പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷാഭീഷണിയുള്ളതായി സൂചന.  തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടുപേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി ആളൂര്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു അങ്ങോട്ട് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് അടുത്ത അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഈകേസിനു പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് പ്രൊട്ടെക്ഷനിലും ആകും അദ്ദേഹം കോടതിയില്‍ ഹാജരാകുക. ബോംബെ ആസ്ഥാനമായ ഒരു കമ്പനിക്കാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതല.  മുന്‍പ് എറണാകുളത്തു വക്കീലിനെ തട്ടിക്കൊണ്ടു പോയ കേസിലും വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും അവിടെ ചെന്ന് പ്രതിക്ക് വേണ്ടി വക്കാലത്ത് ഇട്ട് ആളെ ഇറക്കിയ ചരിത്രവും ആളൂരിന് ഉണ്ട്.