ടി.പി.വധക്കേസ് പ്രതി കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹറിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്‍റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.
പരാതി വടകര സി.ഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശമദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.
കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടി.പി ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ വാര്‍ത്തകള്‍ എപ്പോഴും വന്‍ വിവാദങ്ങള്‍ക്കാമ് തിരി കൊളുത്താറുള്ളത്. മുഖ്യപ്രതി ടി.പി.കുഞ്ഞനന്തന്റെ പരോള്‍ മുതല്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹ സമയത്ത് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തതു വരെ വിവാദങ്ങള്‍ പലതുണ്ടായി.
പ്രണയവിവാഹത്തെ എതിര്‍ത്ത കുടുംബത്തോട് മകള്‍ പക തീര്‍ത്തത് വിചിത്രമായ രീതിയില്‍. തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു.
പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.
പെട്രോള്‍ വില കുതിച്ചതോടെ മോഷണവും വര്‍ധിക്കുന്നു. എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അടഞ്ഞു കിടന്ന ബൈക്ക് വര്‍ക്ക് ഷോപ്പില്‍ പെട്രോള്‍ മോഷണശ്രമം. പോലീസ് സ്റ്റേഷൻ, ഫോറസ്റ്റ് ഓഫീസ്, പോലീസ് എആര്‍ ക്യാമ്പ് എന്നിവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോണസ് വര്‍ക്ക് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത്. പതുങ്ങിയെത്തിയ മോഷ്ടാവ്‍ ഗേറ്റ് ചാടി അകത്തു കയറി ബൈക്കില്‍ നിന്നു കുപ്പിയിലേക്ക് പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചപ്പോള്‍ വര്‍ക്ക് ഷോപ്പിനുള്ളില്‍ ഉറങ്ങിക്കിടന്ന ബംഗാളി ശബ്ദം കേട്ടുണര്‍ന്നു. ഇത് കണ്ടപാടെ കള്ളന് അതിവേഗം ഗേറ്റ് ചാടി കടന്ന് രക്ഷപ്പെട്ടു. സംഭവം വര്‍ക്ക് ഷോപ്പിലെ സിസി കാമറയില്‍ പതിഞ്ഞിരുന്നു.
ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞെന്ന് വര്‍ക്ക് ഷോപ്പ് ഉടമ എരുമേലി കിഴക്കേതില്‍ നെഗി പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണിന് സമീപം ടിബി റോഡില്‍ താഴത്തേക്കുറ്റ് വര്‍ക്ക് ഷോപ്പിലും നേര്‍ച്ചപ്പാറ റോഡില്‍ ഫ്ളാറ്റിലെ കാര്‍ പോര്‍ച്ചിലും പെട്രോള്‍ മോഷണ ശ്രമം നടന്നിരുന്നു. ടിബി റോഡിലെ വര്‍ക്ക് ഷോപ്പില്‍ രാത്രിയില്‍ വാഹനത്തില്‍ നിന്നു കുപ്പിയിലേക്ക് പെട്രോള്‍ ഊറ്റികൊണ്ടിരിക്കുമ്പോള് വര്‍ക്ക് ഷോപ്പ് ഉടമ ദിലീപിന്റെ മകന് ദിനു ശബ്ദം കേട്ടുണര്ന്നെത്തി. ഇതോടെ കള്ളന് മോഷണം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസ്. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചത്. കാറ്റാടി യന്ത്രവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സരിതയ്ക്കെതിരെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാറണ്ട് നടപ്പിലാക്കാൻ പ്രതിയെ കാണാനില്ലെന്നാണ് വലിയതുറ പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. സരിത, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്ര തികൾ. തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണത്തിന്റെ അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ഇതിലേക്കായി 4,50,000 രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിക്കുകയും ചെയ്തു. കാറ്റാടി യന്ത്രങ്ങൾ എത്താതായപ്പോൾ നടത്തിയ അന്വേഷ ണത്തിൽ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന മനസിലാക്കുകയും ഇതേ തുടർന്ന് പൊലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.
എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.

എന്നാൽ സമരത്തിന് നാൾക്കു നാൾ ജനപിന്തുണ കൂടി കൂടി കൂടി വരുന്നു. സമരപന്തലിൽ പിന്തുണയുമായി സിനിമ പ്രവര്ത്തകരും. സിനിമയിൽ വുമൺ ഇൻ കോളക്റ്റീവിന്റെ പിന്തുണ അറിയിച്ചു നടി റീമ കല്ലുങ്കൽ നേരിട്ടെത്തി.
കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആഷിഖ് അബുവും ആവശ്യപ്പെട്ടു.
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. കൊച്ചിക്ക് പുറമേ സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം ഇന്ന് വ്യാപിപ്പിച്ചിരുന്നു.
സ്റ്റേഷനിലെത്തിച്ച പ്രതി പിക്കാസ് കൊണ്ടടിച്ചതിനെത്തുടർന്ന് പോലീസുകാരന് ദാരുണാന്ത്യം. സ്‌റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി കസേരയില്‍ നിന്നും വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രണ്ട് ഉദ്യോഗസ്ഥരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പോലീസ് അറസ്റ്റുചെയ്തു
സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനില്‍ നേരിട്ടു ഹാജരാകില്ലെന്ന് സൂചന നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ. പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോര്‍ജ് വെല്ലുവളിച്ചു. അതേസമയം, ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നാണ് കമ്മീഷന്റെ മറുപടി.
കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എയോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മീഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജർ രവി.
‘നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല’. മേജർ രവി പറഞ്ഞു.
ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷട്രീയ പാർട്ടിക്കാരെ താൻ അപലപിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവർക്ക് വേണ്ട നീതി അവർക്ക് കിട്ടിയേ പറ്റൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു .