Crime

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഒരു മിസിംഗ് കേസ് എന്ന രീതിയിൽ പതിവ് അന്വേഷണത്തിലായിരുന്നു പൊലീസിന് വഴിത്തിരിവായത് പനത്തുറയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഫോൺ കോൾ. കോവളത്തിനടുത്ത് പനത്തുറ പുനംതുരത്തിലെ ചെന്തിലക്കരിയിലെ കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടു എന്നായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകോൾ. ഫോൺ കോളിന് പിന്നാലെ എസ്.ഐയും സംഘവും ചെന്തിലക്കരിയിലേക്ക് പാഞ്ഞു.

വിദേശ മോഡൽ വസ്ത്രങ്ങളും ചെമ്പിച്ച മുടിയും. പ്രാഥമിക പരിശോധനയിൽ വിദേശ വനിതയുടേതാണെന്ന സംശയം ഉടലെടുത്തു. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കണ്ടൽകാട്ടിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം. അതോടെ ദുരൂഹത മണത്തു. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത കണ്ടൽകാട്ടിൽ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തപ്പെട്ടു എന്ന ചിന്തയിൽ അന്വേഷണം തുടങ്ങി. അതിനിടെ ലിഗയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി കാസർകോട്ട് ഉണ്ടായിരുന്ന ഭർത്താവ് ആൻഡ്രുവിനെയും സഹോദരി ഇലിസയേയും വിവരം അറിയിച്ചു. ഇരുവരും അടുത്തദിവസം തലസ്ഥാനത്തെത്തി. വസ്ത്രങ്ങളും മുടിയും കണ്ട് മൃതദേഹം ലിഗയുടെതാണെന്ന് തിരിച്ചറിഞ്ഞു.

അവരിൽ നിന്ന് പുതിയ വിവരങ്ങൾ കിട്ടി. മൃതദേഹത്തിനരികെ കാണപ്പെട്ട ചെരിപ്പ്, മാല, ഓവർകോട്ട് എന്നിവ ലിഗയുടേതല്ല. അതോടെ സംഭവത്തിന് പിന്നിൽ മറ്റാർക്കോ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലിസ് നീങ്ങി. അതിനിടെ മൃതദേഹം ലിഗയുടേതാണോ എന്ന് ഉറപ്പിക്കാൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ലിഗയുടെ കഴുത്തെല്ലിന് ഉണ്ടായ തിരിവും പേശികളിൽ കാണപ്പെട്ട ബലപ്രയോഗ ലക്ഷണങ്ങളും തലച്ചോറിലെ ഗ്രന്ഥികളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു അതിലെ സൂചന.

അതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ലിഗ കോവളത്ത് നിന്ന് സിഗററ്റും വെള്ളവും വാങ്ങിയ സൂചനകൾ അങ്ങനെ കിട്ടി. കോവളം ബീച്ചിൽ ചുറ്റിത്തിരിയുന്ന ഗൈഡുകൾ ആരെങ്കിലും വശീകരിച്ചിരിക്കുമോ എന്ന സാദ്ധ്യത പരതി. അത് ശരിയായ വഴിയായിരുന്നു. ഇത്തരത്തിലൊരാൾ ലിഗയുമായി ബീച്ചിൽ സംസാരിക്കുന്നത് കണ്ടെന്ന വിവരം കിട്ടി. ഇയാളെ തിരിച്ചറിഞ്ഞു. എന്നാൽ, ആൾ മുങ്ങിയതായി കണ്ടെത്തി. മറ്റുചില കേസുകളിൽ പ്രതിയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ സംശയം ബലപ്പെട്ടു.

ജമ്മു കാശ്മീര്‍: കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സഞ്ജി റാമെന്ന് അന്വേഷണ സംഘം. ഇയാളുടെ മകനും ക്രൂരകൃത്വത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ മകന്‍ ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും സഞ്ജി റാമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

8 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരുന്നത് സഞ്ജി റാമിന്റെ മകനും മരുമകനും ഉള്‍പ്പെടുന്ന സംഘമാണ്. കുട്ടിയെ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലാണ് പാര്‍പ്പിച്ചത്. തട്ടിക്കൊണ്ടു വന്ന് നാല് ദിവസത്തിന് ശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിയുന്നത്. മകനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഈ മേഖലകളില്‍ നിന്ന് കുടിയിറക്കാന്‍ പെണ്‍കുട്ടിയെ ആക്രമിച്ച് ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിലേക്ക് ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയുടേത് കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പൊലീസ് നല്‍കുന്ന സൂചന. ലീഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി. പ്രകാശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പൊലീസ് കണ്ടെത്തിയിരുന്നു. തോണിയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന പത്തോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ലീഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു വരികയാണ്. ലീഗയുടെ മരണത്തിന് പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ ഇവരില്‍ പലരും ഒളിവില്‍ പോയതും ലീഗയുടേതു കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നു.

എന്നാല്‍ ലീഗയുടെ മരണത്തില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും ലീഗയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്.

ഹൈദരാബാദ്: പതിനാലുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരസ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുശാല്‍ എന്നയാളാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരവാദം മുഴക്കിയത്. അവധിക്ക് വന്ന ബന്ധുവായ പതിനാലുകാരനുമായി ലൈംഗിക വേഴ്ച നടത്തിയെന്നും പയ്യന്റെ ആദ്യത്തെ ലൈംഗികാനുഭവം ആയിരുന്നെന്നുമാണ് ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുറന്ന് പറഞ്ഞത്.

ബാലരതി എന്ന ക്രിമിനല്‍ കുറ്റകൃത്യം ചെയ്തിട്ടും ഗ്രൂപ്പിലെ പല അംഗങ്ങളും ഇയാളെ അഭിനന്ദിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചിലര്‍ മാത്രം എതിര്‍പ്പ് രേഖപ്പെടുത്തി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് പോയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. സൈബരാബാദ് പോലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ബലാല ഹക്കുല സംഘം എന്ന എന്‍.ജി.ഒ സംഘടന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിക്കാലത്ത് ബാലരതിക്ക് ഇരയായിട്ടുള്ള ഒരു ഗ്രൂപ്പ് അംഗം തന്നെയാണ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് തങ്ങള്‍ക്ക് എത്തിച്ചു തന്നതെന്ന് എന്‍.ജി.ഒ സംഘടന വെളിപ്പെടുത്തി. ഏപ്രില്‍ 18നാണ് സംഘടനയ്ക്ക് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

കോഴിക്കോട് കൊടുവള്ളിയിൽ വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവുമായി പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്ന യുവതിയെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരി മുപ്പതിനാണ്​ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അതേസമയം ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ്​ യുവതി കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇവരെ ബുധനാഴ്ച മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ അറിയിച്ചു.

കൊട്ടിയം കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവാണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്തിനെ (29) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. കാണാതായ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍വച്ച് ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെനിത്ത് പിടിയിലാകുന്നത്.

ജെനിത്തും വിജിയും നേരത്തേ അടുപ്പത്തിലായിരുന്നു. വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. 18ന് വൈകിട്ട് കൊട്ടിയം ജംഗ്ഷന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ജെനിത്ത് ഊരിയെടുത്തു. വിജിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി സംസാരിച്ചെങ്കിലും ജെനിത്തുമായി അടുപ്പം തുടരാന്‍ പെണ്‍കുട്ടി തയാറായില്ല. സ്‌കൂട്ടറിന്റെ താക്കോല്‍ തിരിച്ച് നല്‍കാന്‍ ഇയാള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ തന്നില്ലെങ്കില്‍ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോയി.

പിന്നീട് ആറ്റില്‍ച്ചാടി മരിക്കുകയായിരുന്നു. മൃതദേഹം ആറ്റില്‍ കണ്ടെത്തിയ ദിവസം രാവിലെ വിജി ജോലി ചെയ്തിരുന്ന ലാബിലേക്ക് ഫോണില്‍ വിളിച്ച് വിജി വന്നിട്ടുണ്ടോ എന്ന് ജെനിത്ത് അന്വേഷിച്ചിരുന്നു. വന്നിട്ടില്ലെന്ന് അറിഞ്ഞ് യുവതിയുടെ സ്‌കൂട്ടറില്‍ ഇത്തിക്കരയെത്തിയപ്പോള്‍ ബന്ധുക്കള്‍ പാലത്തിനടുത്ത് നില്‍ക്കുന്നത് കണ്ട് സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം മുങ്ങുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.

കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ. കോവളം, വർക്കല തുടങ്ങിയ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാടിലേക്ക് നടന്നു പോയത് മയക്കുമരുന്ന് വാങ്ങാനാണെന്ന സംശയത്തിലാണ് പോലീസ് സംഘം. മയക്കുമരുന്ന് വാങ്ങിയ ലിഗക്ക് പിന്നീട് എന്തു സംഭവിച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മയക്കുമരുന്നുകൾ വിൽക്കാൻ പ്രത്യേകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രഭവകേന്ദ്രം പക്ഷേ കോവളമല്ല. മയക്കുമരുന്ന് മാഫിയക്ക് വ്യക്തമായ നെറ്റ്വർക്കുണ്ട്. അവർ തങ്ങളുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്നു. കോടികളുടെ ലാഭമാണ് ഇവർ ഉണ്ടാക്കുന്നത്. കോവളത്തും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിറ്റ് കോടിശ്വരൻമാർ ആയവർ പതിനായിരക്കണക്കിനുണ്ട്.

വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന ഒരു നല്ല ശതമാനത്തിന്റെ ലക്ഷ്യം മയക്കുമരുന്നാണ്. കോവളത്ത് എത്തുന്നതോടെ എവിടെയാണ് മയക്കുമരുന്ന് ലഭ്യമാകുന്നതെന്ന് ഏജന്റുമാർ പറഞ്ഞു കൊടുക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും മാഫിയ ഏജന്റുമാരാണ്. അവർ കൃത്യമായി വിവരങ്ങൾ കൈമാറുക മാത്രമല്ല സാധനം കിട്ടുന്ന സ്ഥലങ്ങളിൽ ആവശ്യക്കാരെ എത്തിക്കുകയും ചെയും. ലിഗ വാഴമുട്ടത്ത് എത്തിയതും ഒരു ഓട്ടോറിക്ഷയിലാണ്. കോവളത്തെ നക്ഷത്ര ഹോട്ടലുകളിൽ വരെ മയക്കുമരുന്നുകൾ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യക്കാർക്ക് ഇവർ സാധനങ്ങൾ എത്തിച്ചു കൊടുക്കും. കേരളത്തിൽ മദ്യ നിയന്ത്രണം വന്നതോടെയാണ് മയക്കുമരുന്നുകൾ തേടി വിദേശികൾ പരക്കം പാഞ്ഞു തുടങ്ങിയത്. മദ്യപാനം ശീലമാക്കിയ വിദേശികളിൽ നിന്നും കൂടുതൽ തുക വാങ്ങി മദ്യം വാങ്ങി കൊടുക്കുന്ന യുവാക്കൾ കോവളത്തും പരിസരത്തുമുണ്ട്.

പോലീസിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. പോലീസിനും പങ്ക് കിട്ടുന്നു എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ക്രമസമാധാനനില തകരാറിലായാലും അവർ നിശബ്ദത പാലിക്കും. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പേരിന് ഒരു റെയ്ഡ് നടത്തി സംഗതി അവസാനിപ്പിക്കും. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ചീട്ടുകളി സംഘംങ്ങളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം എങ്ങനെയൊക്കെ നടന്നാലും യഥാർത്ഥ കുറ്റവാളികൾ നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. കാരണം അതിന്റെ കെട്ടുപാടുകൾ കേരളത്തിന് പുറത്തേക്ക് നീളുന്നു. അതിനിടെ കേരളത്തിലെത്തി മയക്കുമരുന്നിന്റെ സുഖം അനുഭവിച്ച ശേഷം വിദേശത്തേക്ക് തിരികെ പോയവർ വഴി വൻ വരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. മയക്കുമരുന്നിന്റെ സുഖം നുകർന്ന വിദേശികളെ സംബന്ധിച്ചടത്തോളം ഇടപാടുകൾ സുരക്ഷിതമായിരിക്കും. പ്രതിഫലം ബാങ്ക് അക്കൗണ്ടിലെത്തുന്നവർ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഇത്തരക്കാരെ ശുദ്ധീകരിക്കാൻ ശ്രമിക്കാറില്ല.

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ചോദ്യംചെയ്യൽ തുടരവേ അവരുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക് പോകുന്നു. 2012ൽ ഇവരുടെ മറ്റൊരു മകൾ ഒന്നര വയസുകാരി കീർത്തന മരിച്ചതും സമാനസാഹചര്യത്തിലാണ്. കീർത്തനയെ താൻ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്.

എന്നാൽ, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാൻ ധൈര്യം നൽകിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൊഴികളിലെ ഈ വൈരുദ്ധ്യം നീക്കേണ്ടതും ആവശ്യമാണ്. ആറുവർഷം മുമ്പ് മരിക്കുകയും സംസ്കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തിൽ കൃത്യമായ വിവരം ശേഖരിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. കീർത്തന തന്റെ കുട്ടി അല്ലെന്ന ആരാേപണം കിഷോർ ഉന്നയിച്ചിരുന്നു. കീർത്തനയ്ക്കും ശ്വാസതടസവും ഛർദ്ദിയും മരണത്തിന് മുമ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഈ കുട്ടിയുടെ പിതൃത്വത്തിൽ ഭർത്താവ് കിഷോറിന് സംശയമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ നിത്യവും വീട്ടിൽ വഴക്കുണ്ടായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യയുടെ സത്യസന്ധത തുറന്ന് കാട്ടാൻ എലിവിഷം കഴിക്കാൻ നിർബന്ധിച്ചിരുന്നു. അത് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും സൗമ്യ പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇത് പൊലീസിൽ കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയിലെ ചുമട്ടുതൊഴിലാളിയായാണ് കിഷോർ പിണറായിയിലെത്തുന്നത്. ഇവിടെ ജോലിക്കെത്തിയ സൗമ്യയുമായി ഇയാൾ പരിചയത്തിലാവുകയായിരുന്നു. സംശയും വഴക്കും പതിവായതോടെ സൗമ്യ കിഷോറിനെ ഒഴിവാക്കി പടന്നക്കരയിലേക്ക് വരികയായിരുന്നു.</span>

കിഷോറിനെ കസ്റ്റഡിയിലെടുത്താൽ സൗമ്യയുടെ വഴിവിട്ട ബന്ധം നേരത്തെയുള്ളതാണോ, അതല്ല ഇരുവരും പിരിഞ്ഞതിന് ശേഷം സംഭവിച്ചതാണോ എന്നും അറിയാൻ കഴിയും. അങ്ങനെയെങ്കിൽ നേരത്തെ യുവതിയുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ ആളുകളേയും കണ്ടെത്തി ചോദ്യം ചെയ്യേണ്ടി വരും.കിഷോറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ജീവിക്കാൻ വഴിതേടിയലയുമ്പോൾ ഇരിട്ടി സ്വദേശിനിയായ ഒരു സ്ത്രീയാണ് തന്നെ അനാശാസ്യരംഗത്തേക്ക് പരിചയപ്പെടുത്തിയതെന്ന് സൗമ്യ മൊഴി നല്കിയിട്ടുണ്ട്.

സൗമ്യയുമായി ഇടപാട് നടത്തുന്ന ആളുകളെ വീട്ടിലെത്തിക്കുന്നത് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൗമ്യയുടെ വീട്ടിലെ കിണർ വെള്ളത്തിൽ അമോണിയയുടെ അംശം കണ്ടെത്തിയതിലും ദുരൂഹത നിലനിൽക്കുന്നു. കിണർ വെള്ളം സൗമ്യ പരിശോധിച്ച് അമോണിയ സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ട് സമ്പാദിച്ചിരുന്നു. ഇവർക്ക് അമോണിയ വെള്ളത്തിൽ കലക്കാൻ എവിടെനിന്ന് കിട്ടി.

ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് കൊലപാതകത്തെ കുറിച്ച് സൂചന നേരത്തെയുണ്ടായിരുന്നിരിക്കണം എന്നാണ് പൊലീസ് പറയുന്നത്. ഒൻപതു വയസുള്ള മകൾ ഐശ്വര്യയെയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും എലിവിഷം നല്കിയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സൗമ്യയുടെ വീട്ടിൽ നിന്ന് എലിവിഷം കത്തിച്ചു കളഞ്ഞതിന്റെ അവശിഷ്ടങ്ങളും ഭക്ഷണം നല്കിയ പാത്രങ്ങളും പൊലീസ് കണ്ടെടുത്തു.

കൊടുവള്ളി: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗ സംഘം പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വാസികളായ ആറംഗ സംഘം വീട്ടമ്മയ്ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും പിന്നീട് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ഏറെ നാളുകള്‍ക്ക് ശേഷമാണ് പീഡന വിവരം പുറത്തുപറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിപ്പിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.

ജനുവരി 30-നാണ് പീഡനം നടക്കുന്നത്. മദ്യം നല്‍കിയ ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പ്രതി ചേര്‍ക്കപ്പെട്ട ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ ദൂരൂഹതയേറുന്നു

Copyright © . All rights reserved