പുതുവര്‍ഷ ആഘോഷ രാവില്‍ സംസ്ഥാനത്തുണ്ടായ അപകട പരമ്പയില്‍ ആറു ജീവനുകള്‍ പൊലിഞ്ഞു. കോഴിക്കോട്ട് രണ്ടു യുവാക്കളും ആലപ്പുഴയില്‍ യുവദമ്പതികളും കൊരട്ടിയില്‍ വിദ്യാര്‍ഥിയുമാണ് മരിച്ചത്.

കോഴിക്കോട് ചേളന്നൂരില്‍ രണ്ടു യുവാക്കള്‍ പുതുവല്‍സര ആഘോഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വൈദ്യുതി തൂണിലിടിച്ച് കണ്ണങ്കര സ്വദേശികളായ െനജിനും അഭിഷേകും മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ കലവൂരില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവദമ്പതികളാണ് അപകടത്തില്‍പ്പെട്ട മറ്റു രണ്ടു പേര്‍. വണ്ടാനം സ്വദേശി സനീഷും ഭാര്യ മീനുവും മരിച്ചു. കൊച്ചിയില്‍ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊരട്ടിയിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സൈക്കിളിൽ ജീപ്പ് ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. വാളൂർ സ്വദേശി ആൽഫിൻ ആണ് മരിച്ചത്. പതിനാലു വയസായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ പരുക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ സംസ്ഥാനമൊട്ടുക്കും പൊലീസ് നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ്, മൂന്നു ജില്ലകളില്‍ അപകട പരമ്പരയുണ്ടായത്.