Crime

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തൃശൂരില്‍ കടകള്‍ തുറക്കാനെത്തിയവരെ കര്‍മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്‍ഷം നീണ്ടു. കണ്ണൂര്‍ തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബെറിഞ്ഞു.

പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്‍മസമിതിയുടെ മാര്‍ച്ച് എത്തിയപ്പോള്‍ കല്ലേറുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം– ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ അടക്കമുളളവര്‍ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലീസും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

പൊന്നാനിയിലും പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട് രാവിലെ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമo. ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിലെ രണ്ടുപേർ അടിച്ച് തകർത്തു.

കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി കെ.എസ്.ആര്‍.ടി.സിയുടെ 79 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.

കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജി(42)യാണ് ജീവനൊടുക്കിയത്. മക്കളുടെ മുന്നിലിട്ട് ഭാര്യ പ്രിയയെ(38) ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംശയ രോഗത്തെത്തുടർന്നായിരുന്നു സജി പ്രിയയെ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് കിടപ്പുണ്ടായിരുന്നു.എന്നാൽ കൃത്യത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.തുടർന്ന് ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.അതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സജി കെട്ടിടം പണി ജീവനക്കാരനാണ്. പ്രിയ ഊന്നുകലില്‍ തയ്യല്‍തൊഴിലാളിയും. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്.

 

ശബരിമല യുവതീ പ്രവേശത്തിലെ സംസ്ഥാനത്ത് പലയിടത്തും തെരുവുയുദ്ധം. മവേലിക്കരയിൽ ചായക്കട പ്രതിഷേധക്കാർ അടിച്ചു തകർത്തു. ബുദ്ധ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പളനിയുടെ കടയാണ് തകർത്തത്. പളനിയുടെ വികാലംഗനായ പതിനേഴുകാരൻ മകനും അമ്മ സുശീലെയും ആക്രമണത്തിനിരയായി. കട തുറന്നതിനെയായിരുന്നു പ്രതിഷേധം. കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും അലമാരയുടെ അടിച്ചു തകർത്തു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, തിരുവല്ല, മാവേലിക്കര, പാലക്കാട് തുടങ്ങി വിവിധ ഇടങ്ങളില്‍ സംഘര്‍ഷം അക്രമത്തിലേക്കടക്കം വഴിമാറുന്ന കാഴ്ചയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം–ബിജെപി സംഘര്‍ഷം തുടരുകയാണ്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തി. ഫ്ലക്സുകളും ബാനറുകളും തകര്‍ത്തു. പൊലീസ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമം തുടരുകയാണ്.

നെയ്യാററിൻകരയിൽ പൊലീസ് ഉപരോധിച്ചവരെ വിരട്ടി ഒാടിച്ചതിനെ തുടർന്ന് വൻ സംഘർഷം

പാലക്കാട് നഗരവും മുള്‍മുനയിലായി. കടകള്‍ അടപ്പിച്ചവരെ വിരട്ടിയോടിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസുകാര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വിഡിയോ സ്റ്റോറി കാണാം.

ഗുരുവായൂര്‍ കിഴക്കേനടയില്‍ കല്ലേറില്‍ എസ്ഐ:പ്രേമാനന്ദകൃഷ്ണന് പരുക്കേറ്റു. മാവേലിക്കര താലൂക്ക് ഓഫിസ് ആക്രമിച്ചു. പാലക്കാട് കൊടുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലേറുണ്ടായി. പത്തനംതിട്ട ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസില്‍ ബിജെപി കരിങ്കൊടി കെട്ടി റീത്ത് വച്ചു.

ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപിച്ചത്. സെക്രട്ടറിയേറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ നാല് സ്ത്രീകള്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെയെത്തി. മുഖ്യമന്ത്രി ഒാഫീസിലുണ്ടായിരുന്നപ്പോഴാണ് ഇത്. നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍.
ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അരങ്ങേറി. പലയിടത്തും റോഡ് ഉപരോധം തുടരുകയാണ്. മാവേലിക്കരയില്‍ കട അടിച്ചുതകര്‍ത്തു. സുശീല, ജയപ്രകാശ് എന്നിവര്‍ക്ക് പരുക്കേറ്റു.

ശബരിമല കര്‍മസമിതിയുടെ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപി രണ്ടുദിവസത്തെ സംസ്ഥാനവ്യാപക പ്രതിേഷധം നടത്തും. ശബരിമല കര്‍മസമിതിയുടെ സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി പറഞ്ഞു.

രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ദേശീയ ആരോഗ്യ മിഷന്‍ നാളെ തിരുവനന്തപുരത്ത് നടത്താനിരുന്ന അഭിമുഖം ഹര്‍ത്താല്‍ കാരണം മാറ്റിവച്ചു.

ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച രണ്ടുയുവതികളെയും ശബരിമലയില്‍ നിന്ന് മാറ്റി. ഇവര്‍ പൊലീസിനൊപ്പം അങ്കമാലിയില്‍ ഒരു വീട്ടിലെത്തി. പിന്നാലെ ഇവരെ തൃശൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. താനും കനകദുര്‍ഗയും ശബരിമലയില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന് ബിന്ദു വിശദീകരിച്ചു. സാധാരണ ഭക്തര്‍ക്കൊപ്പമാണ് കയറിയത്. ആരില്‍നിന്നും എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.

പൊലീസ് വാഹനത്തില്‍ തന്നെയാണ് ഇവരെ കൊണ്ടുപോകുന്നത്. വലിയ സുരക്ഷ ഉറപ്പാക്കിയാണ് ഇവരെ കൊണ്ടുപോകുന്നത്. കൃത്യമായ ജാഗ്രത പുലര്‍ത്തിയാണ് പൊലീസ് മുന്നോട്ടുനീങ്ങുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത് അതീവ രഹസ്യമായി.

മുഖ്യമന്ത്രിയാണ് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്. പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു.

24ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള്‍ അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്‍മാരടക്കം ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.

പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില്‍ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്‍ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി.

കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില്‍ നിന്ന് അല്‍പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്‍ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു.

ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദര്‍ശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദര്‍ശനം സാധ്യമാക്കിയതെന്നതില്‍ സംശയമില്ല.

പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടര്‍ന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാന്‍ തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീര്‍ത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാന്‍ സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു.

 

ഫോണിൽ ആൺകുട്ടിയോട് സംസാരിച്ചതിൻറെ പേരിൽ 16 കാരിയായ മകളെ തീകൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌കുട്ടിയുടെ നില ഗുരുഗരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ് മുർതിസ മൻസൂരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ ഫോൺ തട്ടിപ്പറിഞ്ഞ് വലിച്ചെറിഞ്ഞ് കെറോസീൻ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ ഒച്ചവെച്ചതു കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരി​െങ്കാടി പ്രയോഗം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പരിപാടി നടക്കുന്നതിനിടക്കാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ പി. ഗോപിനാഥും മറ്റൊരു പ്രവർത്തകനും കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

അതേസമയം ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെയും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.

ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടതായി വന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്. ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

അതേസമയം യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ച ശബരിമലനട വീണ്ടും തുറന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. ഇതിനെ തുടർന്ന് സന്നിധാനത്തേയ്‌ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് നാടിനെ നടുക്കിയ സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് കിടപ്പുണ്ട്. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു.കൃത്യത്തിനു ശേഷം സംഭവത്തിന് ശേഷം സജി ഒളിവിലാണ്. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു. സജിയുടെയും പ്രിയയുടെയും പ്രണയ വിവാഹമായിരുന്നു.

ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അടുക്കള ഭാഗത്തു വച്ചാണ് സജി പ്രിയയെ വെട്ടിയത്. അച്ഛന്‍ അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഗോഡ്വിന്‍ ഓടി ഉദ്ദേശം 200 മീറ്റര്‍ മാറിയുള്ള ഒരു വീട്ടിലെത്തി അമ്മയെ ‘അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ…’യെന്ന് കരഞ്ഞ് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്.

മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവശേഷം കുട്ടികളെ പ്രിയയുടെ സഹോദരന്‍ പ്രജുലിന്റെ വീട്ടിലാക്കിയിരിക്കുകയാണ്.സജിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഡിവൈ.എസ്.പി. കെ. ബിജുമോന്‍, ഊന്നുകല്‍ എസ്.ഐ. എല്‍. നിയാസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

പുതുവര്‍ഷ ആഘോഷ രാവില്‍ സംസ്ഥാനത്തുണ്ടായ അപകട പരമ്പയില്‍ ആറു ജീവനുകള്‍ പൊലിഞ്ഞു. കോഴിക്കോട്ട് രണ്ടു യുവാക്കളും ആലപ്പുഴയില്‍ യുവദമ്പതികളും കൊരട്ടിയില്‍ വിദ്യാര്‍ഥിയുമാണ് മരിച്ചത്.

കോഴിക്കോട് ചേളന്നൂരില്‍ രണ്ടു യുവാക്കള്‍ പുതുവല്‍സര ആഘോഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വൈദ്യുതി തൂണിലിടിച്ച് കണ്ണങ്കര സ്വദേശികളായ െനജിനും അഭിഷേകും മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ കലവൂരില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവദമ്പതികളാണ് അപകടത്തില്‍പ്പെട്ട മറ്റു രണ്ടു പേര്‍. വണ്ടാനം സ്വദേശി സനീഷും ഭാര്യ മീനുവും മരിച്ചു. കൊച്ചിയില്‍ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊരട്ടിയിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സൈക്കിളിൽ ജീപ്പ് ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. വാളൂർ സ്വദേശി ആൽഫിൻ ആണ് മരിച്ചത്. പതിനാലു വയസായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ പരുക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ സംസ്ഥാനമൊട്ടുക്കും പൊലീസ് നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ്, മൂന്നു ജില്ലകളില്‍ അപകട പരമ്പരയുണ്ടായത്.

വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഏലപ്പാറ കീഴക്കേചെമ്മണ്ണ് മൊട്ടലയത്തിൽ ഷേർലി(27)ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവർ ഭാഗ്യരാജ്(31)ആണു പിടിയിലായത്. സംശയരോഗമാണു കാരണമെന്നും മുൻപും ഷേർളിയെ ഭാഗ്യരാജ് ആക്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

തിങ്കളാഴ്ച ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെർളിയും താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ വച്ചായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നത് കണ്ട തൊഴിലാളി സ്ത്രീകൾ വീടു തുറന്നു നോക്കിയപ്പോഴാണു ഷെർളിയെ മരിച്ച നിലയിൽ കണ്ടത്. തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ലയത്തിന്റെ നടുമുറിയിൽ വച്ച് ഭാഗ്യരാജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു അടുക്കളയിലേക്കു കൊണ്ടു വന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ സാരി മുറുക്കിക്കെട്ടിയ ശേഷം വലിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം അടുക്കള വാതിലിനോടു ചേർന്നു മൃതദേഹം കെട്ടിവെച്ച് ഭാഗ്യരാജ് ഏലപ്പാറയിലേക്കു കടക്കുകയായിരുന്നു. അവിടുന്ന് നാട്ടുകാർ പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ 7നു വാഗമണ്ണിൽ വച്ച് ഭാഗ്യരാജ് ഷേർലിയുടെ കഴുത്തിനു വെട്ടിയിരുന്നു. കോട്ടയം മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന ഷെർളി നടക്കാൻ കഴിയാത്തതിനാൽ ലയത്തിനകത്തെ മുറിയിലാണു കഴിഞ്ഞിരുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റെന്ന പേരിലാണ് ഷെർളി ചികിൽസ തേടിയിരുന്നത്. അതിനാൽ പൊലീസ് കേസ് ഉണ്ടായില്ല. ചികിൽസയ്ക്കു പിന്നാലെ ഇവർ വാഗമണ്ണിലെ ഭാഗ്യരാജിന്റെ വീട്ടിൽ നിന്നു കിഴക്കേചെമ്മണ്ണിലെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുകെജി വിദ്യാർത്ഥിനി മറ്റൊരു സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണംതറയിൽ രാജേഷിന്റെ മകൾ ഭാവയാമി (6) ആണ് മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് മങ്കൊമ്പ് റോഡിൽ പൊട്ടുമുപ്പത്തിന് സമീപം വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.

അതെ സ്കൂൾ പഠിക്കുന്ന സഹോദരനോടൊപ്പം ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കുട്ടിയുടെ പിതാവ് രാജേഷ് കൈരളി ടീവിയിൽ സൗണ്ട് എൻജിനിയർ ആണ്. സംസ്‍കാരം ഇന്ന് 5 മണിക്ക്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും (കണ്ണാടി ചാലക്കോട് കുഞ്ഞുമോൻ) പോലീസ് കസ്റ്റഡിയിൽ എടുത്തു കേസ് എടുത്തു

RECENT POSTS
Copyright © . All rights reserved