കൊളംബോ: ശ്രീലങ്കയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ അംഗരക്ഷകര്‍ തൊഴിലാളികള്‍ക്ക് നേരെയുതിര്‍ത്ത വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അംഗരക്ഷകനെ സംരക്ഷിച്ചുകൊണ്ടുളള വിശദീകരണവുമായി റണതുംഗെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കൊളംബോ ക്രൈം വിഭാഗം ഔദ്യോഗിക വസതിയിലെത്തി രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സി’നോട് പറഞ്ഞു.
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഓഫീസിന് മുന്നില്‍ വെടിവെപ്പ് നടന്നത്. പ്രസിഡന്റ് പിരിച്ചുവിട്ട വിക്രമസിംഗെ മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് തൊഴിലാളികള്‍ വന്‍പ്രതിഷേധപ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷവും വെടിവെപ്പും ഉണ്ടായത്.
‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങള്‍ മറുപടി പറയും.’ രണതുംഗെ പ്രതികരിച്ചു.
നാല് വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം തലമൊട്ടയടിച്ച നിലയില്‍ കണ്ടെത്തിയത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. കുട്ടിയുടെ കൈകളും ഒരു കാലും വെട്ടിനീക്കിയ നിലയിലാണ്. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് സംഭവം. അഞ്ജലി കുമാരിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
ദുര്‍മന്ത്രവാദമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. ഇതോടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ കൂടെ പോകുന്ന അവസ്ഥയിലാണ്. കളിസ്ഥലങ്ങളിലേക്ക് കുട്ടികളെ വിടുന്നുമില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങള്‍ സ്ഥിരീകരിക്കാറിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ദുര്‍മന്ത്രാവദവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
കുഴല്‍ക്കിണറിന് സമീപം കുളിച്ച് കൊണ്ടിരിക്കവെയാണ് മകളെ കാണാതായതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതേക്കുറിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തന്റെ മകള്‍ എന്ത് കുറ്റം ചെയ്തിട്ടാണ് ഈ ക്രൂരതയെന്നാണ് ഈ അമ്മയുടെ ചോദ്യം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകകികള്‍ മൃതദേഹം പിന്നീട് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കാകുലരാണ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകുന്നത് വരെ കുട്ടികളെ സ്‌കൂളിലേക്കും മറ്റും അനുഗമിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.
തൃശ്ശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയും കാമുകന്‍ സുരേഷ് ബാബുവും നാലംഗ ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് അറസ്റ്റിലായത്. തിരൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വര്‍ഷമായി അടുപ്പത്തിലായിരുന്ന സുജാതയും സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും ഒരുമിച്ച് ജീവിക്കാനായി ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി തൃശൂരിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ നാല് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പതിനായിരം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും അഡ്വാന്‍സായി നല്‍കുകയും ചെയ്തു.
കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാനായിരുന്നു ശ്രമം. തിങ്കളാഴ്ച വീട്ടില്‍ ന്ിന്നിറങ്ങിയ കൃഷ്ണകുമാറിന്റെ ഓരോ നീക്കവും ഭാര്യ കാമുകനെ അറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറി. കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന സംഘം കാറിടിച്ച് കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പാളി. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സ്വന്തം ഭാര്യ തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന് അറിഞ്ഞത്.
അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയതോടെ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇതോടെ ഭാര്യയും കാമുകനും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണെന്ന് തെളിയുകയും ചെയ്തു. ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പൊലീസ് പിടിയിലായി. വീട്ടില്‍ എത്തിയ പൊലീസിന് മുന്നില്‍വെച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു. ചേട്ടാ തെറ്റുപറ്റിപ്പോയി ക്ഷമിക്കണം. നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ,,, കണ്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോലും കണ്ണ് നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുളളത്. ആ ബസ്സിലെ ഡ്രൈവറാണ് സുരേഷ് ബാബു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് സുജാത ഈ കൊടുംപാതകത്തിന് മുതിര്‍ന്നത്.
ഇന്തോനീഷ്യയില്‍ 189 യാത്രക്കാരുമായി പോയ യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ്. ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം ഡൽഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലിൽ തകർന്നുവീണത്. പറന്നുയര്‍ന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.
2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടതായി വിവരമില്ലെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു. 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സീറ്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.
സ്ത്രീകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒരു അവകാശമായി കരുതുന്ന നാടാണ് ഇന്ത്യ. ഇതിന്റെ പേരില്‍ നടക്കുന്ന പലവിധ അക്രമങ്ങളെക്കുറിച്ച് ഇതിന് മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശ മണ്ണിലേക്ക് ചേക്കേറിയിട്ടും ഈ സ്വഭാവത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അഞ്ച് വര്‍ഷക്കാലത്തോളം ലണ്ടനില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനാണ് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്.
ആയുധങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, ഇരയെ സമീപിക്കരുതെന്ന ഉത്തരവ് ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് ലണ്ടന്‍ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി 35-കാരനായ സിര്‍താജ് ഭംഗലിന് ശിക്ഷ വിധിച്ചത്. ‘യാതൊരു കാരണവുമില്ലാതെയാണ് സിര്‍താജ് യുവതിയെ ശല്യം ചെയ്തിരുന്നത്. അഞ്ച് വര്‍ഷക്കാലം ഇത് നീണ്ടും. ജയിലില്‍ റിമാന്‍ഡില്‍ കിടക്കുമ്പോള്‍ പോലും വെറുതെവിട്ടില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണത്തെ പിന്തുണച്ച ഇരയ്ക്കും കുടുംബത്തിനും നന്ദി’, കേസ് അന്വേഷിച്ച മെട്രോപൊളിറ്റന്‍ പോലീസ് വെസ്റ്റ് ഏരിയ കമ്മാന്‍ഡ് യൂണിറ്റ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്കോള കെറി പറഞ്ഞു.
2013-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരിക്കലും കണ്ടിട്ടില്ലാത്ത യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് സിര്‍താജ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളുടെ സന്ദേശങ്ങള്‍ ഭീഷണി രൂപത്തിലായതോടെ ഇര ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശല്യം അവിടെയും തീര്‍ന്നില്ല. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കത്തുകളും നിരന്തരം തേടിയെത്തി. 2016ന് ശേഷം ഫോണിലും, എസ്എംഎസിലുമായി ശല്യം. 2017ലാണ് ഇര സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുമ്പോഴും ഇയാള്‍ ഇവരെ വെറുതെവിട്ടില്ല.
ജയിലിലെ അനധികൃത മൊബൈല്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. കേസ് നടക്കവെ 80 പേജുള്ള കത്തും ഇയാള്‍ അയച്ചു. യുവതിക്കും കുടുംബത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും ആസിഡിന് പുറമെ ആയുധങ്ങളും പിടിച്ചെടുത്തത്.
കാസര്‍കോട് ആറര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും പുഴയിലെറിഞ്ഞ കേസില്‍ അജ്ഞാത മൃതദേഹം തെളിവായി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചറിഞ്ഞത്. 2012 ഏപ്രിലില്‍ ചന്ദ്രഗിരിപുഴയൊരത്ത് അടിഞ്ഞ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്നുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജില്ലയില്‍ തെളിയാതെ കിടന്ന കേസുകളുടെ പുനരന്വേഷണത്തിന് എസ് പി നിയോഗിച്ച ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്‍റെ സ്ക്വാഡാണ് ആറരവര്‍ഷത്തിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലക്കേസ് തെളിയിച്ചത്.
കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം സസ്പെന്‍സുകള്‍ നിറഞ്ഞതാണ് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം. 2012 മാര്‍ച്ചിലാണ് മുഹമ്മദ് കുഞ്ഞിയെ ഭാര്യ സക്കീന കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മൃതദേഹം വീടിനു മുന്നിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞു. ഡിസിഅര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇത്രയും കാര്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആറരവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിക്കപ്പുറമുള്ള തെളിവുകളെക്കുറിച്ച് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ശേഖരിക്കാന്‍ കഴിയുമെന്നും പൊലീസ് കരുതുന്നു. 2012 ഏപ്രില്‍ ഏഴിന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഒരു ഭാഗത്തു നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. അന്വേഷം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ പയ്യമ്പലത്താണ് ഈ മൃതദേഹം സംസ്കരിച്ചു.
മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന സുചന ലഭിച്ചതോടെ സംഭവസമയത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ലഭിച്ച പട്ടികയില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ചുവന്ന നൂലുകെട്ടിയ ഒരു ഏലസ് ലഭിച്ചിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് മുഹമ്മദ് കുഞ്ഞിയും ഇതുപോലൊരു ഏലസ് ധരിച്ചിരുന്നതായി സക്കീനയുടെ മൊഴിയില്‍ നിന്നു വ്യക്തമായി.
ഇതോടെ ഈ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. മൃതദേഹത്തിലുണ്ടായിരുന്ന ഏലസ് ഇപ്പോള്‍ കാഞ്ഞങ്ങാട് കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും നടത്തും. എന്നാല്‍ പലഘട്ടങ്ങളായി നടത്തിയ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍ പോലും പതറാതെ പിടിച്ചു നിന്ന സക്കീനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലും രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന കാര്യത്തിലും പൊലീസിന് ആശങ്കയുണ്ട്.
സംഭവം നടന്ന വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തത്തിന്റെ അംശം ലഭിച്ചതും അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നു. കുറ്റസമ്മതമൊഴിയും, സാഹചര്യതെളിവുകളും മാത്രം ആശ്രയിച്ച് തയാറാക്കുന്ന കുറ്റപത്രം കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന ഘട്ടത്തിലാണ് പഴുതടച്ചുള്ള അന്വേഷണം ശ്രദ്ധേയമാകുന്നത്. രണ്ടാം പ്രതിയും സക്കീനയുടെ കാമുകനുമായ ഉമ്മര്‍ ഒരു ഘട്ടത്തില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം പുനരന്വേഷിക്കാന്‍ തീരുമാനിച്ച ശേഷ അന്വേഷണസംഘം ഉമ്മറിനെ ബന്ധപ്പെട്ടെങ്കിലും മുഹമ്മദ് കുഞ്ഞി ജീവിച്ചിരിക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. പൊലീസും ഈ നിലപാടുകള്‍ ശരിവയ്ക്കുന്നതായി നടിച്ചു.
മുഹമ്മദ് കുഞ്ഞിയുെട കൊലപാതകം സംബന്ധിച്ചുള്ള ഏകദേശചിത്രം ലഭിച്ച ശേഷമാണ് അന്വേഷണസംഘം സക്കീനയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച ഷാള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അന്വേഷണസംഘം ആദ്യം ശ്രമിക്കുക. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തുമ്പില്ലാതെ അവസാനിപ്പിച്ച കൂടുതല്‍ കേസുകള്‍ വിശദമായ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെതിരെ മീടു ആരോപണം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹ്യപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.
രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാനആരോപണം. വീട്ടിലെത്തിയപ്പോൾ ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചുവെന്നും ഇൗ പോസ്റ്റിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്ന് വ്യക്തമാക്കുന്നു. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്ത്രി കുടുംബത്തിനെതിരെ രാഹുലും രംഗത്തെത്തിയിരുന്നു. എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.
സന്ദീപാനന്ദ ഗിരിക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി സന്ദീപാനന്ദയില്‍ നിന്ന് പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്
വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു.
പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സന്ദീപാനന്ദയുടെ വിശദമായ മൊഴി എടുത്തശേഷമാകും അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ തീരുമാനിക്കുക. സി.സി.ട.വി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രസാദ് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഭാര്യ രശ്മി ചിങ്ങോലിയിലെ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്.
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.
കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നിയമ നടപടി.രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
എറണാകുളത്ത് പത്രസമ്മേളനത്തിലാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ പിന്മാറിയിരുന്നു. രക്ത ചൊരിച്ചിലിന് തയ്യാറായി ചിലര്‍ ശബരിമലയിലുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവരോട് ഗാന്ധിമാര്‍ഗ്ഗം ഉപദേശിച്ചെന്നുമാണ് രാഹുല്‍ പിന്നീട് നിലപാടു മാറ്റിയത് .