ചങ്ങനാശേരി: മാമ്മൂട്ടിൽ അമ്മയും മകളും ഒറ്റയ്ക്ക് താമസിക്കുന്ന വാടക വീട്ടിൽ ആണ് മോഷണം നടന്നത്. 15 പവൻ സ്വർണ്ണം നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
മാമ്മൂട് എസ്ബിഐ ബാങ്കിന് സമീപം കാർമൽ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കമ്മയുടെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. തങ്കമ്മയുടെ കഴുത്തിൽ കിടന്ന മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ആണ് മോഷണം പോയത്.
രാത്രിയിൽ ഉറക്കത്തിൽ ആരോ മാല പിടിച്ചു പറിക്കുന്നതായി തോന്നിയെന്നും തുടർന്ന് എഴുനേറ്റു ലൈറ്റ് ഇട്ടുനോക്കിയപ്പോൾ ആരെയും കണ്ടില്ലെന്നും ലൈറ്റ് അണച്ചു കിടന്നെന്നും തങ്കമ്മ പോലീസിനോട് പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ ആണ് മാല നഷ്ടമായ വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരിയിൽ ഇരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ വാതലുകളും ജനലുകളും കേടുപാടുക സംഭവിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാവ് വീടിനുള്ളിൽ കടന്നത് എങ്ങനെ എന്ന കാര്യത്തിൽ ദുരൂഹത. കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നു പോലീസ് പറഞ്ഞു
ദൃശ്യം സിനിമയില്‍ തെളിവ് നശിപ്പിക്കാന്‍ ജോര്‍ജുകുട്ടി കണ്ടെത്തിയ വഴികളിലൊന്നാണ് മൊബൈല്‍ ഫോണ്‍ ലോറിയിലേക്ക് എറിയുക. അന്വേഷണം വഴി തെറ്റിക്കാൻ ലോറിക്കൊപ്പം മൊബൈലും പോകുമ്പോള്‍ മൊബൈല്‍ ടവര്‍ നോക്കി പൊലീസിന് വഴിതെറ്റും…
ഈ തന്ത്രമാണ് റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയും ഒളിവില്‍ കഴിയാന്‍ പയറ്റിയത്. മൂന്ന് ആഴ്ചയോളം ഈ തന്ത്രത്തിലൂടെ പൊലീസിനെ വട്ടംചുറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മറുതന്ത്രം പയറ്റിയ പൊലീസ് അപ്പുണ്ണിയെ ഒളിയിടത്തില്‍ നിന്ന് കേരളത്തിലേക്ക് വിളിച്ച് വരുത്തി അറസ്റ്റും ചെയ്തു. അങ്ങിനെ സിനിമാക്കഥയേക്കാള്‍ കൗതുകം നിറഞ്ഞതാണ് അപ്പുണ്ണിയുടെ ഒളിവ് ജീവിതവും പൊലീസിന്റെ അന്വേഷണവും..
രാജേഷിനെ കൊന്ന ശേഷം അപ്പുണ്ണി നേരേ പോയത് ചെന്നൈയിലേക്ക്. കയ്യില്‍ പണമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നർത്തകിയുടെ മുൻ ഭർത്താവും വ്യവസായിയുമായ സത്താറിനെ വിളിച്ചു. അമ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് ഇട്ട് നല്‍കി. അതോടെ ഒളിവിടം മാറിമാറിയുള്ള യാത്ര തുടങ്ങി. പിന്നീടെത്തിയത് വിഴിപ്പുറത്ത്. പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചതായി പത്രവാര്‍ത്തകളില്‍ നിന്ന് മനസിലായി. ഇതോടെ ദൃശ്യം മോഡല്‍ തന്ത്രം പ്രയോഗിച്ച് തുടങ്ങി. വിഴിപ്പുറത്ത് വച്ച് സ്വന്തം ഫോണില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചു. തൊട്ടുപിന്നാലെ മൊബൈല്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉപേക്ഷിച്ചു.
സൈബര്‍ സെല്‍ ഈ സമയം അപ്പുണ്ണിയുടെ ഫോണ്‍ നിരീക്ഷിക്കുകയായിരുന്നു. വിഴിപ്പുറത്ത് നിന്ന് ഫോണ്‍ വിളിച്ചതോടെ അപ്പുണ്ണി അവിടെയുള്ളതായി പൊലീസ് കരുതി. അന്വേഷണസംഘം അവിടേക്ക് പാഞ്ഞെത്തി. എന്നാല്‍ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ അപ്പുണ്ണി പുതുച്ചേരിയിലേക്ക് കടന്നിരുന്നു. അങ്ങിനെ പൊലീസ് വിഴിപ്പുറത്ത് തിരയുമ്പോള്‍ അപ്പുണ്ണി സുഖമായി പുതുച്ചേരിയില്‍. ഇങ്ങിനെ കൊടൈക്കനായിലും മധുരയിലുമെല്ലാം അപ്പുണ്ണി ദൃശ്യം വിദ്യ പ്രയോഗിച്ച് പൊലീസിന് വട്ടംചുറ്റിച്ചു.
രണ്ടാഴ്ച കഴിഞ്ഞതോടെ പൊലീസ് ഈ തന്ത്രം തിരിച്ചറിഞ്ഞു. ഒടുവില്‍ പൊലീസ് മറുതന്ത്രം പയറ്റി. കൊച്ചി കാക്കനാട്ടിലെ ഒരു സ്ത്രീയുമായി അപ്പുണ്ണിക്ക് അടുപ്പമുള്ളതായി പൊലീസിന് മനസിലായി. ഇവരെ വിളിക്കാറുണ്ടെന്നും കണ്ടെത്തി. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് അപ്പുണ്ണിയെ വിളിപ്പിച്ചു. പലതവണ സ്നേഹപൂര്‍വം വിളിച്ച് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഒരു രാത്രി വന്ന് മടങ്ങിപോകാമെന്ന് അപ്പുണ്ണി തീരുമാനിച്ചു. ഇത് അനുസരിച്ച് അപ്പുണ്ണി വരുന്ന വഴിയില്‍ കാത്ത് നിന്ന പൊലീസ് അപ്പുണ്ണിയെ കയ്യോടെ പിടികൂടി. അങ്ങിനെ ദൃശ്യം വിദ്യയില്‍ വട്ടം കറക്കിയ അപ്പുണ്ണിയെ പെണ്‍വിദ്യകൊണ്ട് പൊലീസ് കുടുക്കി.
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ക്രൂരമായ ബലാത്സംഗത്തിനിരയായ 18 കാരി കേസ് ഒതുക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന മാതാപിതാക്കളെ പോലീസില്‍ കുടുക്കി. കൂട്ട ബലാത്സംഗത്തിന് പിടിയിലായ പ്രതികളില്‍ നിന്നും വന്‍തുക കൈക്കൂലി കൈപ്പറ്റി കേസ് പിന്‍വലിക്കാനും മൊഴി മാറ്റാനും നിര്‍ബ്ബന്ധിച്ച അപ്പനും അമ്മയ്ക്കും എതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. കുറ്റവാളികളില്‍ ഒരാളില്‍ നിന്നും മാതാപിതാക്കള്‍ അഡ്വാന്‍സായി വാങ്ങിയ അഞ്ചു ലക്ഷം രൂപയുമായിട്ടാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കാനെത്തിയത്. തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിതാവ് മുങ്ങി.
2017 ല്‍ നടന്ന സംഭവത്തില്‍ കേസ് പിന്‍ വലിക്കാനും മൊഴി മാറ്റിപ്പറയാനും മകളെ നിര്‍ബ്ബന്ധിക്കാന്‍ ഇടക്കാല ജാമ്യം നേടിയ പ്രതികളില്‍ ഒരാള്‍ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സ് തുക സ്വീകരിച്ച മാതാപിതാക്കള്‍ മൊഴിമാറ്റി കേസ് പിന്‍ വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ചു ലക്ഷം അഡ്വാന്‍സായി മാതാപിതാക്കള്‍ വാങ്ങുകയും ചെയ്തു. രണ്ടു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ഇടക്കാല ജാമ്യം നേടി പുറത്തുണ്ടായിരുന്നു. ഇയാളാണ് മൊഴി മാറ്റാനും കേസ് പിന്‍ വലിക്കാനും പെണ്‍കുട്ടിയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനമുണ്ടാക്കിയത്. ദരിദ്ര സാഹചര്യത്തില്‍ ആദ്യം പെണ്‍കുട്ടിക്കൊപ്പം ഉറച്ചു നിന്ന മാതാപിതാക്കള്‍ അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കാമെന്ന പ്രതിയുടെ വാക്കില്‍ വീണുപോകുകയായിരുന്നു. ഇതോടെ അവര്‍ മകളെ മൊഴിമാറ്റാന്‍ നിര്‍ബ്ബന്ധിച്ചു.
യുവതി ഇക്കാര്യം നിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് മാതാപിതാക്കള്‍ പണം കൈപ്പറ്റിയത്. ഇതോടെ പെണ്‍കുട്ടി ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും കാര്യം ബോധിപ്പിക്കുകയുമായിരുന്നു. തന്നെ അജ്ഞാതരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയരികില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇവരില്‍ ജാമ്യം നേടി പുറത്ത് നില്‍ക്കുന്ന സുനില്‍ ശശി എന്നയാള്‍ തന്റെ മാതാപിതാക്കളെ ഏപ്രില്‍ 8 ന് വാഗ്ദാനവുമായി സമീപിച്ചെന്നും അതോടെ ഒരിക്കല്‍ ഒപ്പം നിന്ന മാതാപിതാക്കള്‍ എതിരാളികളായി മാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
മാതാപിതാക്കള്‍ ശശിയുമായി കൂടിക്കാഴ്ച നടത്തുന്നതും സംസാരിച്ചതുമെല്ലാം പെണ്‍കുട്ടി വീട്ടില്‍ ഉള്ളപ്പോഴായിരുന്നു. അവരുടെ സംസാരം വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ശശി വീട്ടില്‍ നിന്നും പോയ ശേഷം മാതാപിതാക്കളുടെ അരികിലെത്തി കേട്ട കാര്യങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മകളെ തെറ്റായ മൊഴി നല്‍കാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ എല്ലാം നിഷേധിച്ച അവള്‍ തന്റെ മൊഴിയില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പാവപ്പെട്ടവരായതിനാല്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്ന് പറഞ്ഞതായും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
ഇതിനിടയിലാണ് ആരോ കൊണ്ടു വന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് തുക അഞ്ചു ലക്ഷം നല്‍കിയത്. ഈ പണം മാതാപിതാക്കള്‍ മറ്റാരും കാണാതെ കിടക്കയുടെ കീഴില്‍ ഒളിപ്പിച്ചു. എന്നാല്‍ മാതാപിതാക്കള്‍ പുറത്തു പോയ തക്കത്തിന് പണസഞ്ചി വലിച്ചെടുത്ത പെണ്‍കുട്ടി അതുമായി നേരെ അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പരാതി നല്‍കുകയും എല്ലാ കാര്യങ്ങളും പോലീസിനോട് പറയുകയും ചെയ്തു. പെണ്‍കുട്ടി പോലീസിന് പണം നല്‍കിയതിന് തൊട്ടു പിന്നാലെ പോലീസ് ടീമിനെ സജ്ജമാക്കി അന്വേഷണവും തുടങ്ങി. മകള്‍ പോലീസിനെ സമീപിച്ചത് അറിയാതിരുന്ന മാതാവിനെയാണ് ആദ്യം പോലീസ് പൊക്കിയത്. എന്നാല്‍ ഈ സമയം കൊണ്ട് പിതാവ് മുങ്ങുകയും ചെയ്തു.
ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആക്രമണം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഭര്‍ത്താവ് സ്വയം ചിത്രീകരിക്കുകയും യുവതിയുടെ വീട്ടുകാര്‍ക്കയച്ച് സ്ത്രീധനം ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരില്‍ നിന്നും 50,000 രൂപ വാങ്ങിനല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് യുവതി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കെട്ടിയിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി ഭര്‍ത്താവ് യുവതിയുടെ സഹോദരന് അയച്ച് സ്ത്രീധനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബെല്‍റ്റുകൊണ്ടുള്ള കടുത്ത ആക്രമണത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായിരുന്നു.
3 – 4 മണിക്കൂറുകളോളം എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ എന്നെ സീലിങ് ഫാനില്‍ ബന്ധിച്ചിരിക്കുകയായിരുന്നു’, യുവതി പറഞ്ഞു. ‘ഞാന്‍ വിദ്യാഭ്യാസമില്ലാത്തവളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ അവസ്ഥയിലായത്’ , യുവതി കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയതിനാല്‍ ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ഒരു സിനിമാക്കഥപോലെ ട്വിസ്റ്റും ടേണുമായി മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ കഥകള്‍ വീണ്ടും മാറി മറിയുന്നു. ഖത്തറിലുള്ള ബിസിനസുകാരന് പകരം അയാളുടെ ഭാര്യയായ നൃത്താദ്ധ്യാപികയാണോ ക്വട്ടേഷന്‍ എന്ന രീതിയിലാണ് പുതിയ സംശയം ഉയരുന്നത്. നൃത്താദ്ധ്യാപികയുടെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നതാണ് പോലീസ് പുതിയതായി ഉയര്‍ത്തുന്ന സംശയം. സംഭവത്തിന് തൊട്ടു മുമ്പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴായിരുന്നു രാജേഷ് ആക്രമിക്കപ്പെട്ടത്.
സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ച് രാജേഷ് അവിടേയ്ക്ക് പോകുന്നതിന്റെ തലേദിവസമാണ് കൊലപാതകം നടന്നതെന്നതുമാണ് നൃത്താദ്ധ്യാപികയെ സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. നേരത്തേ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി നല്‍കിയ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സംശയം ഉയര്‍ന്നത്. ഇയാളുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ക്വട്ടേഷന്‍ സംഘത്തലവന്‍ അലിഭായിയും മുന്‍ ജീവനക്കാരനായിരുന്നു സഹായിയായ അപ്പുണ്ണിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തി ഖത്തറിലേക്ക് മടങ്ങിയ ഇയാളെ പിടിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
കൊല നടന്നതിന്റെ തലേന്ന് അലിഭായി നാട്ടിലെത്തിയതും തിരിച്ചുപോയതും വ്യാജ പാസ്‌പോര്‍ട്ടിലായിരുന്നു. ഇവര്‍ കായംകുളത്തെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതും. ഈ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ വാടകയ്ക്ക് എടുത്ത കാറിന് വ്യാജ നമ്പര്‍ പതിച്ചെങ്കിലും തിരിച്ചുപോകുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ യഥാര്‍ത്ഥ നമ്പറും പതിച്ചു.
അമിത വേഗതയിലായതിനാല്‍ പോലീസിന്റെ സ്പീഡ് ക്യാമറയില്‍ കാര്‍ പതിയുകയും ചെയ്തു. കായം കുളത്തു നിന്നും പജീറോ കാറിലായിരുന്നു അലിഭായി കൊച്ചിയിലേക്ക് പോയത്. അപ്പുണ്ണി ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലേക്കും മുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈലില്‍ വിളികള്‍ ഒഴിവാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴിയായി വിവരം കൈമാറല്‍. അതിനിടയില്‍ കഴിഞ്ഞ ദിവസം രാജേഷിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം തുറന്നു പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 17.13 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഞായറാഴ്ച ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്.
പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ ജിദ്ദയിൽനിന്നും എത്തിയ യാത്രക്കാരനിൽ നിന്നും അഞ്ചര ലക്ഷത്തിലധികം രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.
റിയാദിൽ നിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 402.100 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 11.5 ലക്ഷം രൂപ വില വരും. മാല, കമ്മൽ, വള, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് ഇയാളിൽ നിന്നും പിടികൂടിയത്.
റോഹ്തക്: ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
കത്വ സംഭവത്തില്‍ ഇന്ന് വിചാരണ ആരംഭിച്ചു. ബിജെപിക്ക് ഭരണവും ഭരണ പങ്കാളിത്തവുമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ കുറ്റകൃത്യങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ തുമ്പില്ലാതെ മൊഹാലി പോലീസ് തലപുകയ്ക്കുന്ന സമയത്താണ് ഹോളിവുഡ് സിനിമകളെ പോലെ വധശ്രമത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് ലോക്കല്‍ ഗുണ്ടയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഒപ്പം മീശപിരിച്ച് തോക്കുമായി ഇരിക്കുന്ന ഫോട്ടോയും കക്ഷി പോസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ചണ്ഡിഗഡിലെ ഒരു മാളില്‍ സംഗീത നിശ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് വര്‍മയോട് സഹായം അഭ്യര്‍ഥിച്ച് ഫോണ്‍ വരുന്നത്. അവിടെ നിന്നു തുടങ്ങുന്നു സിനിമയെ വെല്ലുന്ന ചേസിങിന്റേയും വെടിവെപ്പിന്റേയും കഥ. കൂട്ടുകാരനും ബോഡിഗാര്‍ഡിനുമൊപ്പമായിരുന്നു വര്‍മയിടെ യാത്ര . ഇവരുടെ വാഹനം സെക്ടര്‍ 73 കടന്നപ്പോഴാണ് ഗുണ്ടാത്തലവന്‍ പിന്തുടരുന്നത്. ഹ്യൂണ്ടായി ക്രേറ്റയിലായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സഞ്ചരിച്ച കാറും കാര്‍ നമ്പറും വ്യക്തമാണെന്നാണ് പൊലീസ് ഭാഷ്യം. മൊഹാലി സെക്ടര്‍ 74ല്‍ വെച്ച് വര്‍മയുടെ കാര്‍ തടയുകയും പുറത്തിറങ്ങിയ ഗുണ്ട കാറിലേക്ക് നിറയൊഴിക്കുകയും ചെയ്തെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവയ്പ്പിനിടെ വര്‍മയ്ക്കും ഒപ്പമുണ്ടായ കൂട്ടുകാരനും പരിക്കേറ്റു. രണ്ടുപേരെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത് കൊണ്ട് അപകടനില പെട്ടെന്ന് തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഏതായാലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പിടിക്കാനാകാതെ കുഴങ്ങിയ സമയത്താണ് ഫെയ്സ്ബുക്ക് പോസ്റ്റ് വരുന്നത്. എന്തായാലും പ്രതി എന്തിനിത് ചെയ്തു, പ്രതിക്ക് പുറകില്‍ വേറെ ആളുകളുണ്ടോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിലൂടെ അതിനുള്ള ഉത്തരം കിട്ടുമെന്നാണ് പൊലീസിന്റേയും പര്‍മിഷിന്റെ ആരാധകരുടേയും പ്രതീക്ഷ. എന്തായാലും പര്‍മിഷ് സുഖം പ്രാപിച്ചെന്ന വാര്‍ത്തയില്‍ സന്തോഷത്തിലാണ് ആരാധകര്‍.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി 25 ദിവസം പിന്നിടുമ്പോഴും ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദീപ മനോജ് എന്ന് സാമൂഹ്യ പ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്.
ദീപ മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;
പ്രിയപ്പെട്ടവരേ… കഴിഞ്ഞ മാർച്ച് 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു..
കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി st. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്‌ന . കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു..
ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല…
ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം… തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ???