Crime

ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജാസിര്‍.

boy

സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ ഏതാനും ജാസിറിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.

ഇന്നലെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കാലടി സി.ഐ. ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. “കരുതിക്കൂട്ടി ചെയ്തതല്ല, തെറ്റുപറ്റിപ്പോയി എല്ലാവരോടും മാപ്പ്” മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ കപ്യാരുമായ വട്ടപറമ്പൻ ജോണി(56)യാണു മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മുൻപിൽ കൈകൂപ്പി കുറ്റംഏറ്റുപറഞ്ഞത്.   നാല്‍പ്പതു വര്‍ഷത്തോളമായി ചെയ്യുന്ന കപ്യാര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള മാനസികസംഘര്‍ഷമാണ് അച്ചനെ കുത്താന്‍ പ്രേരിപ്പിച്ചതെന്നും ജോണി പറഞ്ഞു. മാറ്റിനിര്‍ത്തിയതിനു ശേഷം പലവട്ടം ആവശ്യപ്പെട്ടിട്ടും തിരിച്ചെടുക്കാതിരുന്നതിനാല്‍ പേടിപ്പിക്കാനായിരുന്നു കുത്തിയതെന്നും മരിക്കുമെന്നു കരുതിയില്ലെന്നും ജോണി പോലീസിനു മൊഴി നല്‍കിയിരുന്നു. പ്രതിയെ ആലുവ സബ്ജയിലിലേക്കു കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. രാവിലെ കളമശേരി എ.ആര്‍. ക്യാമ്ബില്‍നിന്നു സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയെ മലയാറ്റൂര്‍ കുരിശുമുടിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കുശേഷമാണു കോടതിയില്‍ ഹാജരാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുരിശുമുടി പാതയിലെ ആറാം സ്ഥലത്തുവച്ചായിരുന്നു കുരിശുമുടിയിലെ കപ്യാരായിരുന്ന ജോണി കുത്തിയത്. കുത്തേറ്റ അച്ചനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നായിരുന്നു മരണം. അച്ചനെ കുത്തിയ ശേഷം പ്രതി ഒന്നാം സ്ഥാനത്തെ പാതയില്‍ക്കൂടി വരുന്ന ആരൊടെങ്കിലും മൊബൈല്‍ വാങ്ങി വിളിക്കാമെന്നായിരുന്നു കണക്കൂട്ടല്‍. ആദ്യം കണ്ണില്‍പ്പെട്ടത് ഇതുവഴിയെത്തിയ പ്രായമായ ആളെയായിരുന്നു.അയാളോട് ഫോണ്‍ ചോദിക്കുന്നത് പിന്നാലെയെത്തിയ മകന്‍ കേട്ടു. എന്നേ മനസ്സിലായിട്ടാണോ എന്നറിയില്ല,ഫോണ്‍ നല്‍കരുതെന്ന് ആയാള്‍ പിതാവിനോട് നിര്‍ദ്ദേശിക്കുന്നത് കേട്ടു. ഈയവസരത്തില്‍ ഇയാളുടെ പരിചയക്കാരനെത്തിനെത്തി അച്ചന്‍ മരിച്ചു എന്നറിയിക്കുന്നത് കേട്ടു. ഇത് കേട്ടപ്പോള്‍ സമനില തെറ്റിയപോലെ തോന്നി. കാട്ടിലേക്കോടി. സങ്കടവും കുറ്റബോധവും സഹിക്കാന്‍ കഴിഞ്ഞില്ല. ഉടുത്തിരുന്ന മുണ്ടഴിച്ച്‌ ഒന്നാം സ്ഥാനത്തിനടുത്തെ മരത്തില്‍ക്കെട്ടി തൂങ്ങിച്ചാവാന്‍ നോക്കി.മുണ്ട് കീറി നിലം പതിച്ചു.വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പാടുപെട്ടു.നെഞ്ചടിച്ചായിരുന്നുവീണത്.ഇവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്ന തിന്റെ മറുവശത്തെ വനഭാഗത്തേക്ക് നടന്നു.മാനസിക ക്ലേശത്താലും ദാഹത്താലും വലഞ്ഞു.രാത്രി ഒന്നാം സ്ഥാനത്തിനടുത്തെ പാതയ്ക്ക് സമീപം കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ ദാഹം അസഹ്യമായി. മലമുകളില്‍ പള്ളിയിലെ മുറിയില്‍ എത്തി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.പൊലീസിന്റെയോ നാട്ടുകാരുടെയോ പിടിയില്‍പ്പെട്ടാല്‍ ഇത് സാദ്ധ്യമാവില്ലന്ന് ഉറപ്പുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും ദാഹവും വിശപ്പും മാനസീക ക്ലേശവും മൂലം ഒരടിപോലൂം നടക്കാന്‍ വയ്യാത്ത അവസ്ഥയായി.തുടര്‍ന്നാണ് വെള്ളം കുടിക്കാന്‍ ഒന്നാം സ്ഥാനത്തെത്തിയതും. നാട്ടുകാരുടെ കണ്ണിൽപ്പെട്ടതും, കണ്ടവർ വിളിക്കറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയില്‍ നഗ്‌നമാക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശികളായ നീരജ് സിംഘാനിയ (37), ഭാര്യ രുചി (35)എന്നിവരാണ് മരണപ്പെട്ടത്. പ്രശസ്തമായ ഒരു ടെലികോം കമ്ബനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്നു നീരജ്. രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ കുടംബാംഗങ്ങള്‍ ഇരുവരെയും വിളിക്കാന്‍ എത്തിയപ്പോള്‍ കതക് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഏറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനാല്‍ ബന്ധുക്കള്‍ കതക് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്ബ് തന്നെ മരണം സംഭവിക്കുകയായിരുന്നു. മുറിക്കുള്ളില്‍ എന്തെങ്കിലും അപകടം നടന്നതിന്റെയോ, കൊലപാതക ശ്രമത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.   പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.

കോട്ടയം നഗരത്തെ നടുക്കി ഒരു ആത്മഹത്യ. നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മൂന്നു വാഹനങ്ങള്‍ക്കു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ നോക്കിയ യുവാവ് അവസാനം മിനി ലോറി കയറി മരിച്ചു. പാലാത്ര കണ്‍സ്ട്രക്ഷന്‍സ് കമ്പനിയിലെ ലെയ്‌സണ്‍ ഓഫീസര്‍ ആലപ്പുഴ ചെറുകര തുണ്ടിയില്‍ ടി.എ. പുത്രന്റെ മകന്‍ പി. പി രാജേഷാ(42)ണു മരിച്ചത്.  ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ടി.ബി. റോഡില്‍ ഭീമ ജൂവലറിക്കു സമീപമാണ് അപകടം. ടി.ബി. റോഡിനു നടുവിലൂടെ ഓടിയ രാജേഷ് ആദ്യം രണ്ടു വാഹനങ്ങള്‍ക്കു മുമ്പില്‍ ചാടിയെങ്കിലും രക്ഷപ്പെട്ടു. മൂന്നാംതവണ കെ.എസ്.ആര്‍.ടി.സി. ബസില്‍ തട്ടിവീണപ്പോള്‍ മിനി ലോറി ശരീരത്തിലൂടെ കയറുകയായിരുന്നു.  കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഓടിവന്ന രാജേഷ് ആദ്യം ലോറിക്കു മുന്നിലാണ് ചാടിയത്. പെട്ടെന്നു ബ്രേക്കിട്ടതുകൊണ്ടു ലോറി തട്ടിയില്ല. പക്ഷേ പച്ചക്കറിയുമായി വന്ന ടാറ്റാ എയ്‌സ് ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. എയ്‌സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ടാണ്.

എന്നിട്ടും പിന്മാറാതെ ഓടിയ രാജേഷ് അനുപമ തിയറ്ററിനു മുന്നില്‍ വച്ച് സ്വകാര്യ ബസിനു മുന്നില്‍ ചാടി. ബസ് വേഗം കുറച്ചെത്തിയതിനാല്‍ അപകടമുണ്ടായില്ല. അല്‍പംകൂടി മുന്നോട്ടോടിയ രാജേഷ് കെ.എസ്.ആര്‍.ടി.സി. ബസിനുമുന്നില്‍ ചാടിയാണ് മൂന്നാംശ്രമം നടത്തിയത്.  ബസിന്റെ വശത്തു തട്ടിയ രാജേഷ് തെറിച്ചു വീണത് പിന്നാലെ വന്ന മിനി ലോറിയുടെ അടിയിലേയ്ക്കാണ്. ലോറി തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്നു ലോറിയില്‍നിന്നു ഡ്രൈവര്‍ ഇറങ്ങി ഓടിയതോടെ ടി.ബി. റോഡ് ഗതാഗതക്കുരുക്കിലായി.  15 മിനിറ്റോളം റോഡില്‍ത്തന്നെ കിടന്ന മൃതദേഹം ട്രാഫിക് പൊലീസ് എത്തി കണ്‍ട്രോള്‍ റൂം വാഹനത്തില്‍ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റുകയായിരുന്നു. റോഡില്‍ ചിതറിക്കിടന്ന രക്തവും തലച്ചോറും അഗ്‌നിരക്ഷാ സേനാ അധികൃതര്‍ എത്തിയാണ് മാറ്റിയത്. ഡോ. ബിന്ദുവാണു രാജേഷിന്റെ ഭാര്യ. മകന്‍ പ്രണവ് . മാതാവ് തങ്കമ്മ.

മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കാളിയാർതൊടി കുട്ടനെയാണ് ഗൂഡല്ലുരിൽ നിന്ന് മഞ്ചേരി പൊലിസ് അറസ്റ്റു ചെയ്തത്. മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതി.

മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.ടി.വി കാണാനെന്നു പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ഒരാഴ്ചയായി പൊലിസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി നഗരസഭ പന്ത്രണ്ടാം വാർഡിലെ മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതിയായ കുട്ടൻ.

പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.ബാലപീഡനം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നതിനിടെ പ്രതിക്കു നേരെ നാട്ടുകാരിൽ നിന്ന് കൈയേറ്റശ്രമമുണ്ടായി.

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുന്‍ കപ്യാര്‍ ജോണി കുത്തിയതെന്ന് പൊലീസ്. അതിനുവേണ്ടിയാണ് കുരിശുമല കയറിയതും കത്തി കരുതിയതെന്നും പോലീസ് വ്യക്തമാക്കി. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.

പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ ഇന്നലെയാണ് പിടികൂടിയത്. കുരിശുമുടി പാതയില്‍ കാട്ടില്‍ നിന്നാണു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ പൊലീസ് കളമശേരി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചുമന്നു താഴ്വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ ശ്രീനീവാസപുരത്തെ സ്‌കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോയപ്പോഴാണ് കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത്.

മരിച്ച കുട്ടിയുള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ശുചിമുറിയിലേക്ക് പോയത്. തുറന്നുകിടന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്തുകൂടെ പോയപ്പോള്‍ പത്ത് അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് കീര്‍ത്തിശ്വരന്‍ കാല്‍തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സെപ്റ്റിക് ടാങ്കില്‍ അറ്റകുറ്റപ്പണിക്കായി തുറന്നപ്പോഴാണ് വിദ്യാര്‍ത്ഥി വീണതെന്ന് പൊലീസ് അന്വേഷത്തില്‍ കണ്ടെത്തി. കീര്‍ത്തീശ്വരന്‍ ടാങ്കില്‍ വീണതു കണ്ട മറ്റു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കീര്‍ത്തിശ്വരനെ പുറത്തെടുക്കുകയും ചെയ്തു. സംഭവം പുറംലോകം അറിഞ്ഞതിനെതുടര്‍ന്ന് സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.സ്‌കൂളിനെതിരെ സെക്ഷന്‍ 304,(A) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യതക്ക് ശ്രമിച്ചെന്നു അന്വേഷണ സംഘത്തോട് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണി വട്ടപ്പറമ്പിന്റെ മൊഴി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു.

പള്ളിവികാരിയെ കുത്തിയശേഷം കാട്ടിലേക്ക് ഓടിയ പ്രതി വിശന്ന് വലഞ്ഞ് തിരിച്ച് മലകയറാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. പിടിയിലായ വേളയില്‍ കപ്പ്യാര്‍ നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതി മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് റിവാര്‍ഡ് എന്ന തരത്തിലുള്ള വാര്‍ത്ത പോലീസ് നിഷേധിച്ചിട്ടുണ്ട്.
വ്യാഴായ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ 14ാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഡല്‍ഹിയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. 20 ഓളം പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ആശിഷ് എന്നു പേരായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തില്‍ ഏതാണ്ട് 50 ഓളം കുത്തുകളേറ്റിട്ടുണ്ട്. ഇരുമ്പു വടികളും കത്തിയും ഉപയോഗിച്ചാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ജിമ്മില്‍ പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പശ്ചിമ ഡല്‍ഹിയിലെ കാണ്‍പൂരില്‍ വെച്ച് 10 ഓളം ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആക്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ചിലരുടെ നടപടി ആശിഷ് ചോദ്യം ചെയ്തിരുന്നതായും അവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ആശിഷിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ അക്രമി സംഘത്തെക്കുറിച്ച് പോലീസിന് മറ്റു വിവരങ്ങളോന്നും ലഭിച്ചിട്ടല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്രമികള്‍ മര്‍ദ്ദനത്തില്‍ നിന്നും പിന്മാറിയ ശേഷം പ്രദേശവാസികളാണ് ആശിഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിയിച്ചിട്ടും ഏറെ വൈകിയാണ് പോലീസെത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദൃസാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ആശിഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആശിഷിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Copyright © . All rights reserved