ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സായിജി നഗ്‌രി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം നടന്നത്.
ഇന്നലെ രാത്രിയാണ് കട്ടാരിയസുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്. അദ്ദേഹത്തിന്റെ തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയില്‍വേ അധികാരികള്‍ മാലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു.മൃതദേഹം മാലിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള കൊള്ളയാണ് കല്യാണ്‍ ജുവലറിയ്ക്ക് നേരെയുണ്ടായത്. തൃശൂരില്‍ കല്യാണ്‍ ജുവലറിയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. തൃശൂരില്‍ നിന്നും കാറില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. രാവിലെ പതിനൊന്നരയ്ക്ക് കോയമ്പത്തൂരിനും വാളയാറിനും മദ്ധ്യേ ചാവടിയിലായിരുന്നു സംഭവം.
തൃശൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി പോയ കാറിനെ ചാവടി പെട്രോള്‍ പമ്പിന് സമീപം തടഞ്ഞു നിര്‍ത്തി, ഡ്രൈവർ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വലിച്ച് താഴെയിട്ടശേഷമായിരുന്നു കവര്‍ച്ച . ചാവടിയിലെ പെട്രോള്‍ പമ്പിനു സമീപം കാറിനു പിന്നില്‍ അക്രമിസംഘത്തിന്റെ കാര്‍ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാന്‍ കാര്‍ നിര്‍ത്തി അര്‍ജുന്‍ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂർ ഭാഗത്തുനിന്ന് വന്ന മറ്റൊരു കാറിലുള്ള സംഘം ഇവർ വന്ന കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച അര്‍ജുനെയും വില്‍ഫ്രഡിനെയും മര്‍ദിച്ചു റോഡില്‍ ഉപേക്ഷിച്ച ശേഷം കാറും സ്വര്‍ണവുമായി കോയമ്പത്തൂര്‍ ഭാഗത്തേക്കു കടക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരില്‍ ചിലര്‍ മുഖം മറച്ചിരുന്നെന്നും ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്‌നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കല്യാണ്‍ ജുവലേഴ്‌സ് അറിയിച്ചു. സംഭവത്തില്‍ പാലക്കാട്, തമിഴ്‌നാട്ടിലെ ചാവടി പോലീസ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അധികൃതര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും ആഭരണങ്ങള്‍ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ ആവശ്യപ്പെട്ടു.
ഭാര്യയുടെ ഫെയ്സ്ബുക്ക് പ്രൈഫൈലിൽ മോശം കമന്റിട്ടയാളെ മലയാളി കലക്ടർ പൊലീസുകാർക്കു മുന്നിലിട്ട് പൊതിരെ തല്ലി. ബെറ്റർ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായ നിഖിൽ നിർമ്മലാണ് പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം വിട്ട് പെരുമാറിയത്. ബംഗാൾ അലിപുർദാറിലെ ജില്ലാ മജിസ്ട്രേറ്റ് ആണ് നിഖിൽ.
ഫലാകട പോലീസ് സ്‌റ്റേഷനില്‍ വച്ച് നിഖിലും ഭാരയും ചേർന്ന് യുവാവിനെ മർദ്ദിക്കുമ്പോൾ എല്ലാത്തിനും സാക്ഷിയായി എസ്.ഐ.സൗമ്യജിത് റായും ഉണ്ടായിരുന്നു.
എന്റെ അധികാരപരിധിയിൽ എനിക്കെതിരെ എന്തെങ്കിലും ചെയ്യാമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഇനി ഇങ്ങനെ ഉണ്ടായാൽ വീട്ടിൽ കയറി കൊല്ലുമെന്നും നിഖിൽ പറയുന്നു. ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്ന് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. ക്ഷമ യാചിച്ചു മുട്ടിലിഴയുന്ന യുവാവിനെ ഒരു ദയയും കാണിക്കാതെ നിഖിലും ഭാര്യയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരാണ് പുറത്തു വിട്ടത്. സംഭവത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് നിർമ്മലിനെ തടയുന്നില്ലെന്നുളളതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife’s Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6
— Pooja Mehta (@pooja_zeenews) January 6, 2019
സുഹൃത്തുക്കളായ രണ്ടു യുവാക്കൾ പ്രേമിച്ചത് ഒരേ പെൺകുട്ടിയെ. പെൺകുട്ടിക്കു പ്രേമം ഒരാളോടു മാത്രം. ഇതിൽ മനംനൊന്ത രണ്ടാമൻ സുഹൃത്തിനെ കഴുത്തറുത്തു കൊലപ്പെടുത്തി. കുംഭകോണം അവനിയാപുരത്താണു സിനിമാ കഥകളെ വെല്ലുന്ന പ്രണയവും കൊലപാതകവും അരങ്ങേറിയത്. മയിലാടുതുറൈയിൽ എൻജിനീയറിങ് വിദ്യാർഥിയായ മുൻതസർ (20) ആണു കൊല്ലപ്പെട്ടത്.
മുൻതസറിന്റെ സുഹൃത്തുക്കളായ എം.ഇജാസ് അഹമ്മദ് (20), എം.മുഹമ്മദ് ജലാലുദ്ദീൻ (18), ആർ.മുഹമ്മദ് സമീർ (18) എന്നിവർ പൊലീസ് പിടിയിലായി. മുൻതസറും പ്രതികളും ദീർഘകാലമായി സുഹൃത്തുക്കളാണ്. തിരുച്ചിറപ്പള്ളിയിലെ കോളജ് വിദ്യാർഥിനിയോട് ഇജാസിനും മുൻതസറിനും പ്രണയമുണ്ടായിരുന്നു. പെൺകുട്ടിക്കു ഇഷ്ടം മുൻതസറിനോടു മാത്രം. ഇതിന്റെ വൈരാഗ്യത്തിലാണു സുഹൃത്തുക്കളുടെ സഹായത്തോടെ ഇജാസ് മുൻതസറിനെ കൊന്നത്.
മുൻതസറും അമ്മയും ഒറ്റയ്ക്കാണു വീട്ടിൽ താമസം. പിതാവ് വിദേശത്താണ്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു ബൈക്കിൽ പോയതാണു മുൻതസർ. രാത്രിയോടെ ഫോൺ ചെയ്ത്, സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുന്നുവെന്നു അമ്മയോടു പറഞ്ഞു. മണിക്കൂറുകൾക്കകം മുൻതസറിന്റെ ഫോണിൽനിന്നു മറ്റൊരു വിളി അമ്മ മുംതാസിനു ലഭിച്ചു. മുൻതസറിനെ തങ്ങൾ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ചു ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നുമായിരുന്നു ഫോൺ സന്ദേശം.
തിരിച്ചുവിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.
മുംതാസ് ഉടൻ തിരുവിടൈമരുതൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ, പ്രദേശവാസികളാണു കായലിനു സമീപം മുൻതസറിന്റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു
കൊല്ലം നഗരത്തില്‍ പട്ടാപ്പകല്‍ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഭര്‍ത്താവിലേക്ക്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തിരച്ചില്‍ ഇരവിപുരം പൊലീസ് ഊര്‍ജിതമാക്കി.
തയ്യല്‍തൊഴിലാളിയായ അജിത കുമാരി ശനിയാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് സ്ക്കൂട്ടറിലെത്തിയ ആള്‍ ഒരു പ്രകോപനവുമില്ലാതെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഭര്‍ത്താവിനോട് പിണങ്ങി മക്കളോടൊപ്പം താമസിക്കുകയായിരുന്നു അജിത . ബന്ധം വേര്‍പെടുത്തിയെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുവെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സുകുമാരനെ മൊബൈല്‍ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിശദമായ പരിശോധനയില്‍ കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് സുകുമാരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയില്‍ രക്ത കറയും കണ്ടു. പ്രതിയെ കണ്ടെത്താനായി ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അജിത കുമാരിയുടെ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു.
രാജ്യത്തെ നടുക്കി ഛത്തീസ്ഗഢിൽ ക്രൂരകൊല. അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്റെ നരബലി. ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് (27)പുതുവർഷത്തലേന്ന് രാജ്യത്തെ നടുക്കിയ നരബലി നടത്തിയത്. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് മനസാക്ഷി മരവിക്കുന്ന ക്രൂരകൊല.
കൊലപാതകശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദുർമന്ത്രവാദത്തിനു ഉപയോഗിച്ചിരുന്ന ഗ്രന്ഥവും പൊലീസ് പിടികൂടി
അമ്പതുകാരിയായ അമ്മ സുമരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്സാക്ഷിയായ സമീറൻ എന്ന സ്ത്രീയാണ് സംഭവം ദിവസങ്ങൾക്കു ശേഷം ലോകത്തെ അറിയിച്ചത്. മാന്ത്രിക കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ് എല്ലായ്‌പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. അമ്മ ദുര്‍മന്ത്രവാദിനിയാണെന്നായിരുന്നു ഇയാളുടെ വാദം. തന്റെ അച്‌ഛനും സഹോദരനും മരിച്ചതും ഭാര്യ പിണങ്ങിപ്പോയതും സുമരിയ കാരണമാണെന്നാണ് ദിലീപ് വിശ്വസിച്ചിരുന്നത്.
അന്ധമായ ഈ വിശ്വാസം ഇയാളെ ദുര്‍മന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പോലീസിന്റെ നിഗമനം.
അസാധാരണ ശബ്ദങ്ങൾ കേട്ട് വീട്ടിലെത്തുമ്പോൾ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി.കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ചാരവും എല്ലിൻ കഷണങ്ങളുമാണ് കിട്ടിയത്.
അയല്‍ക്കാരിയായ സുമരിയയുടെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവര്‍ കൊലപാതകത്തിനു സാക്ഷിയായത്. സംഭവ ദിവസം സുമരിയയുടെ വീട്ടിലെത്തിയ സമീറന്‍ കണ്ടത് കോടാലികൊണ്ടു അമ്മയെ വെട്ടുന്ന ദിലീപിനെയാണ്. സുമരിയ പ്രാണവേദന കൊണ്ട് പുളയുമ്പോള്‍ മകന്‍ അവരുടെ രക്‌തം കുടിക്കുകയായിരുന്നു. ഭയന്നു വിറച്ച സമറീൻ പ്രാണഭയം കൊണ്ട് ഓടി രക്ഷപ്പെടുകയായിരു
പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭാഗം മാത്രമാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് കൊടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ താലി ചാർത്തിയെന്ന തരത്തിലായിരുന്നു. ഇതോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നതെന്നും, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.
കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിക്കുകയും, ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
പ്രശസ്ത സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി.പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകസംഘങ്ങള്‍.
അതേസമയം ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. നാല്‍പ്പത്തിയേഴ് വയസുള്ള ശശികല ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാല്‍ തന്ത്രി ശുദ്ധിക്രിയകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്ന് മുഖ്യമന്ത്രി സംഘപരിവാറിനെ പരിഹസിച്ചു.
ശ്രീലങ്കന്‍ തമിഴ് വംശജയായ ശശികല ഇരുമുടിക്കെട്ടുമായി ശ്രീകോവിലിന് മുന്നിലൂടെ പോകുന്ന ദൃശ്യമാണിത്. ഒപ്പം മറ്റൊരു സ്വാമിയും. തുടര്‍ന്ന് ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ശശികല സോപാനത്തെത്തിയത്. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇത് ശശികല അല്ല എന്ന വാദവും ഉന്നയിക്കുന്നവരുണ്ട്.
ദര്‍ശനം കഴിഞ്ഞയുടന്‍ ശശികലയും ബന്ധുവും മലയിറങ്ങി. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ശരവണമാരന്‍ ശശികല ക്ഷേത്രത്തില്‍ കയറിയില്ലെന്ന് അവകാശപ്പെട്ടു. പിന്നീട് പമ്പയില്‍വച്ച് ശശികലയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് പതിനെട്ടാംപടി കയറാന്‍ അനുവദിച്ചില്ലെന്നുപറഞ്ഞ് അവര്‍ പൊട്ടിത്തെറിച്ചു.
എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പൊലീസും സര്‍ക്കാരും പിന്നീട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സ്ഥിരീകരിക്കുമ്പോഴും വിശ്വാസയോഗ്യമായ തെളിവില്ലെന്ന നിലപാടിലാണ് തന്ത്രി. ഓരോ തവണയും യുവതികളെത്തുമ്പോള്‍ ശുദ്ധിക്രിയ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് തന്ത്രിയുടേയും ഒപ്പമുള്ളവരുടേയും നിലപാടെന്നാണ് വിവരം.