പൊലീസിന്റെ ബൈക്ക് പൊലീസ് ഓടിച്ചു സമയം പരിശോധിച്ചു.റോഡിൽ എല്ലായിടത്തും ക്യാമറകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുന്ന സമയവും അപകടം നടന്ന സമയവും കൃത്യമായി ലഭിക്കാത്തതിനാലാണ് ‘ട്രയൽ റൺ’ നടത്തിയത്. അരൂർ ടോളിൽ ക്യാമറയുണ്ട്. അവിടം മുതൽ അപകടസ്ഥലം വരെയാണ് പൊലീസുകാർ ബൈക്ക് ഓടിച്ചത്. അജേഷിന്റെയും അനീഷിന്റെയും ബൈക്ക് യാത്രക്കിടെ അപകട സ്ഥലത്തിനു സമീപം ഒരാൾക്ക് ഫോൺ വന്നു സംസാരിച്ചതായും കണ്ടെത്തി.

കാനഡയെ നടുക്കിയ കൊലപാതകങ്ങളുടെ സത്യം കണ്ടെത്തിയതോടെ വലിയ ഞെട്ടലാണ് രാജ്യം. ബ്രൂസ് മക് ആർതർ എന്ന 67കാരന്റെ വെളിപ്പെടുത്തലാണ് ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കുന്നത്. 2010 മുതൽ 2017 വരെ കാണാതായ സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആർതറിന്റെ വെളിപ്പെടുത്തൽ.

ബ്രൂസ് മക് ആർതർ എന്ന സീരിയൽ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആൻഡ്രൂ കിൻസ്മാനിൽനിന്നാണ്. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടിൽ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറിൽ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആർതറിലെത്തിയത്.
മികച്ച ലാൻഡ്സ്കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ഇതിനുശേഷം ഏട്ടോളം പേരെ കൊന്നതായിട്ടാണ് ഇയാളുടെ വെളിപ്പെടുത്തൽ.

കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം. കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ‌ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. ‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’ എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.

 

വനത്തിനുളളിൽ 23 ദിവസം പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം ഒളിവിൽ കഴിഞ്ഞ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് (21) സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.

മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും പൊലീസ് പിടികൂടിയിരുന്നു.അപ്പുവിനെ (21) അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു. കുമളിയിലെത്തിയ അപ്പു പെൺകുട്ടിയുമായി അടുപ്പത്തിലായെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല.
വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു.

നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലർച്ചെ , ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു.

അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും . പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടി.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മത്സരം നിര്‍ത്തിവെച്ച . ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങാനിരുന്നത്. കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചത്. കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.

സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും ഒരു കൂട്ടം തേനീച്ചകള്‍ ഇളകിയെത്തിയത് കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മൈതാനത്തു തേനിച്ചയുടെ ആക്രമണം ഉണ്ടായ ഭാഗത്തായിരുന്നു നിന്നിരുന്നത്. തേനിച്ച ഇളകിയതോടെ ദ്രാവിഡ് അവിടെ നിന്ന് ഓടി മാറുകയായിരുന്നു.

അതേസമയം, തേനീച്ച കൂടിന് കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് കുത്തേറ്റു. ഗ്യാലറിയുടെ മുകള്‍ ഭാഗത്തിരുന്ന 5 പേര്‍ക്കാണ് സാരമായി കുത്തേറ്റത്. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗ്യാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇവരെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ 5 പേരെയും പ്രാഥമിക ശുശ്രുഷ നല്‍കി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.

ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.

ഒാട്ടോ ഡ്രൈവറുടെ കൊലപാതകം 64കാരനായ ഗുരുസ്വാമി ഒറ്റയ്ക്കാണോ നടത്തിയതെന്ന ചോദ്യം ഇനിയും ബാക്കിയാണ്. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു. കൂടുതല്‍ ആളുകള്‍ കൊലപാതകത്തില്‍ പങ്കാളികളായുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സെന്തിൽ കുമാറിന്റെ മൃതദേഹം കുന്നിൻചെരുവിലെ പല തട്ടുകൾ കടത്തി 64കാരനായ ഗുരുസ്വാമി എങ്ങനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയെന്നാണ് സംശയം. ഇതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. സെന്തിൽകുമാർ എത്തിയ ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിന്ന് അട്ടപ്പള്ളത്ത് എത്തിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മൃതദേഹം കുറ്റിക്കാട്ടിൽ മറവ് ചെയ്യാനായിരുന്നു ഗുരുസ്വാമിയുടെ പദ്ധതി എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇയാൾക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമായിരുന്നോ, ഇതിന് ഇയാൾ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങി നിരവധി കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഗുരുസ്വാമിയുടെ കണക്കുകൂട്ടൽ പിഴച്ചതാണ് നിയമത്തിന് കീഴടങ്ങാതെ ആത്മഹത്യയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. സെന്തിൽ കുമാറിനെ കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ പൊലീസ് ഗുരുസ്വാമിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാൽ തന്റെ കൈയിൽ നിന്ന് പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തിൽകുമാർ പോയി എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്. ഇതിന് തെളിവായി എഗ്രിമെന്റ് പൊലീസിനെ കാണിച്ചു. അന്വേഷണ സംഘത്തെ വഴി തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്തിൽ കുമാറിന്റെ ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. ഇതിന് സമീപവാസിയായ യുവാവിന്റെ സഹായമാണ് ഗുരുസ്വാമി തേടിയത്. സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുസ്വാമി ആവശ്യപ്പെട്ട പ്രകാരം ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് എത്തിച്ചതല്ലാതെ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്.

പ്രതി ഗുരുസ്വാമിയുടെ മൊബൈൽ ടവർ ലോക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ വീടിന് സമീപത്തുള്ള ടവർ തന്നെയാണ് കാണിച്ചിരുന്നത്. അത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള മറ്റൊരു അടവായാണ് പൊലീസ് കരുതിയത്. എന്നാൽ പിന്നീട് തൂങ്ങി മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു.

കുമളി വാളാർഡി മേപ്പർട്ടിലെ കുറ്റിക്കാട്ടിലാണ് ഒാട്ടോറിക്ഷാ ‍‍ഡ്രൈവറായ സെന്തിൽ കുമാറിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സെന്തിൽ കുമാറിന്റെ ബന്ധുവായ ഗുരുസ്വാമിയുടെ വീടിനു സമീപത്തെ കുന്നിൻ ചെരുവിൽ അർദ്ധ നഗ്നമായിട്ടാണ് മൃതദേഹം കിടന്നത്. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയ രീതിയിലായിരുന്നു. ഇതോടെ മരണകാരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ് എത്തിച്ചേർന്നു. ഇടുക്കി ഡോഗ് സ്വകാഡും, വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ചെത്തിയ പോലീസ് നായ ഗുരുസ്വാമിയുടെ വീട്ടിലേയ്ക്ക് ഓടി കയറുകയും ചെയ്തു. ഫോറൻസിക്ക് വിദഗ്ദർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തകറയും , മൃതദേഹം വലിച്ചിഴച്ച സ്ഥലത്ത് പണം ചിതറി കിടക്കുന്നതും കണ്ടെത്തി. സെന്തിൽ കുമാർ കടം കൊടുത്തിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ചോദിക്കാൻ എത്തിയപ്പോൾ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

സെന്തിലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ ഗുരുസ്വാമി ഒളിവിൽ പോകുകയായിരുന്നു. സെന്തിൽ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കൊളജിലേയ്ക്ക് കൊണ്ടുപോയി.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Also read… ജെസ്‌ന തിരോധാനം, നിര്‍ണായക വിവരങ്ങള്‍ നല്‍കി കര്‍ണാടക പോലീസ്; ജെസ്‌ന ജീവനോടെയിരിക്കുന്നു ? അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കും പങ്ക്

മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പല തെളിവുകള്‍ കണ്ടെത്തിയിട്ടും ജെസ്‌ന മരിയ ജെയിംസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോഴിതാ ജെസ്‌ന ജീവനോടെയുണ്ടെന്നുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് കര്‍ണാടക പോലീസാണ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.

സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചാണ്.കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. അയാം ഗോയിങ് ടു ഡൈ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.

ചുറ്റിവരിഞ്ഞ തുമ്പികൈയിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവ്. നിലവിളികേട്ട് അടുക്കളയിൽ നിന്ന് ഇറങ്ങിനോക്കിയപ്പോൾ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആന ഭർത്താവിനെ തുമ്പികയ്യിൽ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാൻ നിൽക്കുന്നു. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.

സ്വന്തം ജീവൻ പോലും പണയംവെച്ച് കയ്യിൽകിട്ടിയ വടിയെടുത്ത് രജനി ആനയെ ആഞ്ഞടിച്ചു. തലങ്ങും വിലങ്ങും തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭർത്താവിനെ ചവിട്ടിയരയ്ക്കും മുമ്പ് രജനി വലിച്ചിഴച്ച് രക്ഷപെടുത്തു. സിനിമയെവെല്ലുന്ന സാഹസികത നടന്നത് കൊല്ലം അഞ്ചലിലാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാൻ പോയസമയത്താണ് ആനയ്ക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടൻ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിൽ ചികിൽസയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ രജനി. പനയഞ്ചേരി എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് രജനി.

RECENT POSTS
Copyright © . All rights reserved