പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 15 പേര്‍ മരിച്ചത്. നിരവധിപേര്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തലിങ്ങനെ..
കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന കൊല ഉണ്ടായത്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രസാദം കഴിച്ച 180 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും പ്രതികള്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പോലീസ് വെളിപ്പെടുത്തുന്നു.കീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൂട്ട കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു.
ക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.
റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.
ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.
വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞിന് പുനർജന്മം. കർഷകനായ സന്തോഷ് സിങിന്റെ ഗർഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടർന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാൻ കഴിഞ്ഞത് തൊഴുത്തിൽ തൂങ്ങിനിൽക്കുന്ന ലക്ഷ്മിയെയും പൊക്കിൾക്കൊടിയിൽ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയിൽ ജനിച്ച ആ പെൺകുഞ്ഞിനെ കൊടും തണുപ്പിൽ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.
തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലൻസ് വിളിച്ചു. തുടർന്ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളർച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടർമാർ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ മുപ്പത്തിയൊന്നുകാരി ബേബി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. രണ്ടു കുട്ടികളുണ്ട്
കെഎസ്ഇബി കരാർ ജീവനക്കാരൻ മീറ്റർ റീഡിങ് എടുക്കാൻ പോകുന്ന വഴിയിൽ കിണറിൽ വീണു .അഗ്നിശമനവിഭാഗമെത്തി രക്ഷിച്ചു. വെഞ്ഞാറമൂട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ തേക്കട ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 ന് ആലിയാട് ചേലയം ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ കണറ്റിനുള്ളിലാണ് ഇയാൾ അകപ്പെട്ടത്. ഉപയോഗ ശൂന്യമായതിനാൽ കിണർ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു.
ഇതിനു മുകളിൽ ചവറുമുണ്ടായിരുന്നു. ആൾമറയുമില്ലായിരുന്നു. സമീപത്തെ വീട്ടിലേക്ക് മീറ്റർ റീഡിങിനായി പോകുമ്പോൾ ശ്രീജിത്ത് ശ്രദ്ധിക്കാതെ മൂടിയ കിണറിനു മീതെ നടന്നു.ഇരുമ്പു ഷീറ്റ് പൊട്ടി കിണറിനുള്ളിൽ വീഴുകയായിരുന്നു. അറുപതടി ആഴമുള്ള കിണറിൽ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
നിലവിളി കേട്ടു നാട്ടുകാർ എത്തി കയർ എറിഞ്ഞു കൊടുത്തു.കയറിൽ പിടിച്ചു തൂങ്ങിക്കിടന്നു. അഗ്നിശമനവിഭാഗമെത്തിയാണ് പുറത്തെടുത്തത്. അവശനായ ആളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീറ്റർ റീഡിങിനായി കൊണ്ടുവന്ന പിഡിഎ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിണറ്റിൽ അകപ്പെട്ടു.
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോടതി വിധിപ്രകാരം കോതമംഗലം മാര്‍ത്തോമ്മ ചെറിയപളളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ ഇടവാകാംഗങ്ങള്‍ തടഞ്ഞു. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് സഭാ സംഘം എത്തിയത്. രാവിലെ മുതല്‍ പളളിയില്‍ ഒത്തുകൂടിയ സ്ത്രീകളടക്കമുളള ഇടവകക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കണ്ട് മടങ്ങുകയല്ലെന്നും തിരിച്ചെത്തി ആരാധന നടത്തുമെന്നും ഫാ. തോമസ് പോള്‍ അറിയിച്ചു. പളളിപ്പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുന്നു.
അടിമാലിയിൽ പാറയിൽ നിന്നു വീണു മരിച്ചെന്നു കരുതിയത് കൊലപാതകമെന്നു തെളിഞ്ഞു അയൽവാസികളായ 2 പേർ അറസ്റ്റിൽ. വെള്ളത്തൂവൽ മുള്ളിരിക്കുടി കരിമ്പനാനിക്കൽ ഷാജിയുടെ (സജീവൻ–50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു (47) എന്നിവരാണു പിടിയിലായത്. സംഭവ ദിവസം ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുധീഷിന്റെ മൊഴിയാണു കേസിൽ നിർണായകമായത്.
കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് സമീപത്തുള്ള പാറക്കെട്ടിന്റെ ഭാഗത്താണു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ പാറയിൽ നിന്നു കാൽവഴുതി വീണതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷാജിയുടെ ഭാര്യ വിജയകുമാരി പൊലീസിൽ പരാതി നൽകിയതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 11 മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇന്നലെ അറസ്റ്റിലായത്.
തിരുപ്പൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ബാബുവിന്റെ വീട്ടിൽ ഇയാൾ ഇല്ലാതിരുന്ന സമയത്ത് ഷാജി എത്തിയിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കൂടിയായ സുരേന്ദ്രനുമായി ചേർന്ന് ഷാജിയോട് കാര്യങ്ങൾ ചോദിക്കുന്നതിനു ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഭവ ദിവസം വൈകിട്ട് ഇരുവരും ചേർന്ന് ഷാജിയെ മദ്യപിക്കാൻ ക്ഷണിച്ചു.
മൂവരും ചേർന്ന് സമീപത്തെ 150 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിനു മുകളിലെത്തി മദ്യപിച്ചു. ഇതിനിടെ ഷാജിയും ബാബുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. സുരേന്ദ്രനും ബാബുവും ചേർന്ന്, ഷാജിയെ പാറയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രനും ബാബുവിനുമൊപ്പം മദ്യപിക്കാൻ പോകുകയാണെന്ന വിവരം ഷാജി തന്നോട് പറഞ്ഞിരുന്നതായി സഹോദരീപുത്രൻ സുധീഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാരി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, സീനിയർ സിപിഒ ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു