കാസർകോട് അഡൂർ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ നടുങ്ങിനിൽക്കുകയാണ് ഉറ്റവരും നാട്ടുകാരും. കൂട്ട മരണം നടന്ന വിവരം അറിഞ്ഞതോടെ ആളുകൾ തടിച്ചുകൂടി.

കടബാധ്യതയാണ് കൂട്ടത്തോടെ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മറ്റേതെങ്കിലും കാരണം സംഭവത്തിന് പിന്നിലുണ്ടോ എന്നും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം ആത്മഹത്യ ചെയ്യാൻ മാത്രം സാമ്പത്തിക പ്രയാസവും ഉണ്ടാകാൻ വഴിയില്ലെന്നും അയൽ വാസികൾ പറയുന്നുണ്ട്. പൊലീസ് ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്.

വീട് നിർമ്മിച്ച വകയിലും മറ്റുമായി അഡൂർ മാട്ട പികുഞ്ചിയിൽ എടപ്പറമ്പയിലെ രാധാകൃഷ്ണന്റെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രാധാകൃഷ്ണൻ (40), ഇയാളുടെ ഭാര്യ ബന്തടുക്ക സ്വദേശി പ്രസീല (30), മക്കളായ കാശിനാഥ് (5), ശബരിനാഥ് (2) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാധാകൃഷ്ണൻ അടുത്തകാലത്ത് സ്വന്തമായി നിർമ്മിച്ച വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്. ആഡൂരിലെ കുഞ്ഞിക്കണ്ണൻ മണിയാണി യശോദ ദമ്പതികളുടെ മകനാണ് മരിച്ച രാധാകൃഷ്ണൻ. ഇയാൾ കൂലിപ്പണിക്കാരനാണ്.

മെഷീൻ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണൻ ചെയ്തുവന്നിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരെ വീട്ടിൽ എല്ലാവരും നിൽക്കുന്നതും കുട്ടികൾ മുറ്റത്ത് കളിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. എന്നാൽ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചു ചെന്നപ്പോഴാണ് നാലു പേരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. രണ്ടു പിഞ്ചു കുട്ടികളുടെയും മൃതദേഹം വളരെ ഉയരത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് .

ഇന്ന് രാവിലെ മൃതദേഹങ്ങൾ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ മൊബൈൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടിനുള്ളിലും പറമ്പിലും മറ്റുമായി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും.