സുനന്ദാ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ ശശിതരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി.
ഡല്‍ഹി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.
തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു
പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ
വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മലയാളികളെയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്.നായര്‍ (18) എന്നിവരാണ് മരിച്ചത്.
അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളെജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. ഇരുവരും ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. ഇരുവരും പ്രണയത്തിലായിരുന്നോ എന്ന് പോലീസ് അന്വേഷിക്കും.
കോയമ്പത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍-പോത്തനൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് ആദ്യം മൃതദേഹങ്ങള്‍ പാളത്തില്‍ കണ്ടത്.
തുടര്‍ന്ന്, റെയില്‍വേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസില്‍ ചെന്നൈയ്ക്കുള്ള തീവണ്ടി ടിക്കറ്റുകള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ഇതേ ട്രെയിനില്‍ വ്യാഴാഴ്ച വൈകീട്ട് കോട്ടയത്തു നിന്നാണ് ഇവര്‍ കയറിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
16 കാരിയായ അഞ്ജന എന്ന പെണ്‍കുട്ടി അതിക്രുരമായി കൊല്ലപ്പെട്ട സംഭവത്തിലേക്കാണ് ദുരഭിമാനകൊലയുടെ ഇരുള്‍ പരക്കുന്നത്. കുടുംബാംഗങ്ങള്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കളും ഒരു ബന്ധുവും അറസ്റ്റിലായെങ്കിലും അന്വേഷണം നീളുകയാണ്.
യുവതിയെ ആസിഡില്‍ മുക്കിയ ശേഷം തല വെട്ടിക്കളയുകയും മാറിടങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തും മുമ്ബ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയം. ഡിസംബര്‍ 28 ന് കാണാതായ അഞ്ജനയുടെ മൃതദേഹം ഞായറാഴ്ച വീടിന് സമീപത്ത് നിന്നും വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ ബലാത്സംഗത്തിനും ഇരയായി എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നത്. കാണാതായ ദിവസം പിതാവ് കുടുംബസുഹൃത്തായ മറ്റൊരാള്‍ക്കൊപ്പം അയച്ചതായി മാതാവും സഹോദരിയും വെളിപ്പെടുത്തി.
ഇത് ദുരഭിമാന കൊലയാണോ മാതാപിതാക്കളുടെ അറിവോടെ നടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം 28 നാണ് മകളെ കാണാതായതെങ്കിലും പിതാവ് പോലീസില്‍ പരാതി നല്‍കിയത് ജനുവരി 6 ന് മാത്രമാണ്. ഒരാഴ്ചയോളം വീട്ടുകാര്‍ കാത്തിരുന്നു എന്നതാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം ഗയയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. സേവ് അഞ്ജന എന്ന ഒരു പ്രചരണവും ശക്തമായി. ക്രൂരതയില്‍ പ്രതിഷേധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അനേകരാണ് ഗയയിലെ തെരുവുകളില്‍ എത്തിയത്.
ഇന്ത്യയിലെ മീ ടൂ മൂവ്‌മെന്റിന്റെ നേതാവ് ഋതുപര്‍ണ്ണ ചാറ്റര്‍ജി സംഭവം പ്രധാനമന്ത്രിയുടേയും പ്രാദേശിക നേതാക്കളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മകള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍ രംഗത്ത് വന്ന ബീഹാറിലെ ഗയയെ ആകെമാനം ഞെട്ടിച്ച കൊലപാതകത്തിന് പിന്നല്‍ ദുരഭിമാന കൊലയെന്ന് സംശയം.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാനെത്തിയ അമ്മയോട് അതിരൂക്ഷമായി തട്ടിക്കയറുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ രോഷം ക്ഷണിച്ചുവരുത്തി.
അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവർ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ് അധ്യാപകൻ പറയുന്നത്. ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻഅധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവർ ആരോപിക്കുന്നു.
അടുത്ത് നിന്ന ഒരാൾ, ഇതൊരു സ്കൂൾ അല്ലേ, അധ്യാപകർ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അവർ പ്രതികരിച്ചു. അമ്മയെ ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോകാൻ പോലും ഇവർ ആക്രോശിക്കുന്നു. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോൾ, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവർ അലറിവിളിച്ചു. – വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.
അപ്പുക്കുട്ടൻ, ടാർസൻ അപ്പു എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന ക്രിമിനലായ അപ്പു ജോർജ് (21) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 23 ദിവസത്തെ വനവാസത്തിനു ശേഷം പിടിയിലായെന്ന വാർത്ത മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബന്ധുക്കൾ ആരും ആ പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്തു വന്നാലും അപ്പുവിന്റെ കൂടെ ജീവിക്കണമെന്ന് ആ പെൺകുട്ടി കരഞ്ഞു നിലവിളിക്കുന്നത് കാണാമായിരുന്നു. എന്നാൽ െപാലീസിൽ നിന്ന് അപ്പുവിന്റെ മുൻകാല ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി നിലപാട് മാറ്റുകയായിരുന്നു.
രാത്രി അപ്പു പുറത്തു പോകുന്ന സന്ദർഭങ്ങളിൽ വന്യമൃഗങ്ങൾ പിടികൂടാതിരിക്കാൻ പെൺകുട്ടിയെ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. തങ്ങള്‍ കഴിഞ്ഞിരുന്ന മലമുകളില്‍ അധികം പൊക്കമില്ലാത്ത, ചുവടുമുതല്‍ ശിഖരങ്ങളുള്ള മരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നതെന്നും അതിനാല്‍ മരത്തില്‍ക്കയറിക്കൂടുക വിഷമകരമായിരുന്നില്ലന്നും പെണ്‍കുട്ടി പോലീസിനോടു വിശദീകരിച്ചു.
സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോര്‍ജ്. ഏതാനും മാസം മുന്‍പ് ജോലിക്ക് വേണ്ടി കുമളിയില്‍ എത്തിയ ജോര്‍ജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.. 23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്.
തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാർ പറയുന്നു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതില്‍ അതി വിദഗ്ധനാണ്. ടാര്‍സന്‍ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കുട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോർജ് കെണിയിൽപ്പെടുത്തിയിരുന്നത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച് പെൺകുട്ടി ഒരുവര്‍ഷം മുൻപ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.
പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്ഐ ഇയാളെ വിളിപ്പിച്ചു. അപ്പു കുറ്റം സമ്മതിച്ചുവെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കാത്തത് രക്ഷയായി. മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ പരാതി നൽകിയതും വാർത്തയായി.
കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പ്രേമം നടിച്ചാണ് അപ്പു പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഇയാളുടെ കെണിയില്‍ പെട്ടതെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. കാട്ടുകിഴങ്ങുകളും, സമീപത്തെ പുരയിടങ്ങളില്‍ നിന്ന് ശേഖരിച്ച കരിക്ക്, തേങ്ങ, മാങ്ങ തുടങ്ങിയവ ഭക്ഷിച്ചാണ് ഇരുവരും വനത്തില്‍ കഴിഞ്ഞത്.
ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും അപ്പുവിന് ജാമ്യം ലഭിച്ചിരുന്നു.
അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം ഉപയോഗിച്ചിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തുടര്‍ ദിവസങ്ങളില്‍ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് ജോര്‍ജിന് എതിരെ ചുമത്തിയത്.
തിരുവനന്തപുരം: 13 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ ഗിരീഷ് അറസ്റ്റില്‍. ഇയാളെ ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്.
ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ എഫ്ഐആർ റദ്ദാക്കുകയായിരുന്നു.